
മ്യാൻമർ അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കുപ്രസിദ്ധ ഓൺലൈൻ തട്ടിപ്പ് മാഫിയയിലെ 11 അംഗങ്ങളെ ചൈന വധശിക്ഷയ്ക്ക് വിധേയമാക്കി. ലൗക്കൈംഗ് നഗരം കേന്ദ്രീകരിച്ച് തട്ടിപ്പ് സാമ്രാജ്യം കെട്ടിപ്പടുത്ത മിംഗ് കുടുംബത്തിലെ അംഗങ്ങളെയാണ് വിവിധ കുറ്റങ്ങൾ ചുമത്തി വധിച്ചത്. 2015 മുതൽ 2023 വരെയുള്ള കാലയളവിൽ ഓൺലൈൻ തട്ടിപ്പുകളിലൂടെയും ചൂതാട്ട കേന്ദ്രങ്ങളിലൂടെയും ഏകദേശം 1.4 ബില്യൺ ഡോളർ (ഏകദേശം 12000 കോടി രുപ) ഇവർ സമ്പാദിച്ചതായി ചൈനീസ് കോടതി കണ്ടെത്തി. കൊലപാതകം, നിയമവിരുദ്ധമായി തടങ്കലിൽ വെക്കൽ, വഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെത്തുടർന്നാണ് ഇവർക്ക് വധശിക്ഷ നൽകിയത്.
മ്യാൻമറിലെ വിമത സായുധ സംഘങ്ങൾ ലൗക്കൈംഗ് നഗരം പിടിച്ചെടുത്തതോടെയാണ് മിംഗ് കുടുംബത്തിന്റെ ആധിപത്യം അവസാനിച്ചത്. തുടർന്ന് ഇവരെ പിടികൂടി ചൈനീസ് അധികൃതർക്ക് കൈമാറുകയായിരുന്നു. ലക്ഷക്കണക്കിന് ആളുകളെ മനുഷ്യക്കടത്തിലൂടെ എത്തിച്ച് ക്രൂരമായ പീഡനങ്ങളിലൂടെയാണ് ഇവർ തട്ടിപ്പ് കേന്ദ്രങ്ങൾ പ്രവർത്തിപ്പിച്ചിരുന്നത്. തട്ടിപ്പ് നടത്താൻ വിസമ്മതിക്കുന്നവരെ ക്രൂരമായി മർദ്ദിക്കുന്നതും തടങ്കലിൽ പാർപ്പിക്കുന്നതും അവിടെ പതിവായിരുന്നു. ഓൺലൈൻ തട്ടിപ്പുകളിൽ ഏർപ്പെടുന്നവർക്ക് ശക്തമായ മുന്നറിയിപ്പ് നൽകുന്നതിനാണ് ചൈന ഈ വധശിക്ഷകൾ നടപ്പിലാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.