31 January 2026, Saturday

Related news

January 31, 2026
January 31, 2026
January 30, 2026
January 30, 2026
January 16, 2026
January 12, 2026
January 11, 2026
January 8, 2026
January 6, 2026
January 5, 2026

മുന്‍ നക്‌സല്‍ നേതാവ് വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു

Janayugom Webdesk
കോതമംഗലം
January 31, 2026 7:33 pm

നക്സലൈറ്റ് നേതാവായിരുന്ന വെള്ളത്തൂവൽ സ്റ്റീഫൻ (82) അന്തരിച്ചു. കോതമംഗലം മണ്ഡലത്തിലെ വടാട്ടുപാറയിൽ ഏക മകൾ ദ്യുതിയുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ശനിയാഴ്ച ഒരു മണിയോടെയാണ് മരണം. സംസ്കാരം നാളെ രാവിലെ 11ന് വടാട്ടുപാറ കുടിലിപ്പുറത്ത് വീട്ടുവളപ്പിൽ നടത്തും. ഭാര്യ: മാലതി. മരുമകൻ: ടിജോ തങ്കച്ചൻ. മകളും മരുമകനും അയർലണ്ടിലാണ് ജോലി.
കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിൽ തറവാട്ടിൽ സക്കറിയയുടെയും അന്നമ്മയുടെയും മകനാണ്. പിന്നീട് ഇടുക്കിയിലെ വെള്ളത്തൂവലിലേക്ക് കുടിയേറി. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പിതാവിന്റെ വഴിയേ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി. പാർട്ടി പിളർന്നപ്പോൾ സിപിഐയിൽ അംഗമായി. തുടർന്ന് നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് മാറി. 19-ാം വയസിൽ തലശേരി പൊലീസ് സ്റ്റേഷൻ ആക്രമണത്തിലൂടെയാണ് അദ്ദേഹം സായുധ വിപ്ലവ പ്രസ്ഥാനത്തിൽ സജീവമായത്. 

തലശേരി പൊലീസ് സ്റ്റേഷൻ ആക്രമണത്തെ തുടർന്ന് ഒളിവിൽപോയി. കേരളത്തിലുടനീളം നക്സലൈറ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 1971ൽ അറസ്റ്റ് ചെയ്യപ്പെടുമ്പോൾ കൊലക്കേസ് ഉൾപ്പെടെ പതിനെട്ട് കേസുകളിൽ പ്രതിചേർക്കപ്പെട്ടിരുന്നു. കെ വേണു, നക്സലൈറ്റ് വർഗീസ് എന്നിവർ സഹപ്രവർത്തകരായിരുന്നു. ജയിലിൽ വച്ചുതന്നെ ചാരുമജുംദാറിന്റെ ഉന്മൂലനമാർഗത്തെ ഉപേക്ഷിച്ചു. സായുധ പോരാട്ടം ഉപേക്ഷിച്ച അദ്ദേഹം പിന്നീട് ഇടുക്കി ജില്ലയിലെ ചേല ചുവട്ടിൽ ഒരു തയ്യൽ കട നടത്തിയാണ് ജീവിതം നയിച്ചത്. കുറച്ചുകാലം സുവിശേഷ പ്രവർത്തനങ്ങളിലും അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചിരുന്നു.
ചരിത്രശാസ്ത്രവും മാർക്സിയൻ ദർശനവും, പ്രചോദനം, ആതതായികൾ, അർദ്ധബിംബം, മേഘപാളിയിലെ കാല്‍പ്പാടുകൾ, കനൽവഴികൾ കടന്ന് ഒരു ദൈവസാക്ഷ്യം എന്നിവയാണ് പ്രധാനപ്പെട്ട പുസ്തകങ്ങൾ. ‘വെള്ളത്തൂവൽ സ്റ്റീഫന്റെ ആത്മകഥ’ എന്ന പേരിൽ തന്റെ ജീവിതാനുഭവങ്ങൾ അദ്ദേഹം പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നക്സൽ പ്രസ്ഥാനത്തിലെ തന്റെ അനുഭവങ്ങളും ജയിൽ ജീവിതവും പിന്നീട് ഉണ്ടായ മാറ്റങ്ങളും ഇതിൽ വിവരിക്കുന്നു. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ മകൾ ദ്യുതിയുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.