31 January 2026, Saturday

Related news

January 31, 2026
January 31, 2026
January 23, 2026
January 12, 2026
January 8, 2026
January 7, 2026
January 7, 2026
January 5, 2026
December 27, 2025
December 27, 2025

എപ്‌സ്റ്റീൻ രേഖയില്‍ മോഡിയും

Janayugom Webdesk
ന്യൂഡൽഹി
January 31, 2026 10:49 pm

കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ പുതിയ രേഖകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരും. പ്രധാനമന്ത്രിയുടെ 2017ലെ ഇസ്രയേൽ സന്ദർശനത്തെക്കുറിച്ചാണ് എപ്‌സ്റ്റീൻ ഫയലുകളിലെ പരാമർശം. അമേരിക്കയിൽ ലൈംഗിക അതിക്രമ കേസുകളിൽ ശിക്ഷിക്കപ്പെട്ട ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളാണ് എപ്‌സ്റ്റീൻ ഫയലുകൾ എന്നറിയപ്പെടുന്നത്. എപ്‌സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട് പ്രകാരം അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട അവസാന ഘട്ട രേഖകളിലാണ് പ്രധാനമന്ത്രിയുടെ പേര് പരാമർശിക്കുന്ന ഇമെയിൽ കണ്ടെത്തിയത്. 30 ലക്ഷത്തിലധികം പേജുകളും 2,000 വീഡിയോകളും ഉൾപ്പെടുന്ന രേഖകളുടെ വൻ ശേഖരമാണ് അമേരിക്ക പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ പ്രധാനമന്ത്രിയുടെ പേര് ഉള്‍പ്പെട്ടിരിക്കുന്നത് വലിയ രാഷ്ട്രീയ വിവാദത്തിന് തുടക്കമായിട്ടുണ്ട്.

അമേരിക്കൻ പ്രസിഡന്റിന് വേണ്ടിയാണ് മോഡി ഇസ്രയേലിൽ പ്രവർത്തിച്ചതെന്നാണ് എപ്സ്റ്റീന്റെ ഇമെയിലുകളിലെ ഉള്ളടക്കമെന്നാണ് റിപ്പോര്‍ട്ട്. ട്രംപ് ഭരണകൂടം പുറത്തുവിട്ട എപ്സ്റ്റീന്‍ രേഖകളിൽ ലോകത്തെ പ്രമുഖ നേതാക്കളുടെ പേരുകൾ പലപ്പോഴായി പരാമർശിക്കപ്പെട്ടിട്ടുണ്ട്.
അതേസമയം ഇമെയിൽ സംബന്ധിച്ച റിപ്പോർട്ടുകൾ ഇന്ത്യ തള്ളി. ഇവ വെറും അസംബന്ധങ്ങളാണെന്നും അതീവ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. 2017 ജൂലൈയിൽ പ്രധാനമന്ത്രി ഔദ്യോഗികമായി ഇസ്രയേൽ സന്ദർശിച്ചു എന്നത് മാത്രമാണ് ഇതിലെ ഏക വാസ്തവം. ഇസ്രയേലുമായി ഇന്ത്യ ചരിത്രപരമായ ബന്ധം സ്ഥാപിച്ച 2017‑ലെ നിർണായക സന്ദർശനത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് വിശദീകരണം നൽകണമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ആവശ്യപ്പെട്ടു. ലൈംഗിക അതിക്രമ കേസുകളിൽ ശിക്ഷിക്കപ്പെട്ട ഒരാളുടെ രേഖകളിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേര് വരുന്നത് രാജ്യത്തിന് അപമാനമാണെന്ന് ഖേര ചൂണ്ടിക്കാട്ടി. എപ്സ്റ്റീന്‍ രേഖകളിലെ “അത് ഫലിച്ചു” എന്ന പരാമർശം എന്തിനെക്കുറിച്ചാണെന്ന് മോഡി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.