
കടുത്ത വായുമലിനീകരണത്തിന് പിന്നാലെ അതിശൈത്യവും പിടിമുറുക്കിയതോടെ രാജ്യതലസ്ഥാനത്ത് ജനജീവിതം സ്തംഭിച്ചു. വരും ദിവസങ്ങളിലും തണുപ്പിന്റെ ആധിക്യം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ശൈത്യക്കാറ്റും കനത്ത മൂടൽമഞ്ഞും കാരണം നഗരത്തിലെ ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും തകരാറിലായ നിലയിലാണ്.
കനത്ത മൂടൽമഞ്ഞ് കാരണം കാഴ്ചപരിധി പൂജ്യത്തിനടുത്തേക്ക് താഴ്ന്നത് വ്യോമ‑റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചു. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള 118 വിമാനങ്ങൾ റദ്ദാക്കി. മോശം കാലാവസ്ഥയെത്തുടർന്ന് 18 വിമാനങ്ങൾ ജയ്പൂർ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. മൂടൽമഞ്ഞ് കാരണം ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ എഴുപതോളം സർവീസുകൾ മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്. ദേശീയ പാതകളിൽ ഉൾപ്പെടെ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയാണ്. അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങൾ വേഗത കുറച്ച് ലൈറ്റുകൾ തെളിച്ചു യാത്ര ചെയ്യാൻ അധികൃതർ നിര്‍ദേശിച്ചു.
ഡൽഹിയിൽ കുറഞ്ഞ താപനില എട്ട് ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. പകൽ സമയത്തെ ഉയർന്ന താപനില 19 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. വടക്കുനിന്നുള്ള തണുത്ത കാറ്റ് വീശുന്നതിനാൽ ‘കോൾഡ് ഡേ’ സാഹചര്യമാണ് നഗരത്തിൽ നിലനിൽക്കുന്നത്. തണുപ്പിൽ നിന്ന് രക്ഷനേടാൻ തെരുവോരങ്ങളിൽ താമസിക്കുന്നവർക്കായി കൂടുതൽ ഷെൽട്ടറുകൾ തുറന്നിട്ടുണ്ട്.
വായുമലിനീകരണ തോത് ‘അതിതീവ്രം’ എന്ന വിഭാഗത്തിൽ തുടരുന്നത് ആരോഗ്യ വിദഗ്ധരെ ആശങ്കയിലാഴ്ത്തുന്നു. ഡൽഹിയിലെ മരണങ്ങളിൽ 15 ശതമാനവും വായുമലിനീകരണവുമായി ബന്ധപ്പെട്ട അസുഖങ്ങൾ മൂലമാണെന്ന പഠനങ്ങൾ ഗൗരവകരമായ സാഹചര്യമാണ് വിരൽചൂണ്ടുന്നത്. ശ്വസനസംബന്ധമായ അസുഖങ്ങളുള്ളവരും പ്രായമായവരും കുട്ടികളും പുറത്തിറങ്ങരുതെന്ന് ഡോക്ടർമാർ നിര്‍ദേശിച്ചു.
മലിനീകരണം രൂക്ഷമായതോടെ ഗ്രാപ് നാലാം ഘട്ട നിയന്ത്രണങ്ങൾ ഡൽഹിയിൽ നടപ്പിലാക്കി വരികയാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്കും ട്രക്കുകളുടെ പ്രവേശനത്തിനും കർശന നിയന്ത്രണമുണ്ട്. നഗരത്തിൽ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പാർക്കിങ് നിരക്കുകൾ ഇരട്ടിയാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.