1 February 2026, Sunday

കാലം കാത്തുവച്ച വേഷങ്ങള്‍

സി രാജ
February 1, 2026 12:27 pm

“എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.…” എന്ന ഡയലോഗ് ചിലരുടെ ജീവിതത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാവും. മൂന്ന് ദശകങ്ങളോളം സിനിമയെ സ്നേഹിച്ചുള്ള യാത്ര, പൊലീസ് ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും സിനിമയില്‍ ഒരു സീനിലെങ്കിലും മുഖം കാണിച്ചാല്‍ മതിയെന്ന ആഗ്രഹം, അതിനായുള്ള ഓട്ടം, ജൂനിയര്‍ ആക്ടര്‍ റോളുകളിലടക്കം നൂറിലേറെ ചിത്രങ്ങള്‍, എട്ടാം വയസില്‍ സിനിമയെ സ്നേഹിച്ചുതുടങ്ങിയ ജിബിന്‍ ഗോപിനാഥിന് സിനിമ ഒരു യാത്രയാണ്. അതോടൊപ്പം സഞ്ചരിക്കുക ജീവിതവും.

തിരുവനന്തപുരം വെഞ്ഞാറമൂടിനടുത്ത് കോലിയക്കോട് എന്ന ഗ്രാമം. ജിബിന്റെ കുട്ടിക്കാലത്ത് നാട്ടില്‍ രണ്ടോ മൂന്നോ വീടുകളില്‍ മാത്രമാണ് ടിവി യുള്ളത്. അച്ഛന് പലചരക്ക് കടയായിരുന്നു. അമ്മ വീട്ടമ്മയും. ഓര്‍മ്മവച്ചനാള്‍ മുതല്‍ തൊട്ടടുത്ത വീട്ടിലെ ടെലിവിഷനില്‍ കണ്ടുതുടങ്ങിയ കഥാപാത്രങ്ങളോടുള്ള ഇഷ്ടമാണ് ജിബിന്‍ ഗോപിനാഥില്‍ സിനിമയെന്ന ആഗ്രഹം വളര്‍ത്തിയത്. കോലിയക്കോട് ഗവ. യുപി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പോത്തന്‍കോട് എല്‍വിഎച്ച്എസില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം. പിരപ്പന്‍കോട് വിഎച്ച്എസ്എസില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം. വെഞ്ഞാറമൂട്ടിലെ ‘രംഗപ്രഭാത്’ എന്ന കുട്ടികളുടെ നാടകശാലയില്‍ നിന്ന് കൊച്ചുനാരായണപിള്ള സാറിന്റെ ശിക്ഷണമാണ് ജിബിന് അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നത്. സ്കൂളിലെ നാടകക്കളരിയില്‍ അംഗമായ ജിബിന്‍ ഒന്നാം ക്ലാസ് മുതല്‍ നാടക തട്ടിലെത്തി. സ്കൂളിലെ ബാലകലോത്സവത്തില്‍ താരമായി. ഹൈസ്കൂള്‍ എത്തിയപ്പോള്‍ യുവജനോത്സവത്തിലും നാടകമായിരുന്നു ഇനം. എന്നാല്‍ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞതോടെ നാടകം അവസാനിച്ചു. ഹയര്‍ സെക്കന്‍ഡറിയില്‍ പഠിക്കുമ്പോള്‍ ദൂരദര്‍ശനിലും സൂര്യാ ടിവിയിലും സംപ്രേഷണം ചെയ്ത റിജു മധുര സംവിധാനം ചെയ്ത ‘കാണാന്‍ കൊതിച്ചു’ എന്ന ടെലിഫിലിമിലാണ് ആദ്യമായി മുഖം കാണിക്കുന്നത്.

സിനിമയുടെ പുറകെ യാത്ര ആരംഭിക്കുന്നത് തിരുവനന്തപുരം മഹാത്മാഗാന്ധി കോളജിലെത്തിയതോടെയാണ്. മോഹന്‍ലാല്‍ പഠിച്ച കോളജ്, അദ്ദേഹത്തിന് ഏറെ ആരാധകരുള്ള കോളജ്. മോഹന്‍ലാലിന്റെ സിനിമകള്‍ ആദ്യദിനം കാണാനും ഓഡിഷനുവേണ്ടിയും ജൂനിയര്‍ ആക്ടര്‍ റോളുകള്‍ക്കുമായി ഏറെ ദിനം ചെലവഴിച്ചത്. കോളജ് പഠനകാലത്താണ്. ഒരു ഇന്‍ഡോ — ഫ്രഞ്ച് പ്രൊഡക്ഷന്‍ സംരംഭമായ ‘റെയ്സ്’ എന്ന ഇംഗ്ലീഷ് ഡോക്യു സീരിയലില്‍ അക്കാലത്ത് അഭിനയിക്കാന്‍ അവസരം ലഭിച്ചു. കനി കുസൃതി, അരുണ്‍ എന്നിവരോടൊപ്പം ചെയ്ത ആ ഡോക്യുഫിഷന്‍ അന്ന് അത്യാവശ്യം ശ്രദ്ധനേടി.

കോളജ് പഠനം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 22-ാം വയസില്‍ സിവില്‍ പൊലീസ് ഓഫീസറായി ജോലി കിട്ടി. പൊലീസുകാരനാവണമെന്ന് ആഗ്രഹിച്ചിട്ടല്ല ആ ജോലി കിട്ടിയത്. പൊലീസ് ജീവിതം സിനിമയ്ക്ക് വിലങ്ങുതടിയായില്ല. “പൊലീസില്‍ കയറി കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ തന്നെ ഓഫീസര്‍മാര്‍ക്കൊക്കെ ‘സിനിമാഭ്രാന്ത്’ മനസിലായി. ഡ്യൂട്ടി അഡ്ജസ്റ്റ് ചെയ്തും ലീവെടുത്തും സിനിമയ്ക്ക് പുറകെയായിരുന്നു. ഒടുവില്‍ സീനിയര്‍ ഓഫീസര്‍മാര്‍ തന്നെ പറഞ്ഞുതുടങ്ങി ഇവന്റെ വഴി സിനിമയാണെന്ന്. നിരവധി ജൂനിയര്‍ ആക്ടര്‍ റോളുകള്‍ക്കിടയില്‍ സിനിമാ സ്ക്രീനില്‍ ആദ്യമായി മുഖം എടുത്തുകാണിച്ച സിനിമ മോഹന്‍ലാലിന്റെ ‘താണ്ഡവ’മായിരുന്നു. 2017ല്‍ സുനില്‍ ഇബ്രാഹിം ചെയ്ത ‘വൈ’ എന്ന സിനിമയിലാണ് ഒരു മുഴുനീള കഥാപാത്രം ലഭിക്കുന്നത്. അതിനുശേഷം ‘ഗ്രേറ്റ് ഫാദര്‍’, ‘മിഖായേല്‍’, ‘പടയോട്ടം’ തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു.”

കോവിഡ് കാലമായിരുന്നു ജിബിന്റെ ജീവിതത്തില്‍ വഴിത്തിരിവായ കാലഘട്ടം. അന്ന് പൊലീസിനുവേണ്ടി ചെയ്ത ‘കുട്ടന്‍പിള്ള സ്പീക്കിങ്’ എന്ന പരിപാടി പെട്ടെന്ന് വൈറലായി. എന്നാല്‍ അതിനെതിരെ സമൂഹമാധ്യമങ്ങളില്‍ നിന്ന് വിമര്‍ശനവുമുയര്‍ന്നു. നെഗറ്റീവായി ചെയ്തതല്ല. പക്ഷേ, വിവാദമായതോടെ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് പരിപാടി നിര്‍ത്തി. അത് മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ജിബിന്‍ പറയുന്നു. ”കുഞ്ഞുങ്ങളെ വരെ പറഞ്ഞുകൊണ്ടുള്ള സൈബര്‍ അറ്റാക്കുകള്‍. നടന്‍ ആസഫലിയുടെ വാക്കുകളാണ് അന്ന് കരുത്തായത്. നമ്മള്‍ ഒന്നും പറയാന്‍ നില്‍ക്കണ്ട. നമ്മള്‍ ആരാണെന്ന് ലോകം മുഴുവന്‍ അറിഞ്ഞില്ലേ, മിണ്ടാതിരുന്ന് ആസ്വദിക്കുക. അത് കേട്ടുകഴിഞ്ഞപ്പോള്‍ ശരിയാണല്ലോ എന്ന് തോന്നി.”

മൂന്ന് ദശകങ്ങളോളം വരുന്ന സിനിമാ യാത്രയില്‍ മലയാള സിനിമയിലെ താരരാജാക്കന്മാരോടൊപ്പവും അവരുടെ മക്കളോടൊപ്പവും അഭിനയിക്കാന്‍ കഴിഞ്ഞു എന്ന ഭാഗ്യവും ജിബിനുണ്ട്. മോഹന്‍ലാലിനൊപ്പം ‘താണ്ഡവ’ത്തില്‍ തുടങ്ങിയ ജിബിന്റെ അഭിനയ ജീവിതത്തെ മാറ്റിമറിച്ചത് പ്രണവ് മോഹന്‍ലാലിന്റെ ‘ഡീയസ് ഈറെ‘യാണ്. ‘ഡീയസ് ഈറെ‘യിലെ മധുസൂദനന്‍ പോറ്റി പ്രേക്ഷകര്‍ ഒന്നാകെ ഏറ്റെടുത്തു. ‘ഭൂതകാലവും’ ‘ഭ്രമയുഗവും’ സംവിധാനം ചെയ്ത രാഹുല്‍ സദാശിവന്റെ സിനിമയില്‍ ഒരു സീനിലെങ്കിലും അഭിനയിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. സിനിമയുടെ അസോസിയേറ്റ് ഡയറക്ടറും ഗിരീഷ് പുത്തഞ്ചേരിയുടെ മകനുമായ ദിന്‍നാഥ് പുത്തഞ്ചേരിയാണ് എന്റെ പേര് രാഹുലിനോട് പറയുന്നത്. എന്റെ ഒരു ഇന്റര്‍വ്യുവിന്റെ റീല്‍ കണ്ട ദിന്‍നാഥ് അത് രാഹുലിന് അയച്ചുകൊടുക്കുകയായിരുന്നു. സംവിധായകനെ കണ്ടപ്പോള്‍ ആകെ എന്നോട് പറഞ്ഞത് താടി വളര്‍ത്തണമെന്നായിരുന്നു. മറ്റൊരു തയ്യാറെടുപ്പും പറഞ്ഞില്ല. സിനിമ തുടങ്ങിക്കഴിഞ്ഞാണ് കഥാപാത്രത്തിന്റെ പ്രാധാന്യം മനസിലാവുന്നത്. രാഹുലിനെ പോലൊരു സംവിധായകന്റെ സിനിമയിലെ ഒരു പ്രധാന കഥാപാത്രം, ഞാനായിട്ട് എന്തെങ്കിലും അബദ്ധമുണ്ടാക്കിയാല്‍ അത് മോശമാവുമല്ലോ എന്ന ആശങ്കയുണ്ടായിരുന്നു. പ്രിവ്യു കണ്ടുകഴിഞ്ഞപ്പോഴാണ് ടെന്‍ഷന്‍ മാറിയത്.”
‘ഡീയസ് ഈറെ‘യുടെ വിജയാഘോഷങ്ങള്‍ക്കിടെയായിരുന്നു മമ്മൂട്ടിയുടെ ‘കളങ്കാവല്‍’ പുറത്തിറങ്ങുന്നത്. അതിലെ പൊലീസ് വേഷവും ശ്രദ്ധിക്കപ്പെട്ടു. ‘ഡീയസ് ഈറെ‘യ്ക്ക് മുമ്പാണ് ‘കളങ്കാവലി‘ല്‍ അഭിനയിച്ചത്. മമ്മൂട്ടിയോടൊപ്പം ‘കണ്ണൂര്‍ സ്ക്വാഡി‘ല്‍ മുഖം കാണിച്ചിരുന്നു. ആ പരിചയത്തില്‍ മമ്മൂട്ടി തന്നെയാണ് നിര്‍ദേശിച്ചത്. അതും ഒരനുഗ്രഹമായി.”
മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖറിനൊപ്പം സിനിമ ചെയ്തില്ലെങ്കിലും ‘ഫോണ്‍ പേ‘യുടെ പരസ്യത്തില്‍ ഒപ്പം അഭിനയിക്കാനും ജിബിന് അവസരം കിട്ടി. ഒടുവില്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ ആദ്യചിത്രമായ ‘തുടക്കത്തി‘ലും ജിബിനുണ്ട്. പ്രണവും ദുല്‍ഖറും വിസ്മയയുമൊക്കെ തന്നെ വിസ്മയിപ്പിച്ചുവെന്ന് ജിബിന്‍ പറയുന്നു. സിനിമയുടെ പ്രതാപത്തില്‍ വളര്‍ന്ന ഇവരൊക്കെ താരപകിട്ടുള്ളവരായാണ് സമൂഹം കണക്കാക്കുന്നത്. പക്ഷെ, സെറ്റില്‍ ഇവരെല്ലാം സാധാരണക്കാരായ മനുഷ്യരാണെന്ന് ജിബിന്‍ പറയുന്നു. സിനിമയില്‍ വലുപ്പചെറുപ്പമില്ലാതെ എല്ലാവരോടും പെരുമാറുന്ന അനുഭവമാണുണ്ടായത്. മോഹന്‍ലാലും മമ്മൂട്ടിയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന മഹേഷ് നാരായണന്റെ ‘പാട്രിയറ്റ്’ ആണ് ജിബിന്‍ ഗോപിനാഥിന്റെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.