1 February 2026, Sunday

സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിന് നേരെ വെടിവയ്പ്

Janayugom Webdesk
മുംബൈ
February 1, 2026 6:52 pm

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വസതിക്കുനേരെ വെടിവെപ്പ്. ഇന്ന് പുലർച്ചെ 12.45-ഓടെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ അക്രമി വസതിക്ക് പുറത്ത് വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വെടിവെപ്പിന്റെ ഉത്തരവാദിത്തം കുപ്രസിദ്ധ ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘം ഏറ്റെടുത്തു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവർ ഭീഷണി സന്ദേശം പങ്കുവെച്ചത്. രോഹിത് ഷെട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് വസതിക്കും പരിസരത്തും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

‘ഇതൊരു ചെറിയ ട്രെയിലർ മാത്രമാണ്. ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടരുതെന്ന് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും രോഹിത് ഷെട്ടി അനുസരിച്ചില്ല. ഇനി അനുസരിച്ചില്ലെങ്കിൽ വെടിയുണ്ടകൾ വീടിന് പുറത്തല്ല, നെഞ്ചിലായിരിക്കും. ബാബ സിദ്ധിഖിയേക്കാൾ മോശമായ അവസ്ഥയായിരിക്കും നിങ്ങൾക്ക്’ എന്നാണ് ബിഷ്ണോയി സംഘത്തിന്റെ കുറിപ്പിൽ പറയുന്നത്.

ആക്രമണത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബൈക്ക് ദൂരെ പാർക്ക് ചെയ്ത ശേഷം നടന്നെത്തിയ അക്രമി വസതിയുടെ ഒന്നാം നിലയിലുള്ള പേഴ്സണൽ ജിമ്മിന് നേരെ വെടിയുതിർക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വെടിയൊച്ച കേട്ട ഉടൻ സെക്യൂരിറ്റി ഗാർഡ് സംവിധായകനെ വിവരമറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പൂനെയിൽ നിന്ന് അഞ്ച് പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പുനെ സ്വദേശികളായ അമൻ ആനന്ദ് മരോട്ടെ (27), ആദിത്യ ജ്ഞാനേശ്വർ ഗായകി (19), സിദ്ധാർത്ഥ് ദീപക് എൻപുരെ (20), സമർത്ഥ് ശിവശരൺ പോമാജി (18), സ്വപ്നിൽ ബന്ദു സകത് (23) എന്നിവരാണ് പിടിയിലായത്. ഇവർ ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ളവരാണെന്നാണ് പ്രാഥമിക നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar