4 February 2026, Wednesday

Related news

February 4, 2026
January 3, 2026
December 26, 2025
November 27, 2025
November 16, 2025
November 16, 2025
November 13, 2025
October 29, 2025
October 27, 2025
October 24, 2025

എഐ തരംഗത്തിൽ ഐടി വിപണി തകർന്നു; ഇന്ത്യൻ കമ്പനികൾക്ക് കനത്ത ആഘാതം

നിക്ഷേപകർക്ക് കോടികളുടെ നഷ്ടം
Janayugom Webdesk
ന്യൂഡൽഹി
February 4, 2026 9:57 pm

ആഗോള എഐ കമ്പനിയായ ആൻത്രോപിക് പുറത്തിറക്കിയ പുതിയ സാങ്കേതിക വിദ്യകൾ ഇന്ത്യൻ ഐടി വിപണിയെ പിടിച്ചുലയ്ക്കുന്നു. നിഫ്റ്റി ഐടി സൂചിക ഏഴ് % ഇടിവ് രേഖപ്പെടുത്തി. ഇത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഏകദിന വീഴ്ചയാണ്. ഇന്ത്യൻ ഐടി ഓഹരികൾ ശരാശരി 6.3 ശതമാനത്തോളം ഇടിഞ്ഞപ്പോൾ, പ്രമുഖ കമ്പനികളായ ഇൻഫോസിസ്, ടിസിഎസ് എന്നിവയുടെ മൂല്യത്തിൽ വൻ ചോർച്ചയുണ്ടായി.
ആൻത്രോപിക് പുറത്തിറക്കിയ ‘ക്ലോഡ് കോവർക്ക്’ എന്ന പ്ലാറ്റ്‌ഫോമാണ് വിപണിയെ പരിഭ്രാന്തിയിലാക്കിയത്. ഐടി, നിയമം, മാർക്കറ്റിങ് മേഖലകളിലെ പ്രൊഫഷണലുകൾ ചെയ്തിരുന്ന ജോലികൾ ഇനി എഐ ഏജന്റുകൾ നിർവഹിക്കുമെന്നതാണ് പുതിയ സാഹചര്യം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എൻട്രി ലെവൽ ജോലികളിൽ 50 ശതമാനവും എഐ കൈക്കലാക്കുമെന്നും ഇത് തൊഴിലില്ലായ്മ 20 % വരെ വര്‍ധിപ്പിക്കുമെന്നും ആൻത്രോപിക് സിഇഒ ഡാരിയോ അമോഡെ മുന്നറിയിപ്പ് നൽകുന്നു.

നൂറുകണക്കിന് കരാറുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പരിശോധിക്കാനും നോണ്‍ ഡിസ്ക്ലോസര്‍ എഗ്രീമെന്റ്(എന്‍ഡിഎ) പോലുള്ള രേഖകള്‍ തയ്യാറാക്കാനും ഇതിന് സാധിക്കും. ഓരോ കമ്പനിക്കും അവരുടെ പ്രത്യേക നിയമ മാനദണ്ഡങ്ങള്‍ അനുസരിച്ച് എഐയെ മാറ്റിയെടുക്കാനും കഴിയും, ആയിരക്കണക്കിന് ഡോളര്‍ ചിലവഴിച്ച് സോഫ്റ്റ്‌വെയറുകള്‍ വഴിയോ അഭിഭാഷകര്‍ വഴിയോ ചെയ്തിരുന്ന കാര്യങ്ങള്‍ ഈ എഐ ടൂള്‍ സൗജന്യമായോ വളരെ കുറഞ്ഞ നിരക്കിലോ ചെയ്തുനല്‍കമെന്നതാണ് സ്ഥിതി. നിലവില്‍ നിയമസേവനങ്ങളും ഡാറ്റാ വിശകലനവും നല്‍കുന്ന പല പ്രമുഖ കമ്പനികളുടെയും സോഫ്റ്റ്‌വെയറുകള്‍ക്ക് ഇനി പ്രസക്തിയില്ലാതാകും. ക്ലോഡ് കോവർക്ക് ആഗോളതലത്തിൽ ഐടി ഓഹരികളിൽ വിൽപന സമ്മർദ്ദം ശക്തമാക്കി. തോംസൺ റോയിട്ടേഴ്സ് (19%), ഗാർട്ട്നർ (20%), ലീഗൽസൂം (20%) എന്നീ കമ്പനികളുടെ ഓഹരികൾ കുത്തനെ താഴ്ന്നു. വോള്‍ട്ടേഴ്‌സ് ക്ലൂവര്‍, റിലക്‌സ് തുടങ്ങിയ കമ്പനികളും വന്‍ ഇടിവ് നേരിട്ടു. നിഫ്റ്റിയില്‍ ഇൻഫോസിസ്, വിപ്രോ, ടിസിഎസ്, എച്ച്സിഎൽ, ടെക് മഹിന്ദ്ര തുടങ്ങിയ ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ 7 മുതൽ 8 % വരെ ഇടിഞ്ഞു.
ക്ലോഡ് കോവർക്കിന്റെ കടന്നുവരവ് ഇന്ത്യന്‍ ഐടി സേവന മേഖലയുടെ ലാഭക്ഷമതയെ സാരമായി ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഏകദേശം 283 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ ഐടി വ്യവസായം പ്രധാനമായും ജൂനിയർ ഡെവലപ്പർമാരെയും ടെസ്റ്റർമാരെയുമാണ് ആശ്രയിക്കുന്നത്. സോഫ്റ്റ്‌വെയർ ടെസ്റ്റിങ്, കോഡിങ് തുടങ്ങിയ സാധാരണ ജോലികൾ എഐ ഏറ്റെടുക്കുന്നതോടെ ഇന്ത്യൻ കമ്പനികളുടെ ബിസിനസ് മാതൃകതന്നെ അപകടത്തിലാകുമോ എന്ന ഭീതിയിലാണ് നിക്ഷേപകർ. 

Kerala State - Students Savings Scheme

TOP NEWS

February 4, 2026
February 4, 2026
February 4, 2026
February 4, 2026
February 4, 2026
February 4, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.