4 February 2026, Wednesday

അതിജീവനത്തിന്റെ ‘തേജോമയ’; ഉയരേ ബ്രാൻഡിലൂടെ സ്വയംപര്യാപ്തതയിലേക്ക് നിർഭയയിലെ പെൺകുട്ടികൾ

അനഘ രാജീവ്
തിരുവനന്തപുരം
February 4, 2026 10:41 pm

ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളെ മറവിയിലാക്കിക്കൊണ്ട്, ആത്മവിശ്വാസത്തിന്റെ പുതുലോകം പടുത്തുയർത്തുകയാണ് ഒരുകൂട്ടം പെൺകുട്ടികൾ. എറണാകുളം എടക്കാട്ടുവയലിലെ ‘തേജോമയ’ ആഫ്റ്റർ കെയർ ഹോമിലെ അതിജീവിതകളാണ് ഈ മാറ്റത്തിന്റെ ശില്പികൾ. ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന എസ്‌കലേറ വനിതോത്സവത്തില്‍ തേജോമയ ആഫ്റ്റർ കെയർ ഹോമിന്റെ സ്റ്റാള്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു. നിർഭയ ഹോമുകളിലെ 16 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരുമാനദായകമായ തൊഴില്‍ കണ്ടെത്തി നൽകുന്നതിനാണ് നിര്‍ഭയ പദ്ധതിയുടെ ഭാഗമായി തേജോമയ ആഫ്റ്റര്‍ കെയര്‍ ഹോം ആരംഭിച്ചത്. തേജോമയ ഹോമിലെയും തൃശുര്‍ മോഡല്‍ ഹോമിലെയും കുട്ടികള്‍ നിര്‍മ്മിച്ച വസ്തുക്കളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. കേക്ക് നിർമ്മാണം, തയ്യൽ പരിശീലനം, ബ്യൂട്ടീഷൻ തുടങ്ങിയ കോഴ്സുകളാണ് തേജോമയ ഹോമില്‍ പരിശീലിപ്പിക്കുന്നത്. തേജോമയ ഹോമിലെ അതിജീവിതകള്‍ നിര്‍മ്മിച്ച ഉല്പന്നങ്ങള്‍ ഉയരേ ബ്രാന്‍ഡിലാണ് വിപണിയിലെത്തുന്നത്.

നിലവില്‍ 16 കുട്ടികളാണ് തേജോമയ ഹോമിലുള്ളത്. കൂടാതെ 70 ലേറെ പേര്‍ തൃശുര്‍ മോഡല്‍ ഹോമിലുമുണ്ട്. ഇവര്‍ നിര്‍മ്മിച്ച വ്യത്യസ്ത തരം സ്ക്വാഷ്, അച്ചാറുകള്‍, കൂടാതെ കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍ എന്നിവയാണ് വിപണനത്തിനായുള്ളത്. നിർഭയ ഹോമുകളിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം പൂർത്തിയാക്കാനും, നൈപുണ്യ വികസനത്തിലൂടെ സ്വയംപര്യാപ്തത നേടാനും ലക്ഷ്യമിട്ടാണ് നിർഭയ ഹോം ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.
ഓരോ വിഭാഗത്തിലും വിദഗ്ധ പരിശീലനം നേടിയ അധ്യാപകരെയാണ് കുട്ടികൾക്കായി നിയമിച്ചിരിക്കുന്നത്. പഠനം തുടരാൻ താല്പര്യമില്ലാത്ത, എന്നാൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ പഠിക്കാൻ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകുകയാണിവര്‍. ഇവര്‍ക്കായി സൗജന്യ താമസം, ജീവിത നൈപുണ്യ വിദ്യാഭ്യാസം, മനശാസ്ത്രപരമായ സമീപനം, തൊഴിലധിഷ്ഠിത നൈപുണ്യവികസനം എന്നിങ്ങനെയുള്ള വിവിധ പരിപാടികളും പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

February 4, 2026
February 4, 2026
February 4, 2026
February 4, 2026
February 4, 2026
February 4, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.