5 February 2026, Thursday

Related news

February 5, 2026
December 31, 2025
October 9, 2024
September 12, 2024
June 27, 2024
June 27, 2024
June 25, 2024
May 31, 2024
May 16, 2024
February 19, 2024

റോഡ് സുരക്ഷാ പാഠ്യപദ്ധതി; എംവിഡിയും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ‘റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാം നടപ്പിലാക്കും

Janayugom Webdesk
February 5, 2026 2:43 pm

റോഡ് സുരക്ഷാ ബോധവൽക്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കുക എന്ന സർക്കാർ നയത്തിന്റെ അടിസ്ഥാനത്തിൽ, വിദ്യാർത്ഥികളിൽ റോഡ് സുരക്ഷാ സംസ്കാരം വളർത്തിയെടുക്കുന്നതിനായി മോട്ടോർ വാഹന വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ‘റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാം നടപ്പിലാക്കും. സംയുക്ത വാർത്താ സമ്മേളനത്തിലാണ് മന്ത്രിമാരായ വി. ശിവൻകുട്ടിയും കെ ബി ഗണേഷ്കുമാറും പദ്ധതിയെ പറ്റി പ്രഖ്യാപനം നടത്തിയത്.

സുരക്ഷിതമായ ഒരു റോഡ് സംസ്കാരം വളർത്തിയെടുത്ത് അപകടങ്ങൾ കുറയ്ക്കുക എന്നതാണ് ഈ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യമെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ പറഞ്ഞു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം മാവേലിക്കരയിൽ വെച്ച് നടക്കും. മാവേലിക്കര താലൂക്കിലെ ജോൺ എഫ് കെന്നഡി മെമ്മോറിയൽ സ്കൂളിൽ പൈലറ്റ് റൺ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. പരിശീലനം പൂർത്തിയാക്കിയ 30 കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഉദ്ഘാടന ദിവസം നടക്കും.

ആദ്യഘട്ടത്തിൽ ഓരോ വിദ്യാഭ്യാസ ജില്ലയിലും തിരഞ്ഞെടുക്കപ്പെട്ട ഓരോ ഹൈസ്കൂൾ/ഹയർ സെക്കൻഡറി സ്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കാണ് മുൻഗണന. വരാനിരിക്കുന്ന അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ സംസ്ഥാനവ്യാപകമായി പദ്ധതിക്ക് തുടക്കം കുറിക്കും.

പരിശീലനവും കേഡറ്റുകളുടെ ചുമതലകളും:

അംഗസംഖ്യ: ഒരു ബാച്ചിൽ 30 വിദ്യാർത്ഥികൾ വീതം തുല്യ അനുപാതത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഉണ്ടാകും.

പരിശീലന ക്രമം: 15 മണിക്കൂർ പഠന ക്ലാസുകൾ, 5 മണിക്കൂർ പ്രവൃത്തിപരിചയം, 10 മണിക്കൂർ ശാരീരിക പരിശീലനം എന്നിവ നൽകുന്നു. നീന്തൽ ഉൾപ്പെടെയുള്ള ജീവൻ രക്ഷാ പരിശീലനവും ഇതിൽ ഉൾപ്പെടും.

സാങ്കേതിക പരിശീലനം: റോഡ് നിയമങ്ങൾ കൂടാതെ അഗ്നിശമന സേനയുമായി ചേർന്ന് ട്രോമാകെയർ, പ്രഥമ ശുശ്രൂഷ, ലഹരി വിരുദ്ധ പ്രവർത്തനം എന്നിവയിലും പരിശീലനം നൽകും. കെ.എസ്.ആർ.ടി.സി വർക്ക്ഷോപ്പുകൾ വഴി സാങ്കേതിക പ്രവൃത്തിപരിചയവും ലഭ്യമാക്കും.

ചുമതലകൾ: സ്കൂൾ വാനുകളിൽ സേഫ്റ്റി കോർഡിനേറ്റർമാരായി പ്രവർത്തിക്കാനും സ്കൂൾ പരിസരത്തെ ഗതാഗതം നിയന്ത്രിക്കാനും കേഡറ്റുകളെ വിനിയോഗിക്കും. അപകടസ്ഥലങ്ങൾ സന്ദർശിച്ച് അപകടകാരണങ്ങൾ വിശകലനം ചെയ്യാൻ എം.വി.ഡി ഉദ്യോഗസ്ഥരെ ഇവർ സഹായിക്കും.

യൂണിഫോമും ആനുകൂല്യങ്ങളും:

യൂണിഫോം: ചുവപ്പിൽ കറുപ്പും മഞ്ഞയും വരകളുള്ള ടീഷർട്ട്, കറുത്ത പാന്റ്സ്, ഷൂസ്, മെറൂൺ ക്യാപ്പ് എന്നിവയാണ് യൂണിഫോം. യൂണിഫോമിനായി കെ.ആർ.എസ്.എ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിക്കും.

സർട്ടിഫിക്കറ്റും ഗ്രേസ് മാർക്കും: പരിശീലനം പൂർത്തിയാക്കുന്നവർക്ക് മോട്ടോർ വാഹന വകുപ്പ് സർട്ടിഫിക്കറ്റുകൾ നൽകും. ഇവർക്ക് ഗ്രേസ് മാർക്ക് നൽകുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.