7 February 2026, Saturday

Related news

February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 5, 2026
February 4, 2026

പൂരം കൊടിയേറി; കസറാന്‍ ഇന്ത്യ ഇന്നിറങ്ങും

Janayugom Webdesk
മുംബൈ
February 7, 2026 8:32 am

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ അങ്കം ഇന്ന് യുഎസിനെതിരെ. വൈകിട്ട് ഏഴിന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. പകരം ഇഷാന്‍ കിഷനാകും അഭിഷേക് ശര്‍മ്മയ്ക്കൊപ്പമിറങ്ങുക. സന്നാഹ മത്സരത്തിലെ വെടിക്കെട്ട് പ്രകടനത്തോടെ ഇഷാൻ കിഷനും അഭിഷേക് ശർമ്മയും ചേർന്ന് ഇന്നിങ്സ് ഓപ്പൺ ചെയ്യും. ന്യൂസിലാൻഡ് പരമ്പരയിലെ മോശം പ്രകടനം സഞ്ജു സാംസണ് പ്ലേയിങ് ഇലവനിലെ സ്ഥാനം നഷ്ടപ്പെടുത്തി. പരിക്കിൽ നിന്ന് മോചിതനായി എത്തിയ തിലക് വർമ്മ മൂന്നാം നമ്പറിൽ ഇറങ്ങും.

സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുന്നത്. ജസ്പ്രീത് ബുംറയും അർഷ്ദീപ് സിങ്ങും പേസ് നിരയെ നയിക്കുമ്പോൾ, സ്പിൻ വിഭാഗത്തിൽ വരുൺ ചക്രവർത്തിയും അക്സർ പട്ടേലും ഇടംപിടിച്ചേക്കും. എട്ട് ബാറ്റർമാർ വേണ്ടെന്ന് തീരുമാനിച്ചാൽ കുൽദീപ് യാദവിനും അവസരം ലഭിക്കും. അതേസമയം പരിക്കേറ്റ് പുറത്തായ ഹര്‍ഷിത് റാണയ്ക്ക് പകരം മുഹമ്മദ് സിറാജിനെ ടീമില്‍ ഉള്‍പ്പെടുത്തി. ചെറിയ ബൗണ്ടറികളുള്ള വാങ്കഡെയിൽ റണ്ണൊഴുക്ക് കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാത്രിയിലെ മഞ്ഞുവീഴ്ച രണ്ടാമത് പന്തെറിയുന്ന ടീമിന് വെല്ലുവിളിയാകുമെന്നതിനാൽ ടോസ് നേടുന്ന ടീം ബോളിങ് തെരഞ്ഞെടുക്കാനാണ് സാധ്യത. സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്‌സ്റ്റാറിലും മത്സരം തത്സമയം കാണാം.

ഇന്ത്യയുടെ ടി20 കിരീട ചരിത്രം

2007ല്‍ നടന്ന പ്രഥമ ടി20 ലോകകപ്പില്‍ എം എസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയാണ് ചാമ്പ്യന്മാരായത്. ജോഹന്നാസ്ബർഗിൽ നടന്ന ആവേശകരമായ ഫൈനലിൽ പാകിസ്ഥാനെ അഞ്ച് റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.  17 വർഷത്തെ കാത്തിരിപ്പിന് അറുതി വരുത്തി 2024ല്‍ ഇന്ത്യ രണ്ടാം കിരീടവുമുയര്‍ത്തി. രോഹിത് ശര്‍മ്മയായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍. ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യ ഈ കിരീടം നേടിയത്. വിരാട് കോലി, രോഹിത് ശർമ്മ എന്നിവരുടെ ടി20 വിരമിക്കൽ പ്രഖ്യാപനം കൂടിയുണ്ടായ വൈകാരികമായ ടൂർണമെന്റായിരുന്നു ഇത്. ഇത്തവണ ലോകകപ്പിലെത്തുമ്പോള്‍ ഇന്ത്യയെപ്പോലെ തന്നെ ഇംഗ്ലണ്ടും (2010, 2022), വെസ്റ്റിൻഡീസും (2012, 2016) രണ്ട് തവണ വീതം കിരീടം നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ കിരീടം നേടുന്നവർക്ക് മൂന്ന് വട്ടം ചാമ്പ്യന്മാരാകുന്ന ആദ്യ ടീം എന്ന റെക്കോഡ് സ്വന്തമാക്കാൻ അവസരമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.