
രാജസ്ഥാനിലെ ബുന്ദി ജില്ലയിൽ തങ്ങളുടെ വിവാഹം തടയണമെന്ന ആവശ്യവുമായി രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികൾ അധികൃതരെ സമീപിച്ചു. ഫെബ്രുവരി 10ന് നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹങ്ങൾ തടയാനാണ് 17ഉം 16ഉം വയസ്സുള്ള പെൺകുട്ടികൾ മുന്നോട്ടുവന്നത്.
പതിനേഴുകാരിയായ പെൺകുട്ടി കഴിഞ്ഞ വെള്ളിയാഴ്ച തലേര ഡെപ്യൂട്ടി സൂപ്രണ്ട് രാജേഷ് ടെയ്ലറുടെ ഓഫീസിലെത്തിയാണ് സഹായം തേടിയത്. തുടർന്ന് കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തിയ അധികൃതർ ബാലവിവാഹത്തിന്റെ നിയമവശങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുകയും വിവാഹം തടഞ്ഞുകൊണ്ട് ഉത്തരവിടുകയും ചെയ്തു. സുരക്ഷ കണക്കിലെടുത്ത് പെൺകുട്ടിയെ സർക്കാർ ഷെൽട്ടർ ഹോമിലേക്ക് മാറ്റി.
മറ്റൊരു സംഭവത്തിൽ, ഓപ്പൺ സ്കൂൾ വഴി പ്ലസ് ടുവിന് പഠിക്കുന്ന 16 വയസ്സുകാരി കഴിഞ്ഞ തിങ്കളാഴ്ചയാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ സമീപിച്ചത്. വിവരം അറിഞ്ഞതോടെ മാതാപിതാക്കൾ വിവാഹം ഫെബ്രുവരി 9ലേക്ക് മാറ്റാനും കുട്ടിയെ ഒളിപ്പിക്കാനും ശ്രമിച്ചു. എന്നാൽ പൊലീസ് കൃത്യസമയത്ത് ഇടപെട്ട് പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഭിൽവാര സ്വദേശിയായ ഇരുപതുകാരനുമായാണ് ഈ പെൺകുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. പെൺകുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ സിഡബ്ല്യുസി പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. കുട്ടികളുടെ പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാൻ അധികൃതരോട് ആവശ്യപ്പെടുമെന്നും അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ കമ്മിറ്റി ഏറ്റെടുക്കുമെന്നും സിഡബ്ല്യുസി അധ്യക്ഷ സീമ പൊദ്ദാർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.