8 February 2026, Sunday

ഇന്ത്യയില്‍ ന്യൂനപക്ഷ വേട്ട പെരുകി: യുഎസ് മതസ്വാതന്ത്ര്യ കമ്മീഷന്‍ റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
February 8, 2026 10:12 am

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ തീവ്ര ഹിന്ദുത്വവാദികള്‍ നടത്തുന്ന ആസൂത്രിത ആക്രമങ്ങളില്‍ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഇന്ത്യന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാക്കണമന്ന് അമേരിക്കന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷന്‍ . ഇത്തരം അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് ഇന്ത്യയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിക്കണമന്ന ആവശ്യത്തെ ശരിവെയ്ക്കുന്നതാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി സമീപകാലത്ത്‌ ഇന്ത്യയിൽ ക്രിസ്‌ത്യാനികൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചത് റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നു. 2025‑ലെ വാർഷിക റിപ്പോർട്ട് പുറത്തുവന്ന് മാസങ്ങൾക്ക് ശേഷമാണ് വീണ്ടും ഇന്ത്യയെകുറിച്ച് പുതിയ റിപ്പോർട്ട് ഇറക്കുന്നത്.

മതസ്വാതന്ത്ര്യ ലംഘനം തുടർച്ചയായും വ്യവസ്ഥാപിതമായും നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിക്കണമെന്ന് ആറാം തവണയാണ് മതസ്വാതന്ത്ര്യ കമീഷൻ അമേരിക്കൻ സർക്കാരിനോട് ശുപാർശ ചെയ്യുന്നത്. രാഷ്ട്രീയ പ്രേരിത വിലയിരുത്തലാണെന്ന് ആരോപിച്ച് ഇന്ത്യൻ വിദേശ മന്ത്രാലയം റിപ്പോർട്ടുകളെ തള്ളിക്കളഞ്ഞിരുന്നു.

തീവ്രഹിന്ദുത്വവാദികൾ സമീപകാലങ്ങളിൽ നടത്തിയ ആക്രമണങ്ങൾ പ്രസ്‌താവനയിൽ എടുത്തുപറയുന്നുണ്ട്‌. ദിവസങ്ങൾക്ക്‌ മുമ്പ്‌ ഒഡിഷയിൽ പാസ്‌റ്ററെ ചാണകം തീറ്റിച്ച്‌ ചെരുപ്പുമാലയണിയിച്ച്‌ നടത്തിച്ചത്‌, മഹാരാഷ്‌ട്രയിൽ ക്രിസ്‌ത്യൻ കുടുംബങ്ങളുടെ വീടുകൾ തകർത്തത്‌, ഇവാഞ്ചലിക്കൽ മിഷൻ പ്രവർത്തകർ സഞ്ചരിച്ച ബസ്‌ തടഞ്ഞ്‌ തീയിട്ടത്‌, വീട്ടിൽ നിസ്‌കരിക്കുകയായിരുന്ന മുസ്ലിം യുവാക്കളെ അതിക്രമിച്ച്‌ കയറി തല്ലിയത്‌, ഛത്തീസ്‌ഗഡിൽ ക്ഷേത്രം അശുദ്ധിയാക്കിയെന്ന്‌ ആരോപിച്ച്‌ അരഡസൽ മുസ്ലിം കുടുംബങ്ങളുടെ വീടുകൾക്ക്‌ തീയിട്ടത്‌ തുടങ്ങിയവ റിപ്പോർട്ടിൽ എടുത്തുപറയുന്നു. ആർഎസ്‌എസ്‌ പിന്തുണയോടെ ബിജെപി സർക്കാരുകൾ അടിച്ചേൽപ്പിക്കുന്ന വിവേചനപരമായ നിയമങ്ങളെക്കുറിച്ചും റിപ്പോർട്ടിലുണ്ട്. മതന്യൂനപക്ഷങ്ങളെ വിചാരണപോലും കൂടാതെ ജയിലടയ്‌ക്കുന്നതിന് ഉദാഹരണമായി ഉമർ ഖാലിദിന്റെ കേസ്‌ ചൂ‍ണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.