9 February 2026, Monday

ആന്റോ ആന്റണി എംപിക്കെതിരെ വിജിലന്‍സ് അന്വേഷണം

Janayugom Webdesk
തിരുവനന്തപുരം
February 9, 2026 9:07 am

ആന്റോആന്റണി എംപിക്കെതിരെ വിജിലന്‍സ് അന്വേഷണം. ആന്റോആന്റണിയും നെടുപറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍എം രാജുവും തമ്മിലുള്ള സാമ്പത്തിക ഇടപാട് വിജിലന്‍സ് അന്വേഷിക്കും. സുപ്രീംകോടതി അഭിഭാഷകനായ അഡ്വ. സുഭാഷ് തെയ്കാടനാണ് അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന വിജിലൻസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് വിജിലൻസ്. രാജുവിന്റെയും ആന്റോയുടെയും മൊഴികളെടുക്കാനും സാമ്പത്തിക ഇടപാടുകൾ വിശദമായി പരിശോധിക്കാനുമാണ് നീക്കം.

എൻ എം രാജുവിന്റെ വെളിപ്പെടുത്തലിൽ ആന്റോ ആന്റണി എംപിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റും ചോദ്യം ചെയ്തേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് വിജിലൻസിന്‍റെയും കുരുക്ക്. സ്ഥാപന ഉടമ എന്‍ എം രാജു രണ്ടുകോടി രൂപ നല്‍കിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആന്റോ ആന്റണിയെ ചോദ്യംചെയ്യാന്‍ ഇ ഡി ഒരുങ്ങുന്നത്. ആന്റോ ആന്റണിയ്ക്ക് ലഭിച്ചത് തട്ടിപ്പുപണമാണ് എന്ന വിലയിരുത്തലിലാണ് ഇ ഡി. കേസില്‍ എന്‍ എം രാജുവിന്റെയും കുടുംബത്തിന്റെയും 44 കോടി 50 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഇ ഡി മരവിപ്പിച്ചിരുന്നു.രണ്ട് മാസത്തിനകം തിരികെ നല്‍കാമെന്ന ഉറപ്പില്‍ ആന്റോ ആന്റണി തന്റെ പക്കല്‍ നിന്നും രണ്ട് കോടി രൂപ വാങ്ങിയെന്നും എന്നാല്‍ ഏഴ് വര്‍ഷം കഴിഞ്ഞിട്ടും 20 ലക്ഷം രൂപ മാത്രമാണ് തിരികെ നല്‍കിയതെന്നുമായിരുന്നു രാജുവിന്റെ ആരോപണം.

പത്ത് ലക്ഷം രൂപവീതം രണ്ട് തവണകളായാണ് ഈ തുക ലഭിച്ചത്. തന്റെ സ്ഥാപനം വലിയ പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ മകള്‍ ഉള്‍പ്പെടെ ആന്റോ ആന്റണി വീട്ടില്‍ചെന്ന് പണം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നല്‍കാന്‍ തയ്യാറായില്ലെന്നും ആയിരം തവണയെങ്കിലും പണത്തിനായി അദ്ദേഹത്തെ സമീപിച്ചിട്ടുണ്ടെന്നും രാജു ആരോപിച്ചിരുന്നു.ഇതിന് മറുപടിയുമായി ആന്റോ ആന്റണി രംഗത്തെത്തിയിരുന്നു.തെരഞ്ഞെടുപ്പ് സമയത്ത് സഹായം എന്ന നിലയില്‍ നെടുമ്പറമ്പില്‍ ഫിനാന്‍സില്‍ നിന്നും പണം സ്വീകരിച്ചിരുന്നുവെന്നും രണ്ട് മാസത്തിന് ശേഷം പണം തിരികെ ആവശ്യപ്പെട്ടതുപ്രകാരം തിരികെ നല്‍കിയെന്നുമാണ് ആന്റോ ആന്റണി പ്രതികരിച്ചത്. അപ്പോഴും എത്ര പണമാണ് സ്ഥാപനത്തില്‍ നിന്നും വാങ്ങിയതെന്നോ തിരികെകൊടുത്തതെന്നോ ആന്റോ ആന്റണി വ്യക്തമാക്കിയിരുന്നില്ല.

നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍ എം രാജു 2019ല്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു. തന്നെ മാത്രമല്ല, സിപിഐഎമ്മിനെയും കേരള കോണ്‍ഗ്രസിനെയും അദ്ദേഹം സഹായിച്ചിട്ടുണ്ട്. ഇന്നിപ്പോള്‍ ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദത്തില്‍ അദ്ദേഹത്തിന് കൂടുതല്‍ ആരോപണങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ നിയമപരമായി പോകട്ടെ, താൻ അവയെ നേരിടുമെന്നും ആന്റോ ആന്റണി പറഞ്ഞിരുന്നു.അതേസമയം, ശബരിമല സ്വര്‍ണക്കൊളള കേസിൽ ആന്റോ ആന്റണിയെയും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം. നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് എസ്ഐടിയുടെ തീരുമാനം. സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പമുളള ചിത്രങ്ങളില്‍ വ്യക്തത തേടാനാണ് എസ്ഐടിയുടെ തീരുമാനം. പോറ്റിയുമായി ആന്റോയ്ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും. തന്ത്രിയുടെ നിക്ഷേപമുള്ള ബാങ്കിൽ പണമിടപാടുണ്ടോ എന്നും അന്വേഷിക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.