
പ്രീമിയർ ലീഗിലെ നിർണായക മത്സരത്തിൽ ലിവർപൂളിനെ അവരുടെ തട്ടകത്തിൽ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പെപ് ഗ്വാർഡിയോളയുടെ സംഘം വിജയം പിടിച്ചെടുത്തത്. ഈ വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ആഴ്സണലുമായുള്ള പോയിന്റ് വ്യത്യാസം സിറ്റി ആറായി കുറച്ചു.
ആദ്യപകുതി ഗോൾരഹിതമായിരുന്നുവെങ്കിലും രണ്ടാം പകുതിയിൽ മത്സരം ആവേശമായി. 74-ാം മിനിറ്റിൽ ഡൊമിനിക് സോബോസ്‌ലായിയുടെ ഒരു ഫ്രീക്കിക്ക് ഗോളിലൂടെ ലിവർപൂൾ ആദ്യം ലീഡെടുത്തു. എന്നാൽ തോൽവി സമ്മതിക്കാൻ സിറ്റി തയ്യാറല്ലായിരുന്നു. 84-ാം മിനിറ്റിൽ ബെർണാഡോ സിൽവയുടെ ഗോളിലൂടെ സിറ്റി സമനില പിടിച്ചു. ഇഞ്ചുറി ടൈമിൽ (90+3′) ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് എര്‍ലിങ് ഹാളണ്ട് സിറ്റിക്ക് വിജയം ഉറപ്പാക്കി.
മത്സരത്തിന്റെ അവസാന മിനിറ്റുകൾ നാടകീയമായ സംഭവങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ഇഞ്ചുറി ടൈമിന്റെ 10-ം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ റയാൻ ചെർക്കി ലിവർപൂളിന്റെ വലയിലേക്ക് പന്ത് എത്തിച്ചെങ്കിലും വാർ പരിശോധനയിൽ ഗോൾ നിഷേധിക്കപ്പെട്ടു. ഹാളണ്ടിനെ ഫൗൾ ചെയ്തതിന് ലിവർപൂൾ താരം സോബോസ്‌ലായിക്ക് ചുവപ്പ് കാർഡ് ലഭിച്ചു. തുടർന്ന് ലിവർപൂൾ 10 പേരുമായാണ് മത്സരം പൂർത്തിയാക്കിയത്. അവസാന നിമിഷം ലിവർപൂളിന്റെ അലക്സിസ് മാക് അലിസ്റ്റർ തൊടുത്ത ഗോൾ എന്ന് ഉറപ്പിച്ച ഷോട്ട് സിറ്റി ഗോൾകീപ്പർ ജിയാൻലൂയിജി ഡോണരുമ്മ അതിസാഹസികമായി തടഞ്ഞു. ലീഗില്‍ 50 പോയിന്റോടെയാണ് സിറ്റി രണ്ടാമതുള്ളത്. 39 പോയിന്റുള്ള ലിവര്‍പൂള്‍ ആറാമതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.