9 February 2026, Monday

പിഎം കെയേഴ്സ് ഉള്‍പ്പെടെ ഫണ്ടുകള്‍ രഹസ്യമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ്; പാര്‍ലമെന്റിലും ചോദിക്കാന്‍ പാടില്ല

Janayugom Webdesk
ന്യൂഡല്‍ഹി
February 9, 2026 10:00 pm

പിഎം കെയേഴ്സ് ഉള്‍പ്പെടെ പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട ഫണ്ടുകളുടെ വിവരം ജനങ്ങള്‍ അറിയാന്‍ പാടില്ലെന്ന് പിഎംഒ. ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുന്നത് വിലക്കി പ്രധാനമന്ത്രിയുടെ ഓഫിസിന്റെ തിട്ടൂരം. പിഎം കെയേഴ്സിന് പുറമേ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട് (പിഎംഎന്‍ആര്‍എഫ്), ദേശീയ പ്രതിരോധ ഫണ്ട് (എന്‍ഡിഎഫ്) എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വിവരങ്ങളും പാര്‍ലമെന്റില്‍ ഉന്നയിക്കാനാവില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുന്നത്. ഇതു സംബന്ധിച്ച് ലോക്‌സഭാ സെക്രട്ടറി ജനറലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2020 മാര്‍ച്ചില്‍ കോവിഡ് മഹാമാരി കൊടുങ്കാറ്റ് ഉയര്‍ത്തിയ സമയത്ത് ആരംഭിച്ച പിഎം കെയേഴ്സ് ഫണ്ട് സംബന്ധിച്ച് യാതൊരുവിധ കണക്കുകളും ഇതുവരെ പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്ത് വിട്ടിട്ടില്ല. ദാതാക്കളുടെ ഐഡന്റിറ്റി, സംഭാവന ചെയ്ത തുക, വിനിയോഗ രേഖകൾ, ഗുണഭോക്തൃ പട്ടികകൾ, യോഗങ്ങളുടെ മിനിറ്റ്സ്, നികുതി ഇളവുകളും വിലയിരുത്തലുകളും സംബന്ധിച്ച രേഖകൾ എന്നിവ സംബന്ധിച്ച വിവരങ്ങളെല്ലാം രഹസ്യമായി സൂക്ഷിക്കുകയാണ്.
ലോക്‌സഭയിലെ നടപടിക്രമങ്ങളുടെയും പെരുമാറ്റത്തിന്റെയും ചട്ടങ്ങളിലെ ചട്ടം 41(2) (viii), 41(2)(xvii) പ്രകാരം മൂന്ന് ഫണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും ചോദ്യങ്ങളും അനുവദനീയമല്ലെന്ന് കഴിഞ്ഞ മാസം 30നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് ലോക്‌സഭാ സെക്രട്ടേറിയറ്റിനെ അറിയിച്ചത്. 

കേന്ദ്ര സര്‍ക്കാരിന്റെ പ്രാഥമിക പരിഗണയില്ലാത്ത കാര്യവുമായി ബന്ധപ്പെട്ടതാണ് (41(2) (viii). കേന്ദ്രത്തിന്റെ പ്രാഥമിക ഉത്തരവാദിത്തമില്ലാത്ത സ്ഥാപനങ്ങളുടെയോ വ്യക്തികളുടെയോ നിയന്ത്രണത്തിലുള്ള കാര്യങ്ങള്‍ ഉന്നയിക്കരുതെന്ന് എന്ന് ചട്ടം 41(2) (xvii) പറയുന്നു. ഈ മൂന്ന് ഫണ്ടുകളുടെയും സ്ഥിരമായ മൂലധന നിക്ഷേപം (കോര്‍പ്പസ് ഫണ്ട്) പൂര്‍ണമായും സ്വമേധയാ ഉള്ള പൊതുജന സംഭാവന ഉപയോഗിച്ചാണ് രൂപീകരിച്ചിരിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാരിന്റെ സഞ്ചിത ഫണ്ടില്‍ നിന്നുള്ള ഏതെങ്കിലും വിഹിതത്തില്‍ നിന്നല്ലെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരിക്കുന്നത്. വിവരാവകാശ നിയമം പിഎം കെയേഴ്സിന് ബാധകമല്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാവില്ലെന്നും പിഎംഒ നേരത്തെ ഉത്തരവിട്ടിരുന്നു. പിഎം കെയേഴ്സ് ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച ദുരൂഹത നീക്കണമെന്ന് പ്രതിപക്ഷം നിരവധി തവണ പാര്‍ലമെന്റിലും പൊതുവേദികളിലും ആവശ്യപ്പെട്ടിരുന്നു. ഇത് മറികടക്കാനാണ് പിഎം കെയേഴ്സ് ഫണ്ട് സംബന്ധിച്ച വിവരം പാര്‍ലമെന്റില്‍ അടക്കം ഉന്നയിക്കുന്നതിന് വിലക്കു് ഏര്‍പ്പെടുത്തി ഉത്തരവിറക്കിയിരിക്കുന്നത്. ജനുവരി 14ന് ഡല്‍ഹി ഹൈക്കോടതി പിഎം കെയേഴ്സ് ഫണ്ടിനെ നിയമ സ്ഥാപനമായോ സര്‍ക്കാരുമായി ബന്ധപ്പെട്ട സ്ഥാപനമായോ കണക്കാക്കിയാലും 2005ലെ വിവരാവകാശ നിയമപ്രകാരമുള്ള സ്വകാര്യതയ്ക്കുള്ള അവകാശം നഷ്ടപ്പെടുന്നില്ലെന്ന് വാക്കാല്‍ നിരീക്ഷിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പൊതുഫണ്ട് സംബന്ധിച്ച വിവരം ജനപ്രതിധികളുമായി പോലും പങ്കുവയ്ക്കുന്നതില്‍ ഏര്‍പ്പെടുത്തിയ നിരോധനം വ്യാപക വിമര്‍ശനത്തിനാണ് വഴിതുറന്നിരിക്കുന്നത്. 

Kerala State - Students Savings Scheme

TOP NEWS

February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 9, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar