
യുഎസ്-കാനഡ അതിർത്തിയിലെ പുതിയ പാലം തുറക്കുന്നത് തടയുമെന്ന് ഭീഷണിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാനഡ നൽകേണ്ടതെല്ലാം പൂർണ്ണമായി നൽകുന്നത് വരെ പാലം തുറക്കാൻ അനുവദിക്കില്ലെന്നാണ് ട്രംപിന്റെ നിലപാട്. മിഷിഗണെയും ഒന്റാറിയോയെയും ബന്ധിപ്പിക്കുന്ന ഗോർഡി ഹൗ ഇന്റർനാഷണൽ ബ്രിഡ്ജ് ഈ വർഷം ആദ്യ പകുതിയോടെ തുറക്കാനിരിക്കെയാണ് ട്രംപിന്റെ പുതിയ നീക്കം. യുണൈറ്റഡ് സ്റ്റേറ്റ്സിനോട് അർഹമായ ബഹുമാനവും നീതിയും കാനഡ കാണിക്കുന്നത് വരെ പാലം തുറക്കില്ലെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. കാനഡ സർക്കാർ പൂർണ്ണമായും ഫണ്ട് ചെയ്യുന്ന ഈ പദ്ധതിയുടെ ഉടമസ്ഥാവകാശത്തിൽ പകുതിയെങ്കിലും അമേരിക്കയ്ക്ക് വേണമെന്നാണ് ട്രംപിന്റെ വാദം.
ട്രംപിന്റെ ഈ ഭീഷണി മിഷിഗണിന്റെ സാമ്പത്തിക മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് ഡെമോക്രാറ്റിക് സെനറ്റർ എലിസ സ്ലോട്ട്കിനും മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റമറും മുന്നറിയിപ്പ് നൽകി. നിർമ്മാണ സാമഗ്രികളുടെ ഉയർന്ന വിലയ്ക്കും തൊഴിലവസരങ്ങൾ കുറയുന്നതിനും ഇത് കാരണമാകുമെന്ന് ഇവർ ചൂണ്ടിക്കാട്ടി. ക്ഷീര ഉൽപ്പന്നങ്ങൾക്ക് കാനഡ ഏർപ്പെടുത്തുന്ന ഉയർന്ന താരിഫും കാനഡ അടുത്തിടെ ചൈനയുമായി ഒപ്പിട്ട വ്യാപാര കരാറും ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. ചൈനയുമായുള്ള കരാർ കാനഡയെ നശിപ്പിക്കുമെന്നും ഐസ് ഹോക്കി കളി പോലും നിർത്തലാക്കുന്ന അവസ്ഥയിലേക്ക് ഇത് നയിക്കുമെന്നും ട്രംപ് പരിഹസിച്ചു. ഏകദേശം 640 കോടി കനേഡിയൻ ഡോളർ ചെലവിലാണ് ഡെട്രോയിറ്റ് നദിക്ക് കുറുകെ ഈ പാലം നിർമ്മിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.