
മെക്സിക്കോയിലെ കനേഡിയൻ ഖനിയിൽ നിന്ന് കഴിഞ്ഞ മാസം തട്ടിക്കൊണ്ടുപോയ 10 തൊഴിലാളികളിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. സിനലോവ സംസ്ഥാനത്തെ എൽ വെർഡെ എന്ന ഗ്രാമപ്രദേശത്തെ ഒരു കെട്ടിടത്തിൽ നിന്നാണ് അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് മെക്സിക്കോ അറ്റോർണി ജനറലിന്റെ ഓഫീസ് അറിയിച്ചു. ബാക്കിയുള്ള അഞ്ച് പേരുടെ അവശിഷ്ടങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
മസാറ്റ്ലാനിന് സമീപമുള്ള പാനുക്കോ സ്വർണ്ണ‑വെള്ളി ഖനിയിലെ തൊഴിലാളികളെയാണ് ജനുവരി 28ന് സായുധ സംഘം തട്ടിക്കൊണ്ടുപോയത്. ഖനിയുടെ ചുമതലയുള്ള കനേഡിയൻ കമ്പനിയായ വിസ്ല സിൽവർ, തങ്ങളുടെ ജീവനക്കാർ കൊല്ലപ്പെട്ട വിവരം കുടുംബാംഗങ്ങൾ അറിയിച്ചതായി നേരത്തെ വ്യക്തമാക്കിയിരുന്നു. സഹപ്രവർത്തകരുടെ വിയോഗത്തിൽ കമ്പനി സിഇഒ മൈക്കൽ കോണർട്ട് അഗാധമായ ദുഃഖം രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സിനലോവ കാർട്ടലിലെ പ്രമുഖ വിഭാഗങ്ങൾ തമ്മിലുള്ള കുടിപ്പകയെത്തുടർന്ന് മേഖലയിൽ അക്രമങ്ങൾ രൂക്ഷമാണ്. ഇസ്മയേൽ എൽ മായോ സാംബഡ, ജോക്വിൻ എൽ ചാപ്പോ ഗുസ്മാൻ എന്നിവരുടെ അനുയായികൾ തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് ഖനി തൊഴിലാളികളെ ഉൾപ്പെടെ ബാധിക്കുന്നത്. 2025ൽ മാത്രം സിനലോവയിൽ 1,680ലധികം കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും അക്രമാസക്തമായ വർഷമായിരുന്നു ഇത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.