10 February 2026, Tuesday

Related news

February 10, 2026
February 8, 2026
February 7, 2026
February 5, 2026
February 4, 2026
February 1, 2026
January 27, 2026
January 14, 2026
January 7, 2026
November 28, 2025

ഇന്ത്യ- യുഎസ് വ്യാപാര കരാറില്‍ കാര്‍ഷികോല്പന്നങ്ങള്‍ക്ക് നികുതിയില്ല; വസ്തുതാപത്രം വൈറ്റ്ഹൗസ് പുറത്തുവിട്ടു

Janayugom Webdesk
ന്യൂഡല്‍ഹി
February 10, 2026 9:20 pm

ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ സംബന്ധിച്ച വസ്തുതാപത്രം വൈറ്റ്ഹൗസ് പുറത്ത് വിട്ടു. കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പാര്‍ലമെന്റിലോ പൊതുസമൂഹത്തോടോ വെളിപ്പെടുത്താന്‍ മോഡി സര്‍ക്കാര്‍ മടിക്കുന്നതിനിടെയാണ് വിവാദ വ്യവസ്ഥകളടങ്ങിയ വസ്തുതാപത്രം വൈറ്റ്ഹൗസ് പ്രസിദ്ധീകരിച്ചത്.
രാജ്യത്തെ കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്ന വ്യവസ്ഥകളടങ്ങിയ വസ്തുത പത്രം കഴിഞ്ഞ ദിവസം രാത്രിയാണ് പുറത്തുവന്നത്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാര്‍ഷികോല്പന്നങ്ങളുടെ പട്ടികയില്‍ പയര്‍ വര്‍ഗങ്ങളും ഉള്‍പ്പെടുന്നുവെന്നത് നിര്‍ണായകമാണ്. ചില പയർവർഗങ്ങൾ ഉൾപ്പെടെ വിവിധ ഭക്ഷ്യ‑കാർഷിക ഉല്പന്നങ്ങള്‍ക്ക് ന്യൂഡൽഹി തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുമെന്ന് വൈറ്റ്ഹൗസിന്റെ പത്രത്തില്‍ പറയുന്നു. 

ഈമാസം ആറിന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ വെളിപ്പെടുത്തിയ കാര്യങ്ങളെ പാടെ നിരാകരിക്കുന്നതാണ് വസ്തുതാപത്രം. പയര്‍ വര്‍ഗങ്ങളുടെ ഇറക്കുമതി സംബന്ധിച്ച് ഗോയല്‍ വെളിപ്പെടുത്തിയിരുന്നില്ല. അമേരിക്കൻ വ്യാവസായികോല്പന്നങ്ങളുടെയും കാർഷിക — ഭക്ഷ്യ കയറ്റുമതിയുടെയും വിശാലമായ ഒരു കൂട്ടത്തിന്മേലുള്ള തീരുവ ഇന്ത്യ നിർത്തലാക്കുകയോ കുറയ്ക്കുകയോ ചെയ്യും. ഉണങ്ങിയ ധാന്യങ്ങൾ, ചുവന്ന സോർഗം, മരക്കായകൾ, പുതിയതും സംസ്കരിച്ചതുമായ പഴങ്ങൾ, തെരഞ്ഞെടുത്ത പയർവർഗങ്ങൾ, സോയാബീൻ എണ്ണ, വൈൻ, സ്പിരിറ്റ് എന്നിവയും മറ്റ് ഉല്പന്നങ്ങളും ഇന്ത്യയിലേക്കുള്ള ഇറക്കുമതി പട്ടികയിൽ ഉൾപ്പെടുന്നു. ഊർജം, വിവര, ആശയവിനിമയ സാങ്കേതികവിദ്യ, കാർഷികോല്പന്നങ്ങൾ, കൽക്കരി, മറ്റ് വിഭാഗങ്ങൾ എന്നിവയിലായി 50,000 കോടി ഡോളറിലധികം മൂല്യമുള്ള വാങ്ങലുകൾ ഇന്ത്യ നടത്തുമെന്നും വസ്തുതാപത്രത്തില്‍ പറയുന്നു. 

കഴിഞ്ഞ ദിവസം കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍, തൊലികളഞ്ഞ ധാന്യങ്ങൾ, മാവ്, ഗോതമ്പ്, ചോളം, അരി, തിന, ഉരുളക്കിഴങ്ങ്, ഉള്ളി, കടല, ബീൻസ്, വെള്ളരി, കൂൺ, പയർവർഗങ്ങൾ, ശീതീകരിച്ച പച്ചക്കറികൾ, ഓറഞ്ച്, മുന്തിരി, നാരങ്ങ, സ്ട്രോബറി, ടിന്നിലടച്ച പച്ചക്കറികൾ എന്നിവ ‌ഇറക്കുമതി ചെയ്യില്ല എന്ന് പ്രസ്താവിച്ചതിന് നേരെ വീപരിതമാണ് വൈറ്റ്ഹൗസ് വ്യക്തമാക്കുന്നത്. ഇന്ത്യ‑യുഎസ് വ്യാപാര കരാര്‍ വഴി രാജ്യത്തെ വഞ്ചിക്കുന്ന തരത്തിലുള്ള കാര്‍ഷികോല്പന്നങ്ങളുടെ ഇറക്കുമതിക്കെതിരെ രാജ്യത്തെ കര്‍ഷക സംഘടനകളും പ്രതിപക്ഷവും ശക്തമായി പ്രതിഷേധിക്കുന്നതിനിടെയാണ് കരാര്‍ വ്യവസ്ഥകളടങ്ങിയ വസ്തുതാപ ത്രം വൈറ്റ്ഹൗസ് പുറത്തുവിട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.