10 February 2026, Tuesday

കര്‍ഷക വിരുദ്ധതയുടെ ഭീകരമുഖം

സത്യന്‍ മൊകേരി
വിശകലനം
February 11, 2026 4:30 am

തു നാടിന്റെയും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നവരാണ് കര്‍ഷകര്‍. 147 കോടിയിലധികം ജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഇവിടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കടമയാണ്. ഇറക്കുമതിയിലൂടെ ഇത്രയും പേരുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ കഴിയില്ല. ജനങ്ങള്‍ക്കായി ഭക്ഷ്യവസ്തുക്കള്‍ ഉല്പാദിപ്പിക്കേണ്ടതും വിതരണം ചെയ്യേണ്ടതും രാജ്യത്തിന്റെ കടമയാണ്. ഇന്ത്യയെപ്പോലെ വര്‍ധിച്ച ജനസംഖ്യയുള്ള രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തേണ്ടത് ഏറ്റവും പ്രധാനമാണ്. ഭക്ഷ്യ സ്വയംപര്യാപ്തത കെെവരിച്ചുകൊണ്ട് മാത്രമേ രാജ്യങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയുകയുള്ളു എന്ന് ഇതിനകം നാം മനസിലാക്കിയതാണ്. 1943 — 44 കാലത്ത് ബംഗാളിലുണ്ടായ ഭക്ഷ്യക്ഷാമത്തിന്റെ ഭാഗമായി 23 ലക്ഷത്തിലധികം ജനങ്ങള്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ലോകത്തിലെ പല മേഖലകളിലും ഭക്ഷ്യക്ഷാമത്തില്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ ഇപ്പോഴും നഷ്ടപ്പെടുന്നുണ്ട്. ദരിദ്രരായ ജനവിഭാഗങ്ങളാണ് ഭക്ഷ്യക്ഷാമത്തിന്റെ ഇരകളായി കൂട്ടത്തോടെ മരണപ്പെട്ടത്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തല്‍ പരമപ്രധാനമായ ദൗത്യമായാണ് സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ ഏറ്റെടുത്തത്.

ഒന്നാം പഞ്ചവത്സര പദ്ധതി മുതല്‍ ഭക്ഷ്യോല്പാദനത്തിന് പരമപ്രാധാന്യം നല്‍കി. ഹരിതവിപ്ലവവും ധവള വിപ്ലവവും അതിന്റെ ഭാഗമായിരുന്നു. കര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കി നടപ്പിലാക്കിയ പദ്ധതികളിലൂടെ ഭക്ഷ്യോല്പാദനം വര്‍ധിച്ചു. കര്‍ഷകര്‍ക്ക് ആവശ്യമായ വിത്തും, വളവും, ജലസേചന സൗകര്യങ്ങളും ലഭ്യമാക്കി. കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളിലൂടെ കര്‍ഷകരില്‍ ശാസ്ത്രബോധം നല്‍കി. ആധുനികമായ കൃഷിരീതി വികസിച്ചു. പഞ്ചവത്സര പദ്ധതികളിലൂടെ കാര്‍ഷിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ കെെവരിച്ചു. ജനതയുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ കഴിഞ്ഞു. ഭക്ഷ്യ ഉല്പന്നങ്ങള്‍ കയറ്റി അയയ്ക്കാന്‍ കഴിയുന്ന തലത്തിലേക്ക് രാജ്യം മാറി. അതില്‍ നിന്നും പിറകോട്ട് പോകാനുള്ള ശ്രമമാണ് നവ ഉദാരവല്‍ക്കരണം നടപ്പിലാക്കിയ 1990 മുതല്‍ രാജ്യം കണ്ടത്. കര്‍ഷകരെ കൃഷിഭൂമിയില്‍ നിന്നും അകറ്റി, കാര്‍ഷികമേഖല കയ്യടക്കാനുള്ള ശ്രമമാണ് ആഗോള കോര്‍പറേറ്റ് കമ്പനികള്‍ ആരംഭിച്ചത്. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കര്‍ഷകരെ തങ്ങളുടെ ഭൂമിയില്‍ നിന്നും ആട്ടിയോടിക്കാന്‍ ശ്രമം ശക്തിപ്പെടുത്തി.

അതിന് സഹായകരമായി കര്‍ഷകവിരുദ്ധമായ മൂന്ന് നിയമങ്ങള്‍ പാസാക്കാന്‍ കേന്ദ്രം തയ്യാറായി. അതിനെതിരെ രാജ്യത്ത് അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നപ്പോള്‍, കരിനിയമങ്ങള്‍ പിന്‍വലിച്ച് പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറഞ്ഞു. ഇതെല്ലാം ജനങ്ങളെ വഞ്ചിക്കാന്‍ മാത്രമായിരുന്നുവെന്ന് വ്യക്തം. സന്ദര്‍ഭം ലഭിക്കുമ്പോള്‍ തങ്ങളുടെ അജണ്ട നടപ്പിലാക്കുക എന്നതാണ് കേന്ദ്രം സ്വീകരിക്കുന്ന നിലപാട്. കേരളത്തില്‍ ഭക്ഷ്യോല്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള വലിയ ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തിവരുന്നു. അതിന്റെ ഭാഗമായി നെല്ലിന്റെ ഉല്പാദനവും ഉല്പാദനക്ഷമതയും വര്‍ധിപ്പിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. കൃഷിക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്നതിലൂടെ കാര്‍ഷിക മേഖല സജീവമാകുകയും നെല്ലുല്പാദിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുകയും ചെയ്തുവരുന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകമായ നിരവധി സഹായങ്ങള്‍ നെല്‍ക്കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്. നെല്ല് സംഭരിക്കുന്നതിന് കേന്ദ്രം പ്രഖ്യാപിച്ച എംഎസ്‌പിയെക്കാള്‍ കൂടുതല്‍ അധിക ബോണസ് നല്‍കുന്ന പ്രത്യേക പദ്ധതി കേരളത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. നിലവിൽ 6.31 രൂപയാണ് ബോണസായി സംസ്ഥാനം അധികമായി നല്‍കുന്നത്. ‌

കേന്ദ്ര എക്സ്പന്റിച്ചര്‍ സെക്രട്ടറി ജനുവരി ഒമ്പതിന് സംസ്ഥാന സര്‍ക്കാരിനയച്ച കത്ത് കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണ്. നിലവില്‍ ലഭിക്കുന്ന ആനുകൂല്യം അവസാനിപ്പിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്രം നിശ്ചയിച്ച എംഎസ്‌പി ഒരു കിലോ നെല്ലിന് 23രൂപ 69 പെെസയാണ്. സംസ്ഥാന സര്‍ക്കാര്‍ ഒരു കിലോ നെല്ലിന് 30 രൂപ വച്ചാണ് സംഭരിക്കുന്നത്. അതായത് ഒരു കിലോ നെല്ലിന് 6.31 രൂപ കൂടുതലായി കേരള സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്. കേന്ദ്രം നിശ്ചയിച്ച തുകയില്‍ കൂടുതല്‍ നല്‍കരുതെന്നാണ് ഇപ്പോള്‍ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ഷകര്‍ക്ക് ആദായകരമായി വില നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരന്തരമായി നടത്തുന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഒന്നാം യുപിഎ സര്‍ക്കാര്‍ എം എസ് സ്വാമിനാഥന്റെ നേതൃത്വത്തില്‍ ദേശീയ കര്‍ഷക കമ്മിഷനെ നിയോഗിച്ചത്. കര്‍ഷക കമ്മിഷനില്‍ കര്‍ഷകരുടെ പ്രതിനിധിയായി എഐകെഎസ് ജനറല്‍ സെക്രട്ടറിയായിരുന്ന അതുല്‍ കുമാര്‍ അഞ്ജാന്‍ അംഗമായിരുന്നു. കമ്മിഷന്‍ രാജ്യത്തുടനീളം സഞ്ചരിച്ച് പഠനം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തത് വിളകള്‍ക്ക് സി2+50% അനുസരിച്ച് വില നിശ്ചയിക്കണമെന്നാണ്.

സി1 കൃഷിയിടത്തിന്റെ വില, സി2 കൃഷി ചെയ്യാന്‍ അധ്വാനം ഉള്‍പ്പെടെയുള്ള ചെലവ്. ചെലവിന്റെ 50% അധികരിച്ച് വില നിശ്ചയിക്കണമെന്നതാണ് കമ്മിഷന്‍ ശുപാര്‍ശ ചെയ്തത്. കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് തെരഞ്ഞെടുപ്പ് സന്ദര്‍ഭത്തില്‍ ബിജെപിയും വാഗ്ദാനം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ശുപാര്‍ശ നടപ്പിലാക്കുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് കര്‍ഷകരോട് പറഞ്ഞു. അതെല്ലാം കര്‍ഷകരെ വഞ്ചിക്കലായിരുന്നു എന്ന് അനുദിനം ഇന്ത്യയിലെ കര്‍ഷകര്‍ക്ക് മനസിലാകുന്നു. രാജ്യത്തെ ജനങ്ങളില്‍ 61ശതമാനത്തിലധികം കാര്‍ഷിക മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. 85 കോടിയിലധികം കൃഷിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നു. അത് സര്‍ക്കാര്‍ മറക്കരുത്. കര്‍ഷകരെ ദ്രോഹിക്കുന്ന നടപടി ഇരിക്കുന്ന കൊമ്പ് മുറിക്കലാണെന്ന് കേന്ദ്ര ഭരണാധികാരികള്‍ മനസിലാക്കണം. കേന്ദ്രസര്‍ക്കാര്‍ അയച്ച കത്തില്‍ വ്യക്തമാക്കിയത്, അടുത്തകാലത്ത് ഗോതമ്പും നെല്ലും അമിതമായി ഉല്പാദിപ്പിച്ചതിന്റെ ഭാഗമായി പൊതുവിതരണത്തിനാകെ ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ ഉണ്ടെന്നാണ്.

ഉല്പാദനം വര്‍ധിച്ചാല്‍ സര്‍ക്കാരിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ എംഎസ്‌പിക്കു പുറമെ നെല്ലിനും ഗോതമ്പിനും അധിക ബോണസ് നല്‍കുന്നത് ഭക്ഷ്യധാന്യങ്ങളുടെ കൃഷിയും ഉല്പാദനവും കൂടുതല്‍ വര്‍ധിക്കാന്‍ ഇടയാക്കുമെന്ന ഭയവും വ്യക്തമാക്കിയിട്ടുണ്ട്. സൂക്ഷിക്കാന്‍ ഇടമില്ലാത്ത സാഹചര്യവും പുതിയ സൂക്ഷിപ്പ് കേന്ദ്രങ്ങള്‍ക്കായി ഭാരിച്ച സാമ്പത്തിക ബാധ്യതയും ഉണ്ടാകുമെന്നാണ് കേന്ദ്രത്തിന്റെ സമീപനം. ഗോതമ്പും നെല്ലും കൂടുതല്‍ വെള്ളവും വളവും ആവശ്യമായ കൃഷിയാണ്. അതിരുകടന്ന കൃഷി, ഭൂഗര്‍ഭജലത്തിന്റെ കുറവിന് കാരണമാകും, മണ്ണിന് നാശം ഉണ്ടാക്കും, ജെെവ വെെവിധ്യം നഷ്ടപ്പെടുത്തും. വിളവെടുപ്പിന് ശേഷമുള്ള വെെക്കോല്‍ കത്തിക്കല്‍ പരിസ്ഥിതി ദുര്‍ബലപ്പെടുത്തും, പൊതുജനാരോഗ്യത്തിന് തടസം സൃഷ്ടിക്കും എന്നെല്ലാം കാരണമായി വിശദീകരിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ സമീപനം കര്‍ഷകരെ ദ്രോഹിക്കലാണ്. രാജ്യത്തെ കാര്‍ഷിക മേഖല ആഗോള കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് തുറന്ന് നല്‍കുന്നതിന് സഹായകരമായ നിലപാടാണ്. അമേരിക്കന്‍ ഭരണകൂടം, പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തില്‍ വ്യാപാരയുദ്ധം നടത്തി, ലോകത്തിന്റെ മേല്‍ക്കോയ്മ നേടാനുള്ള ശ്രമമാണ് നടത്തുന്നത്. ആയുധങ്ങളെക്കാള്‍ കരുത്ത് ഭക്ഷ്യ വ്യാപാര രംഗമാണ് എന്ന് തിരിച്ചറിഞ്ഞവരാണ് അമേരിക്കയും ആഗോള കോര്‍പറേറ്റ് ഭീമന്മാരും. രാജ്യത്തിന്റെ കാര്‍ഷിക മേഖല അവര്‍ക്ക് തുറന്നുകൊടുക്കാന്‍ രഹസ്യകരാറുമായി നീങ്ങുന്ന മോഡി സര്‍ക്കാരിന്റെ കര്‍ഷക‑തൊഴിലാളി-ജനവിരുദ്ധതയുടെ ഏറ്റവും പുതിയ മുഖമാണ് കര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കരുത് എന്ന തിട്ടൂരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.