12 February 2026, Thursday

ജനസംഖ്യ 1 കോടിയിൽ പരിമിതപ്പെടുത്തണമെന്ന ആവശ്യം; സ്വിറ്റ്‌സർലൻഡിൽ ജൂൺ 10ന് ഹിതപരിശോധന

Janayugom Webdesk
ബേൺ
February 12, 2026 5:09 pm

രാജ്യത്തെ ജനസംഖ്യ 10 ദശലക്ഷമായി (ഒരു കോടി) പരിമിതപ്പെടുത്തണമെന്ന തീവ്രവലതുപക്ഷ പാർട്ടിയായ സ്വിസ് പീപ്പിൾസ് പാർട്ടിയുടെ നിർദ്ദേശത്തിന്മേൽ ജൂൺ 10ന് സ്വിറ്റ്സർലൻഡിൽ ഹിതപരിശോധന നടത്തും. സാമ്പത്തിക മേഖലയെ തകർക്കുമെന്നും യൂറോപ്യൻ യൂണിയനുമായുള്ള സുപ്രധാന കരാറുകൾ ഇല്ലാതാക്കുമെന്നും ചൂണ്ടിക്കാട്ടി സർക്കാർ ഈ നീക്കത്തെ ശക്തമായി എതിർക്കുന്നുണ്ടെങ്കിലും ജനവികാരം അറിയാനാണ് വോട്ടെടുപ്പ്. 

നിലവിൽ 9.1 ദശലക്ഷമാണ് സ്വിറ്റ്സർലൻഡിലെ ജനസംഖ്യ. ഇത് 9.5 ദശലക്ഷം കടന്നാൽ അഭയാർത്ഥികൾക്കും വിദേശ താമസക്കാരുടെ കുടുംബാംഗങ്ങൾക്കും പ്രവേശനം നിഷേധിക്കണമെന്നാണ് ‘നോ ടു എ 10 മില്യൺ സ്വിറ്റ്‌സർലൻഡ്’ എന്ന പദ്ധതി മുന്നോട്ടുവെക്കുന്നത്. ജനസംഖ്യ ഒരു കോടിയിലെത്തുകയും കുറയാതിരിക്കുകയും ചെയ്താൽ യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര സഞ്ചാര കരാറിൽ നിന്ന് രാജ്യം പിന്മാറണമെന്നും എസ് വി പി ആവശ്യപ്പെടുന്നു. കുടിയേറ്റം വർധിക്കുന്നത് വാടക കൂടുന്നതിനും പൊതുസൗകര്യങ്ങൾ തകരുന്നതിനും കാരണമാകുന്നുവെന്നാണ് പാർട്ടിയുടെ വാദം.

എന്നാൽ നെസ്‌ലെ, യുബിഎസ് തുടങ്ങിയ വൻകിട കമ്പനികള്‍ ഈ നീക്കത്തെ ‘അരാജകത്വ പദ്ധതി’ എന്നാണ് വിശേഷിപ്പിക്കുന്നത്. യൂറോപ്പിൽ നിന്നുള്ള തൊഴിലാളികളെ ലഭിക്കാതായാൽ കമ്പനികൾക്ക് രാജ്യം വിടേണ്ടി വരുമെന്നും ഇത് സ്വിറ്റ്സർലൻഡിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. ഡിസംബറിൽ നടന്ന സർവേയിൽ 48 ശതമാനം വോട്ടർമാരുടെ പിന്തുണ ഈ നിർദ്ദേശത്തിന് ലഭിച്ചിരുന്നു എന്നത് സ്വിസ് ജനതയ്ക്കിടയിലെ കടുത്ത ഭിന്നതയാണ് വ്യക്തമാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar