13 February 2026, Friday

അധികാരം രാഷ്ട്രീയം സംസാരിക്കുമ്പോൾ

സതീഷ് ഝാ
February 14, 2026 4:42 am

പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞയാഴ്ച രാജ്യസഭയിൽ നടത്തിയ പ്രസംഗം ഒരു രാഷ്ട്രതന്ത്രജ്ഞന്റെ ഭരണനേട്ടത്തിന്റെ സംഗ്രഹമായിരുന്നില്ല, അധികാരത്തിന്റെ ഔന്നത്യങ്ങളിൽ ഇരുന്നുകൊണ്ട് നടത്തിയ ഒരു പ്രചാരണ പ്രസംഗമായിരുന്നു. ഒരിക്കൽ താന്‍ നിശിതമായി വിമർശിച്ചിരുന്ന രാഷ്ട്രീയ ശൈലി തന്നെ കൂടുതല്‍ ശക്തമായി ഉപയോഗിക്കുകയായിരുന്നു അദ്ദേഹം. ആധിപത്യത്തെ നിയമസാധുതയായും, സ്വന്തം കാഴ്ചപ്പാടിനെ ചര്‍ച്ചാവിഷയമായും, വാചാടോപത്തെ കാര്യനിർവഹണമായും കൂട്ടിക്കുഴയ്ക്കുന്ന സർക്കാരുകളെ തള്ളിക്കളയണമെന്നായിരുന്നു മോഡിയുടെ മുന്‍കാല പ്രസംഗങ്ങള്‍. അനുനയത്തിന് പകരം ധ്രുവീകരണത്തിലൂടെയും, യുക്തിക്ക് പകരം ശക്തിയിലൂടെയും, ധാർമ്മികാധികാരത്തിന് പകരം വൈകാരികതയിലൂടെയും ഭരണം കയ്യാളിയിരുന്ന നേതാക്കളെയാണ് അദ്ദേഹം വെല്ലുവിളിച്ചിരുന്നത്. എന്നാല്‍ ഏറ്റവും പുതിയ പാർലമെന്ററി പ്രസംഗത്തിൽ, അതേ രീതികളെത്തന്നെയാണ് അദ്ദേഹം കൃത്യമായി പിന്തുടര്‍ന്നത്.
ദീർഘമായ വിമർശനവും ഹ്രസ്വമായ ആത്മപരിശോധനയും നിറഞ്ഞ ആ പ്രസംഗം, പ്രചാരണത്തിനും ഭരണത്തിനും ഇടയിലുള്ള അതിർവരമ്പ് നേര്‍പ്പിക്കുകയല്ല ചെയ്തത്, അത് പൂര്‍ണമായും മായ്ച്ചു കളഞ്ഞു. രാജ്യത്തിന്റെ ഏറ്റവും പവിത്രമായ ചർച്ചാ ഇടമായ പാർലമെന്റ് രാഷ്ട്രീയ പ്രസംഗത്തിന്റെ വേദിയായി. ഈ മാറ്റം വളരെ ആഴത്തിലുള്ള ചോദ്യം ഉയർത്തുന്നു: ഒരു നേതാവ് പരമാധികാരിയായതിനു ശേഷം ഒരു കലാപകാരിയെപ്പോലെ പെരുമാറുമ്പോൾ എന്ത് സംഭവിക്കും?
പാർലമെന്ററി ജനാധിപത്യത്തില്‍, എക്സിക്യൂട്ടീവിന്റെ കടമ ചർച്ചകളെ മറികടക്കുകയല്ല, മറിച്ച് അതിനെ ശക്തിപ്പെടുത്തുകയെന്നതാണ്. ഒരു പ്രധാനമന്ത്രി കേവലം രാഷ്ട്രീയ പ്രതിനിധിയല്ല; റിപ്പബ്ലിക്കിന്റെ ധാർമ്മികതാ സൂക്ഷിപ്പുകാരനാണ്. അദ്ദേഹത്തിന്റെ വാക്കുകൾ സ്ഥാപനപരമായ ശബ്ദമാണ്. അദ്ദേഹത്തിന്റെ സംയമനം ഭരണഘടനാപരമായ പക്വതയെ സൂചിപ്പിക്കുകയും വിയോജിപ്പുകളോടുള്ള ആദരവ് ജനാധിപത്യ മാനദണ്ഡങ്ങളെ നിർവചിക്കുകയും ചെയ്യുന്നു. മോഡിയുടെ പ്രസംഗം ഇതിന്റെ നേരെ വിപരീത നിലപാടുള്ളതായിരുന്നു. 

തൊഴിലില്ലായ്മ, വർധിച്ചുവരുന്ന അസമത്വം, ഫെഡറൽ സമ്മർദം, സാമ്പത്തികത്തകര്‍ച്ച എന്നിവയെക്കുറിച്ച് പറയുന്നതിന് പകരം, അദ്ദേഹം പരാതി പറച്ചിലിലേക്കും പരിഹാസത്തിലേക്കും ഒതുങ്ങി. അതിന്റെ ഘടന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റേതായിരുന്നു: ശത്രുക്കളെ സ്വയം നിശ്ചയിക്കുക, അവരെ ജയിക്കാന്‍ പരിശീലിക്കുക, വിമർശനത്തെ വഞ്ചനയായി അവതരിപ്പിക്കുക… അങ്ങനെ. ഈ ശൈലി വികാരങ്ങളെ ഉണര്‍ത്തും, സ്വത്വബോധത്തെ ഏകീകരിക്കും തെരഞ്ഞെടുപ്പുകളിൽ വിജയിക്കും. പാർലമെന്റിലേക്ക് ഇറക്കുമതി ചെയ്യുമ്പോൾ, അത് ചർച്ചയെ ഏറ്റുമുട്ടലായും ഉത്തരവാദിത്തത്തെ കരഘോഷമായും മാറ്റുന്നു. ഭരണം പ്രകടനമായി മാറുന്നു.
പക്വമായ ജനാധിപത്യത്തിൽ, അധികാരമേറ്റെടുക്കുന്ന നേതാക്കളുടെ വാചാടോപം പോലും ധാർമ്മികമായ മാറ്റത്തിന് വിധേയമാകുന്നു. അവരുടെ ഭാഷ മന്ദഗതിയിലാകുന്നു, സ്വരം ആഴത്തിലാകുന്നു, പദങ്ങള്‍ പക്വത പ്രാപിക്കുന്നു. കലാപത്തിന്റെ വ്യാകരണത്തിൽ നിന്ന് ‘കാര്യസ്ഥന്റെ’ വാക്യഘടനയിലേക്ക് അവർ നീങ്ങുന്നു. മോഡി ആ പരിവർത്തനത്തെ തകര്‍ത്തു. ഒരിക്കലും പ്രചാരണം നിർത്താത്ത നേതാക്കളുടെ ആഗോള മാതൃകയുമായി തന്റെ പ്രസംഗം മോഡിയെ ബന്ധിപ്പിക്കുന്നു. അധികാരം അത്തരക്കാരെ മയപ്പെടുത്തുന്നില്ല; കൂടുതല്‍ തീവ്രവാദികളാക്കുന്നു. ഭരണം അവരുടെ സ്വരത്തെ ദൃഢപ്പെടുത്തുന്നില്ല; പകരം ധ്രുവീകരണത്തെ തീവ്രമാക്കുന്നു.

അമേരിക്കയിൽ ഡൊണാൾഡ് ട്രംപ്, ബ്രസീലിൽ ജെയർ ബോൾസോനാരോ, ഹംഗറിയിൽ വിക്ടർ ഓർബൻ, തുർക്കിയിൽ റജബ് തയ്യിബ് എർദോഗൻ എന്നിവർ അധികാരത്തെ സന്തുലിതാവസ്ഥയുടെ കാവൽക്കാരായിട്ടല്ല, നാടകീയമായി ആധിപത്യം സ്ഥാപിക്കുന്നതിനുള്ള മാര്‍ഗങ്ങളായിട്ടാണ് പരിഗണിച്ചത്. മോഡിയുടെ പ്രസംഗം ഈ പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നു. അത് രാഷ്ട്രത്തോടല്ല, മറിച്ച് രാഷ്ട്രീയത്തോടാണ് സംസാരിച്ചത്. ആത്മപരിശോധനയെക്കാൾ വിധേയത്വമാണ് ആവശ്യപ്പെട്ടത്. ഉത്തരവാദിത്തത്തെക്കാൾ അനിവാര്യതയെയാണ് ഉറപ്പിക്കുന്നത്.
അതിന്റെ കാതല്‍ ഒരു തന്ത്രമാണ്; നേതാവും രാഷ്ട്രവും തമ്മില്‍ വ്യത്യാസമില്ലെന്ന് വരുത്തുക. സർക്കാരിനെ വിമർശിക്കുന്നത് ഇന്ത്യയെ ഒറ്റുകൊടുക്കലാണ് എന്നും നയങ്ങളെ എതിർക്കുന്നത് നിയോഗങ്ങളെ തടസപ്പെടുത്തലാണ് എന്നും വിളംബരം ചെയ്യുക. അധികാരത്തെ ചോദ്യം ചെയ്യുന്നത് സംസ്കാരത്തെ ദുർബലപ്പെടുത്തലാണെന്ന് പ്രഖ്യാപിക്കുക. ഇത് കേവലം അതിശയോക്തിയല്ല, ജനാധിപത്യത്തിന്റെ നാശമാണ്.
സംഖ്യാ ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യത്തെ നിയന്ത്രിക്കുന്നതിനാണ് രാജ്യസഭ നിലകൊള്ളുന്നത്. ലോക്‌സഭ ജനകീയ ഇച്ഛാശക്തി പ്രകടിപ്പിക്കുമ്പോള്‍, ഉപരിസഭ ഫെഡറൽ സന്തുലിതാവസ്ഥ, സ്ഥാപന തുടർച്ച, ജനാധിപത്യ ജാഗ്രത എന്നിവയുൾക്കൊള്ളുന്നു. മോഡിയുടെ പ്രസംഗം ആ പങ്കാളിത്തത്തെ അട്ടിമറിച്ചു. പ്രതിപക്ഷ ശബ്ദങ്ങൾ അവഗണിക്കപ്പെട്ടു, വിമർശനങ്ങൾ പരിഹസിക്കപ്പെട്ടു, സ്ഥാപനപരമായ ആശങ്കകളെ രാഷ്ട്രീയ നാടകങ്ങൾ മറച്ചു. പാർലമെന്റ് തന്നെ വെട്ടിച്ചുരുക്കി.
ഭരണത്തലവന്മാർ നിയമനിര്‍മ്മാണ സഭകളെ സൂക്ഷ്മപരിശോധനയ്ക്കുള്ള വേദികളല്ലാതെ, തങ്ങളുടെ ആഖ്യാനങ്ങള്‍ ഉയര്‍ത്തിക്കാട്ടാനുള്ള വേദികളായി കണക്കാക്കുമ്പോൾ, ജനാധിപത്യത്തിന് അതിന്റെ അവസാനത്തെ പിടിവള്ളിയും നഷ്ടപ്പെടുന്നു. പ്രതികരണങ്ങളിൽ നിന്നും നിയന്ത്രണങ്ങളിൽ നിന്നും വേറിട്ട്, ഇടുങ്ങിയ വഴികളിലൂടെ അധികാരം പ്രചരിക്കാൻ തുടങ്ങുന്നു. അട്ടിമറികളിലൂടെ ജനാധിപത്യ ശോഷണം സംഭവിക്കുക അപൂർവമാണ്. ഇടുങ്ങിയ കാഴ്ചപ്പാടിലൂടെയും പക്ഷപാതപരമായ ഇടപെടലിലൂടെയും സ്ഥാപനങ്ങളെ സാവധാനത്തിൽ തകർക്കുന്നതിലൂടെയാണ് അത് മുന്നേറുന്നത്.
യഥാർത്ഥ നേതൃത്വത്തെ നിര്‍ണയിക്കുക ആധിപത്യത്തിലൂടെയല്ല, മറിച്ച് ധാർമ്മിക വിശ്വാസ്യതയിലൂടെയാണ്. അപൂർണത അംഗീകരിക്കാനും വിമർശനം സ്വീകരിക്കാനും തന്നെക്കാൾ വലിയവര്‍ക്ക് മുന്നിൽ വിനയം കാണിക്കാനുമുള്ള സന്നദ്ധതയിലൂടെയാണ്. ആ മാനദണ്ഡമനുസരിച്ച്, മോഡിയുടെ പ്രസംഗം തികച്ചും പരാജയമാണ്. അത് ഒരു തെറ്റും സമ്മതിച്ചില്ല, ആത്മപരിശോധന നടത്തിയില്ല, രാജ്യത്തിന്റെ സങ്കീർണമായ ഭരണവെല്ലുവിളികളൊന്നും തിരിച്ചറിഞ്ഞില്ല. പകരം, സ്വന്തം വിജയം, പരാതി, വിധി എന്നിവയുടെ തടസമില്ലാത്ത വിവരണമായിരുന്നു ഉടനീളം. ഇത്തരം ‘സ്വയം സമ്പൂർണത’ ശക്തിയല്ല, ദുർബലതയാണ്.

പ്രസംഗത്തിന്റെ ശ്രദ്ധേയമായ ഒരു സവിശേഷത സാംസ്കാരിക ദേശീയതയെ ആശ്രയിക്കുന്നതായിരുന്നു, അസാധാരണമായ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ മോഡി നേടിയതാണ് വൈകാരികതയുടെ ശേഖരം. എന്നാൽ നിയമനിർമ്മാണ സംവിധാനങ്ങളിലെ ദേശീയതയാകട്ടെ പലപ്പോഴും ഒഴിഞ്ഞുമാറലാണ്. ഇത് നയപരമായ സൂക്ഷ്മപരിശോധനയെ വൈകാരിക വിന്യാസത്തിലൂടെ മാറ്റിമറിക്കുന്നു. അത് സാമ്പത്തിക പ്രതിസന്ധികളെ സാംസ്കാരിക പോരാട്ടം കൊണ്ട് മറയ്ക്കുന്നു. ഭരണപരമായ പരാജയത്തെ പ്രത്യയശാസ്ത്രപരമായ ഏറ്റുമുട്ടലാക്കി മാറ്റുന്നു.
ഇന്ത്യയെപ്പോലെ വൈവിധ്യപൂർണവും അസമത്വമുള്ളതും സങ്കീർണവുമായ ഒരു സമൂഹത്തിൽ, ഈ വാചാടോപം പ്രത്യേക അപകടസാധ്യത വഹിക്കുന്നു. ഒരു സംസ്കാരത്തിന്റെ മാത്രം കണ്ണിലൂടെ ഭരണത്തെ രൂപപ്പെടുത്തുന്നതിലൂടെ, പൗരന്മാരെ വിശ്വാസികളും എതിരാളികളും, ദേശസ്നേഹികളും തടസവാദികളും, അകത്തുള്ളവരും പുറത്തുള്ളവരും എന്നിങ്ങനെ വിഭജിക്കുന്നു. രാഷ്ട്രങ്ങൾ വാചാടോപപരമായ ഏകീകരണത്തിലൂടെയല്ല, മറിച്ച് സ്ഥാപനപരമായ ബഹുസ്വരത, പൗര വിശ്വാസം, എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയ ഭാഷ എന്നിവയിലൂടെയാണ് ശക്തിപ്പെടേണ്ടത്. മികച്ച നേതാക്കൾ സമൂഹത്തിലെ ചില വിഭാഗങ്ങൾക്കെതിരെ അണിചേരില്ല. അവർ വെെജാത്യങ്ങളെ ഏകീകരിക്കുന്നു. വൈരുധ്യമാണ് രാഷ്ട്രീയ പ്രചാരണത്തെ വളര്‍ത്തുക, ഭരണം സമന്വയം ആവശ്യപ്പെടുന്നു. പ്രചാരണം വൈകാരികതയ്ക്ക് പ്രതിഫലം നൽകുന്നു; ഭരണത്തിന് വേണ്ടത് ധാർമ്മികതയാണ്. പ്രചാരണം ഉറപ്പിനെ ആഘോഷിക്കുമ്പോള്‍ ഭരണം അനിശ്ചിതത്വത്തിനുള്ളിൽ നിലനില്‍ക്കുന്നു. പ്രചാരണം വിദ്വേഷം വളര്‍ത്തുന്നു; ഭരണം ക്ഷമയെയും. ഈ രീതിയിലുള്ള ചലനമൊന്നും മോഡിയുടെ പ്രസംഗം ഉള്‍ക്കൊ­ണ്ടില്ല. ഇന്ത്യക്ക് വേണ്ടത് ഇതിന്റെ നേര്‍വിപരീതമാണ്. ക്ഷമാപൂര്‍വമുള്ള പരിഷ്കരണം, ഭരണപരമായ ആധുനികവൽക്കരണം, ജുഡീഷ്യൽ സ്വാതന്ത്ര്യം, വിദ്യാഭ്യാസ നിക്ഷേപം, ആരോഗ്യ സംരക്ഷണ പരിവർത്തനം, വിശാലമായ സാമ്പത്തിക ഉൾപ്പെടുത്തൽ തുടങ്ങിയവ. ഇവയൊന്നും പാർലമെന്റിനുള്ളിലെ പ്രചാരണ പ്രസംഗം മുന്നോട്ട് കൊണ്ടുപോയില്ല.
മോഡിക്ക് തെരഞ്ഞെടുപ്പ് ആധിപത്യമുണ്ട്. ആ പാർട്ടി വിശാലമായ ഭരണമേഖലയെ നിയന്ത്രിക്കുന്നു. അദ്ദേഹത്തിന്റെ വ്യക്തിപരമായ ജനപ്രീതിയും ശക്തമാണ്. പക്ഷേ രാജ്യസഭാ പ്രസംഗം വെളിപ്പെടുത്തുന്നത് വെെരുധ്യമാണ്; അഭൂതപൂർവമായ അദ്ദേഹത്തിന്റെ ശക്തിയും ആകര്‍ഷണശക്തിയും കുറയുന്നുവെന്ന യാഥാര്‍ത്ഥ്യം.
യഥാർത്ഥ അധികാരം ആർപ്പുവിളികളെക്കാള്‍ സ്ഥിരതയാണ് ആഗ്രഹിക്കുക. ധ്രുവീകരണത്തിന് പകരം സംയോജനവും ആദരവ് ആവശ്യപ്പെടുന്നതിന് പകരം വിശ്വാസവും നേടുന്നു. ഏറ്റവും സ്ഥിരതയുള്ള ജനാധിപത്യ നേതാക്കൾ — ലിങ്കൺ, മണ്ടേല, കോൺറാഡ് അഡനൗവർ, നെഹ്രു — സ്ഥാപനപരമായ പാരമ്പര്യത്തിന്റെ ഭാരം മനസിലാക്കിയവരായതുകൊണ്ട് സംയമനത്തോടെ സംസാരിച്ചു. അവരുടെ വിനയം ബലഹീനതയല്ല, ചരിത്രാവബോധമായിരുന്നു. എന്നാല്‍ ചില നേതാക്കൾ പലപ്പോഴും ചരിത്രം അവരിൽ നിന്നാണ് ആരംഭിക്കുന്നതെന്ന് പ്രസ്താവിക്കുന്നു. സ്ഥാപനങ്ങളെ വേദികളായി മാറ്റുന്നു. വിമർശകർ ശത്രുക്കളാകുന്നു. ഭാവി വിധിവിഹിതമായി മാറുന്നു. ഇത് അധികാരത്തിന്റെ ശക്തിയുടെയും അതിന്റെ മാസ്മരികതയുടെയും അപകടമാണ്.
സാമ്രാജ്യത്വം, വിഭജനം, കലാപം, അടിയന്തരാവസ്ഥ, രാഷ്ട്രീയ കൊലപാതകം എന്നിവയെ ഇന്ത്യന്‍ ജനാധിപത്യം അതിജീവിച്ചു. അതിന്റെ പ്രതിരോധശേഷി നേതാക്കളിൽ നിന്നല്ല, മറിച്ച് ഉറച്ച ഭരണഘടനാ സ്ഥാപനങ്ങളിൽ നിന്നും സ്ഥെെര്യമുള്ള പൗര സംസ്കാരത്തിൽ നിന്നുമാണ് ഉത്ഭവിക്കുന്നത്. എന്നാൽ ആ പ്രതിരോധശേഷി അജയ്യമല്ല. നേതാക്കൾ മാനദണ്ഡങ്ങളെ ഇല്ലാതാക്കുമ്പോൾ, പൊള്ളയായ ചർച്ചകൾ, സ്വത്വ ധ്രുവീകരണം എന്നിവയിലൂടെ ദേശസ്നേഹത്തെ വിധേയത്വവുമായി സംയോജിപ്പിക്കുമ്പോൾ, സ്ഥാപനപരമായ ക്ഷീണം സംഭവിക്കുന്നു.
മോഡിയുടെ രാജ്യസഭാ പ്രസംഗം വിമർശകരെ മാത്രമല്ല, പിന്തുണയ്ക്കുന്നവരെയും ആശങ്കപ്പെടുത്തണം. നേതാക്കൾ ദുർബലരായതുകൊണ്ട് ജനാധിപത്യം തകരില്ല. എന്നാല്‍ നേതാക്കൾ ചോദ്യം ചെയ്യപ്പെടാനാകാത്തത്ര ശക്തരാകുമ്പോൾ അവ ദുർബലമാകുന്നു. മോഡി ഒരു അസന്ദിഗ്ധ ഘട്ടത്തിലാണ് നിൽക്കുന്നത്. വിശാലമായ സ്ഥാപന നിയന്ത്രണത്തോടൊപ്പം അമിതമായ അധികാരങ്ങൾ അവകാശപ്പെടുന്ന നേതാക്കൾ ചുരുക്കമായിരിക്കും. സാമ്പത്തികവും ഭൗമരാഷ്ട്രീയവുമായ പരിവർത്തനത്തിന് തയ്യാറായ ഒരു രാഷ്ട്രത്തെ നയിക്കുന്നവര്‍ അതിലും കുറവായിരിക്കും. കയ്യിലുള്ള അധികാരമുപയോഗിച്ച് അദ്ദേഹം എന്തുചെയ്യാൻ തീരുമാനിക്കുന്നുവോ അത് തലമുറകളോളം ഇന്ത്യയുടെ ജനാധിപത്യ പാതയെ നിയന്ത്രിക്കും.
സ്ഥാപനങ്ങളെ ശക്തമാക്കാനോ ശൂന്യമാക്കാനോ അദ്ദേഹത്തിന് കഴിയും. ഒരു ഭരണഘടനാ കാവല്‍ക്കാരനായി ഭരിക്കാനോ സ്ഥിരം വിമതനായി പ്രചാരണം നടത്താനോ കഴിയും. എന്നാല്‍ അദ്ദേഹം ഇതുവരെ പടയൊരുക്കത്തെക്കാള്‍ പ്രധാനമായി ഭരണം തെരഞ്ഞെടുത്തിട്ടില്ലെന്ന് പ്രസംഗം സൂചിപ്പിക്കുന്നു.
കയ്യടി നിയമസാധുതയായി തെറ്റിദ്ധരിക്കുന്ന നേതാക്കളോട് ചരിത്രം ക്ഷമിക്കില്ല. നേതൃത്വത്തിന്റെ ആത്യന്തിക പരീക്ഷണം വിജയമല്ല, സംയമനമാണ്. ആധിപത്യമല്ല, അന്തസ്. വെല്ലുവിളിയല്ല, സംയമനം. മഹത്തായ ജനാധിപത്യ രാജ്യങ്ങളിൽ, അധികാരം പക്വത പ്രാപിക്കുന്നു, നേതാക്കൾ ഉയര്‍ന്നുവരുന്നു, സ്ഥാപനങ്ങൾ ശക്തമാകുന്നു. ഇന്ത്യ ആ മാറ്റം അർഹിക്കുകയാണ്.
(ദ വയര്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.