
ജനഹൃദയങ്ങളുടെ സ്പന്ദനമറിഞ്ഞ് ആവേശത്തിന്റെ ഊര്‍ജം ഏറ്റുവാങ്ങി എല്‍ഡിഎഫ് നടത്തുന്ന വികസന മുന്നേറ്റ ജാഥകള്‍ അവസാനലാപ്പില്‍. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നയിച്ച മധ്യമേഖല ജാഥ ഇന്നലെ സമാപിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന തെക്കന്‍ മേഖല ജാഥ ഇന്ന് സമാപിക്കും. സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖല ജാഥ നാളെ സമാപിക്കും.
എൽഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് എറണാകുളത്തായിരുന്നു ആവേശകരമായ പരിസമാപ്തി. എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നാല് ദിവസം പര്യടനം നടത്തിയ ജാഥ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ മഹാസമ്മേളനത്തോടെയാണ് സമാപിച്ചത്. മന്ത്രി പി രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ വേദിയിൽ സ്വീകരണം നൽകി. ജാഥാംഗവും സിപിഐ സംസ്ഥാന അസി. സെക്രട്ടറിയുമായ പി പി സുനീർ, സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ കെ അഷറഫ്, ജില്ലാ സെക്രട്ടറി എൻ അരുൺ, സിപിഐ(എം) ജില്ലാ സെക്രട്ടറി എസ് സതീഷ് ഉൾപ്പടെ നേതാക്കളും ജാഥാംഗങ്ങളും വേദിയിൽ സന്നിഹിതരായിരുന്നു. ആറിന് ആറന്മുളയിൽ നിന്നാണ് ജാഥ ആരംഭിച്ചത്.
തെക്കന്‍ മേഖല വികസന മുന്നേറ്റ ജാഥ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന സമാപന സമ്മേളനത്തോടെ സമാപിക്കും. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, നേമം മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്നലെ രാവിലെ കാട്ടാക്കടയില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. സ്വീകരണയോഗത്തില്‍ എസ് ചന്ദ്രബാബു അധ്യക്ഷനായി. പാറശാല മണ്ഡലത്തില്‍ വെള്ളറടയിലെ സ്വീകരണത്തില്‍ സി കെ ഹരീന്ദ്രന്‍ എംഎല്‍എയും നെയ്യാറ്റിന്‍കരയില്‍ കെ ആന്‍സലന്‍ എംഎല്‍എയും അധ്യക്ഷരായി. കോവളം മണ്ഡലത്തിലെ ബാലരാമപുരം ജങ്ഷനില്‍ ഇന്നലത്തെ ജാഥാപര്യടനം സമാപിച്ചു.
വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ഇന്നലെ പാലക്കാട് ജില്ലയില്‍ അത്യുജ്ജ്വല സ്വീകരണം നല്കി. ജില്ലാ അതിർത്തിയായ കുമരനല്ലൂരിൽ അതിഗംഭീരമായാണ് ജാഥയെ സ്വീകരിച്ചത്. ജില്ലാ അതിർത്തിയായ നീലിയാട് നിന്നും തൃത്താല മണ്ഡലത്തിലേക്ക് നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ സ്വീകരിച്ചു. സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ പി സുരേഷ് രാജ്, ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ്, എൽഡിഎഫ് ജില്ലാ കൺവീനർ ടി സിദ്ധാർത്ഥൻ, മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, എം ബി രാജേഷ്, എല്‍ഡിഎഫ് നേതാക്കളായ കെ ആർ ഗോപിനാഥ്, സുനിൽ എസ്, അഷറഫലി വല്ലപ്പുഴ, കെ കുശലകുമാർ, ഒ കെ സെയ്തലവി, കെ ഷാജഹാൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
പൊതുയോഗത്തിൽ സ്വാഗതസംഘം ചെയർമാൻ ഇ ടി ഹൈദ്രോസ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പട്ടാമ്പി മണ്ഡലത്തിലെ സ്വീകരണയേഗാത്തില് മുഹമ്മദ് മുഹ്സിൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഷൊർണൂർ മണ്ഡലത്തിലെ കുളപ്പുള്ളി ജങ്ഷനിലായിരുന്നു സമാപനം. പി മമ്മിക്കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. ഇന്ന് രാവിലെ 8.30ന് പൗരപ്രമുഖരുമായുള്ള മുഖാമുഖത്തിന് ശേഷം ആദ്യസ്വീകരണം ഒറ്റപ്പാലം മണ്ഡലത്തിലാണ്. തുടർന്ന് മണ്ണാർക്കാട്ടും, കോങ്ങാട്ടും പൊതുയോഗങ്ങൾക്ക് ശേഷം പാലക്കാട്-മലമ്പുഴ മണ്ഡലങ്ങളിലെ ജാഥയുടെ സംയുക്ത സമാപനം കോട്ടമൈതാനിയിൽ നടക്കും. നാളെ രാവിലെ ചിറ്റൂരിൽ നിന്നും ആരംഭിക്കുന്ന ജാഥ, ഉച്ചകഴിഞ്ഞ് നെന്മാറയിലും തുടര്‍ന്ന് ആലത്തൂരിലും സ്വീകരണങ്ങൾ ഏറ്റുവാങ്ങി തരൂരിൽ സമാപിക്കും.
ക്യാപ്ഷന്‍
വടക്കൻ മേഖലാ ജാഥയുടെ പര്യടനത്തിനിടെ പട്ടാമ്പിയിലെ വേദിയിലേക്ക് ജാഥാ ക്യാപ്റ്റൻ എംവി ഗോവിന്ദൻ മാസ്റ്ററെ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ പി സുരേഷ് രാജ് സ്വീകരിക്കുന്നു. ഒ കെ സെയതലവി, മുഹമ്മദ് മുഹ്സിൻ എംഎൽഎ തുടങ്ങിയവര്‍ സമീപം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.