15 February 2026, Sunday

ഏഷ്യ കപ്പ് റൈസിങ് സ്റ്റാർസ് പാകിസ്ഥാനെ തകർത്ത് ഇന്ത്യന്‍ വനിതകള്‍

Janayugom Webdesk
ബാങ്കോക്ക്
February 15, 2026 9:54 pm

വനിതാ ഏഷ്യ കപ്പ് റൈസിങ് സ്റ്റാർസ് ക്രിക്കറ്റ് ടൂർണമെന്റിൽ പാകിസ്ഥാനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യയുടെ പെൺപട. ടൂർണമെൻ്റിലെ ആദ്യ മത്സരത്തിൽ യുഎഇയോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ, രണ്ടാം മത്സരത്തിൽ പാകിസ്ഥാനെതിരെ ആധികാരിക ജയം നേടിക്കൊണ്ട് ശക്തമായി തിരിച്ചുവന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്റെ തീരുമാനം പിഴച്ചു. സ്പിന്നർമാരും പേസർമാരും ഒരുപോലെ തിളങ്ങിയപ്പോൾ പാകിസ്ഥാൻ നിര വെറും 93 റൺസിന് പുറത്തായി. ക്യാപ്റ്റൻ രാധാ യാദവ് 3 ഓവറിൽ വെറും 11 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് പ്രധാന വിക്കറ്റുകൾ വീഴ്ത്തി. സൈമ താക്കൂർ 4 ഓവറിൽ 14 റൺസ് മാത്രം നൽകി 2 വിക്കറ്റെടുത്തു. പ്രേമ റാവത്ത് രണ്ട് വിക്കറ്റും മലയാളി താരം മിന്നു മണി ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണർ ഹുമൈറ കാസിയെ ആദ്യ പന്തിൽ തന്നെ നഷ്ടമായി. എന്നാല്‍ വെറും 29 പന്തിൽ നിന്ന് പുറത്താകാതെ 55 റൺസ് നേടിയ വൃന്ദ ഇന്ത്യയുടെ വിജയം എളുപ്പമാക്കി. 12 ഫോറുകൾ അടങ്ങുന്നതായിരുന്നു വൃന്ദയുടെ ഇന്നിങ്സ്. അനുഷ്ക ശർമ്മ 24 റൺസെടുത്ത് വൃന്ദയ്ക്ക് മികച്ച പിന്തുണ നൽകി. 59 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ ലക്ഷ്യം കണ്ടു.
ഈ വിജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റുമായി ഗ്രൂപ്പ് എയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. യുഎഇയാണ് ഗ്രൂപ്പിൽ ഒന്നാമത്. സെമി ഫൈനൽ സാധ്യതകൾ സജീവമാക്കാൻ ഈ വിജയം ഇന്ത്യയെ സഹായിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar