
സ്പാനിഷ് ലാ ലിഗയിൽ റയൽ സോസിഡാഡിനെതിരെ തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം. ഇരട്ട ഗോൾ നേടിയ വിനീഷ്യസ് ജൂനിയറാണ് കളിയിലെ താരം. ജയത്തോടെ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണയെ രണ്ട് പോയിന്റിന് പിന്നിലാക്കി റയൽ ലീഗിൽ ആധിപത്യം ഉറപ്പിച്ചു.
രണ്ടര മാസത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ട്രെന്റ് അലക്സാണ്ടർ അർനോൾഡ് മത്സരത്തിൽ വലിയ സ്വാധീനം ചെലുത്തി. പരിക്കേറ്റ സൂപ്പർ താരം കിലിയൻ എംബാപ്പെയ്ക്ക് പകരം കളത്തിലിറങ്ങിയ യുവതാരം ഗോൺസാലോ ഗാർഷ്യയാണ് റയലിന്റെ ആദ്യ ഗോൾ നേടിയത്. അർനോൾഡിന്റെ മികച്ച ക്രോസിൽ നിന്നായിരുന്നു ഈ ഗോൾ. എന്നാൽ 21ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റിക്കൊണ്ട് മൈക്കൽ ഒയാർസബാൽ സോസിഡാഡിനെ ഒപ്പമെത്തിച്ചു.
മത്സരത്തിൽ വിനീഷ്യസിനെ വീഴ്ത്തിയതിന് ലഭിച്ച രണ്ട് പെനാൽറ്റികളും താരം തന്നെ കൃത്യമായി വലയിലെത്തിച്ചു. ബ്രസീലിയൻ താരത്തിന്റെ വേഗതയ്ക്ക് മുന്നിൽ സോസിഡാഡ് പ്രതിരോധം പലപ്പോഴും പതറി. 31-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്ന് തൊടുത്ത മനോഹരമായ ഷോട്ടിലൂടെ ഫെഡെ വാൽവെർഡെ റയലിന്റെ മൂന്നാം ഗോൾ നേടി. ഇതോടെ ആദ്യ പകുതിയിൽ തന്നെ റയൽ വിജയം ഏതാണ്ട് ഉറപ്പിച്ചിരുന്നു.
ചൊവ്വാഴ്ച ലിസ്ബണിൽ ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് മത്സരത്തിൽ ജോസ് മൗറീഞ്ഞോയുടെ ബെൻഫിക്കയെ നേരിടുന്ന റയൽ മാഡ്രിഡിന് ജയം ആത്മവിശ്വാസമായി. വിയ്യാറയൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഗെറ്റാഫെയോട് പരാജയപ്പെട്ടു. ആദ്യ നാലിൽ ഇടം നേടാൻ ശ്രമിക്കുന്ന വിയ്യാറയലിന് തോൽവി വലിയ തിരിച്ചടിയായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.