
സംസ്ഥാന കാർഷിക ചരിത്രത്തിൽ ശ്രദ്ധേയമാകാൻ പോകുന്ന ജനാധിപത്യ വേദിയായ കർഷക പാർലമെന്റ്, വൈഗ 2026ന്റെ ഭാഗമായി ഇന്ന് ടെക്നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ നടക്കും. സംസ്ഥാനത്തെ 140 നിയമസഭാ നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള ഓരോ കർഷക പ്രതിനിധികൾ പങ്കാളികളാകുന്ന ഈ പ്രത്യേക സമ്മേളനം, കർഷകരുടെ ശബ്ദം നേരിട്ട് നയരൂപീകരണ തലത്തിലേക്ക് എത്തിക്കുന്നതിനുള്ള അപൂർവ വേദിയാണ്.
സംസ്ഥാന കാർഷിക രംഗം നേരിടുന്ന പൊതുവായ പ്രശ്നങ്ങളും പ്രദേശിക തലത്തിലുള്ള വെല്ലുവിളികളും തുറന്ന ചർച്ചയിലൂടെ മുന്നോട്ടുവയ്ക്കുകയും, കർഷകർക്ക് അവരുടെ നിർദേശങ്ങളും അനുഭവങ്ങളും കൃഷി മന്ത്രി പി പ്രസാദുമായും വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും നേരിട്ട് അവതരിപ്പിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യും. കാലാവസ്ഥാ വെല്ലുവിളികൾ, വിപണി സൗകര്യങ്ങൾ, മൂല്യവർധന, സാങ്കേതിക പിന്തുണ, ഫീൽഡ് തല പ്രശ്നങ്ങൾ, വിവിധ കാർഷിക പദ്ധതികളുടെ പ്രാവർത്തികത എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ചകൾ നടക്കും. കൃഷി വകുപ്പിന്റെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും സംബന്ധിച്ച നേരിട്ടുള്ള ആശയവിനിമയത്തിനും പ്രത്യേക സെഷനുകൾ ഉണ്ടായിരിക്കും.
തിരുവനന്തപുരം ടെക്നോപാർക്കിലെ ട്രാവൻകൂർ ഹാൾ, പാർക്ക് സെന്ററിൽ രാവിലെ 8.55 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് കര്‍ഷക പാര്‍ലമെന്റ് നടക്കുക. മുൻ സ്പീക്കർ എം വിജയകുമാർ സഭാധ്യക്ഷനാകും. സഭാ നടപടികൾ രാവിലെ കൃത്യം 8.55ന് ആരംഭിക്കും. രാവിലെ ഒമ്പത് മണിക്ക് കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. 9.15 മുതൽ 10.15 വരെ ചോദ്യോത്തര വേള നടക്കും. ഈ ഘട്ടത്തിൽ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ, ശ്രദ്ധ ക്ഷണിക്കൽ പ്രമേയങ്ങൾ എന്നിവ പരിഗണിക്കും. തുടർന്ന് സബ്മിഷനുകളുടെ അവതരണവും അടിയന്തര പ്രമേയത്തെക്കുറിച്ചുള്ള ചർച്ചയും നടക്കും. വൈഗ 2026ന്റെ പ്രധാന പരിപാടിയായ കർഷക പാർലമെന്റ്, സംസ്ഥാന കാർഷിക സമൂഹത്തിന്റെയും നയരൂപീകരണ സംവിധാനത്തിന്റെയും ഇടയിൽ ഫലപ്രദമായ സംവാദത്തിനും ഉത്തരവാദിത്വപരമായ ഇടപെടലുകൾക്കും വഴിയൊരുക്കുന്ന ചരിത്രപരമായ വേദിയാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.