
അമേരിക്കൻ പൗരാവകാശ പ്രവർത്തകനും മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ ഉറ്റ അനുയായിയുമായ ജെസ്സെ ജാക്സൺ(84) അന്തരിച്ചു. 2017 മുതൽ പാർക്കിൻസൺസ് രോഗബാധിതനായി ചികിത്സയിലായിരുന്നു. ‘ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവർക്കും ശബ്ദമില്ലാത്തവർക്കും വേണ്ടിയുള്ള സേവകനായ നേതാവായിരുന്നു തങ്ങളുടെ പിതാവ്’ എന്ന് മരണം സ്ഥിരീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കുടുംബം പ്രതികരിച്ചു.
1960കളിൽ പൗരാവകാശ പ്രസ്ഥാനങ്ങളിലൂടെയാണ് ജെസ്സെ ജാക്സൺ പൊതുരംഗത്ത് സജീവമായത്. ആഫ്രോ-അമേരിക്കൻ വിഭാഗങ്ങളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കായി അദ്ദേഹം ജീവിതകാലം മുഴുവൻ പോരാടി. ഷിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഓപ്പറേഷൻ പുഷ്’, ‘നാഷണൽ റെയിൻബോ കോളിഷൻ’ എന്നീ സംഘടനകളുടെ സ്ഥാപകനായിരുന്നു അദ്ദേഹം. പിൽക്കാലത്ത് ഈ രണ്ട് സംഘടനകളും ലയിച്ച് ‘റെയിൻബോ/പുഷ് കോളിഷൻ’ എന്ന പേരിൽ അറിയപ്പെട്ടു.
സാമൂഹിക പ്രവർത്തനങ്ങൾക്കൊപ്പം തന്നെ അന്താരാഷ്ട്ര തലത്തിലുള്ള നയതന്ത്ര ഇടപെടലുകളിലും ജാക്സൺ ശ്രദ്ധേയനായിരുന്നു. സിറിയ, ക്യൂബ, ഇറാഖ്, സെർബിയ എന്നിവിടങ്ങളിൽ തടവിലാക്കപ്പെട്ട നിരവധി അമേരിക്കൻ പൗരന്മാരെ മോചിപ്പിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. 1980കളിൽ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അദ്ദേഹം, ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ രണ്ട് തവണ (1984, 1988) മത്സരിച്ച് ചരിത്രം കുറിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.