
സ്വിറ്റ്സർലാൻഡിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ ദാവോസിൽ ഈ വർഷം ജനുവരി 19 മുതൽ 23 വരെ നടന്ന 56-ാമത് ലോക സാമ്പത്തിക ഉച്ചകോടി (വേള്‍ഡ് എക്കണോമിക് ഫോറം) എന്തുകൊണ്ടും ശ്രദ്ധേയമായിരുന്നു. ഈ വർഷത്തെ ഉച്ചകോടിയുടെ തീം ‘സംവാദത്തിന്റെ ചൈതന്യം’ (സ്പിരിറ്റ് ഓഫ് ഡയലോഗ്) എന്നായിരുന്നു. തീർച്ചയായും ഇന്ത്യയുടെയും പ്രത്യേകിച്ച് നമ്മുടെ കൊച്ചുകേരളത്തിന്റെയും സാന്നിധ്യവും ഗംഭീര പ്രകടനവും കൊണ്ടുമാത്രമല്ല ഈ വർഷത്തെ ഉച്ചകോടി വിജയമായിരുന്നു എന്ന് വിലയിരുത്തുന്നത്. 24 രാജ്യങ്ങളിൽ നിന്നായി 400ഓളം കോടീശ്വരന്മാരും ശതകോടീശ്വരന്മാരും ഒപ്പിട്ട “തങ്ങളുടെ മേൽ അധിക നികുതി ചുമത്തൂ” എന്നാവശ്യപ്പെട്ടുള്ള ഒരു തുറന്ന കത്ത് ഉച്ചകോടിക്ക് നൽകുകയുണ്ടായി.
കത്തിൽ ഒപ്പിടേണ്ടതിന്റെ ആവശ്യകത വിവരിച്ചുകൊണ്ട് ജനുവരി 15ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പ് ഒപ്പിടണം എന്ന നിർദേശവുമായിട്ടാണ് കത്ത് ഓൺലൈനായി ഏതാനും കോടീശ്വരന്മാരും ശതകോടീശ്വരന്മാരും ലോകമെമ്പാടുമുള്ള സഹകോടീശ്വരന്മാർക്കും ശതകോടീശ്വരന്മാർക്കും ഓൺലൈനായി നൽകിയത്. കത്തിന്റെ ഏകദേശ മലയാള പരിഭാഷ ഇങ്ങനെ: — “ലോകമെമ്പാടുമുള്ള ഞങ്ങളുടെ സഹ കോടീശ്വരന്മാരെ, ശതകോടീശ്വരന്മാരെ, ലോകത്ത് രണ്ട് തരം സമ്പന്നരുണ്ട്, നികുതികൾ ഇഷ്ടപ്പെടുന്നവരും ജനകീയ പ്രക്ഷോഭങ്ങൾ (‘പിച്ച്ഫോർക്കുകൾ’) ഇഷ്ടപ്പെടുന്നവരും. ഈ കത്തിൽ ഒപ്പിട്ടിരിക്കുന്ന ഞങ്ങൾ നികുതിയാണ് തെരഞ്ഞെടുക്കുന്നത്. നിങ്ങളും അങ്ങനെ തന്നെ തെരഞ്ഞെടുക്കുമെന്ന് ഞങ്ങൾ കരുതുന്നു. അതുകൊണ്ടുതന്നെ, ഒട്ടും വൈകാതെതന്നെ നിങ്ങളുടെ സ്വന്തം രാജ്യങ്ങളിലെ കോടീശ്വരന്മാർക്കും ശതകോടീശ്വരന്മാർക്കും മേൽ ഉയർന്നതും നീതിയുക്തവുമായ നികുതി ചുമത്തണമെന്ന് നിങ്ങൾ ആവശ്യപ്പെടാനും, അന്താരാഷ്ട്ര നികുതി പരിഷ്കരണങ്ങളിലൂടെ വ്യക്തിഗത‑കോർപറേറ്റ് നികുതി വെട്ടിപ്പുകൾ തടയാൻ സഹായിക്കാനും ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടുന്നു. ഭൂമിയിൽ ഇതുവരെ ജീവിച്ചിട്ടുള്ള മനുഷ്യരിൽ ഏറ്റവും ആനുകൂല്യങ്ങൾ ലഭിക്കുന്ന വർഗം എന്ന നിലയിലാണ് ഞങ്ങൾ ഈ അഭ്യർത്ഥന നടത്തുന്നത്. ലോകമെമ്പാടും അസ്ഥിരതയുണ്ടാക്കുന്ന സാമ്പത്തിക അസമത്വം വളരുകയാണ്.
ഇന്ന് ഭൂമിയിൽ എന്നത്തേക്കാളും കൂടുതൽ ശതകോടീശ്വരന്മാരുണ്ട്, അവർ മുമ്പത്തേക്കാളും കൂടുതൽ സമ്പത്ത് കൈവശം വയ്ക്കുന്നു. അതേസമയം, ലോകത്തിലെ പകുതിയോളം വരുന്ന ദരിദ്രജനവിഭാഗത്തിന്റെ വരുമാനത്തിൽ മാറ്റമില്ലാതെ തുടരുകയാണ്. പല രാജ്യങ്ങളിലും അസമത്വം സൃഷ്ടിക്കുന്ന സംഘർഷങ്ങൾ പ്രതിസന്ധി ഘട്ടത്തിലെത്തിയിരിക്കുന്നു. കുറഞ്ഞ സാമൂഹിക പ്രതിബദ്ധതയും അനീതിയും സാമൂഹിക ഐക്യത്തെ തകർക്കുന്നു. രാജ്യങ്ങൾക്കുള്ളിലെ ഈ തകർച്ച രാജ്യങ്ങൾ തമ്മിലുള്ള പിരിമുറുക്കത്തിന് കാരണമാകുന്നു. ഇതിന്റെ ഫലമായി വരാനിരിക്കുന്ന കാലാവസ്ഥാ ദുരന്തങ്ങളെ നേരിടുന്നതിൽ ആഗോള സമൂഹം പരാജയപ്പെടും. ഇത് കോടീശ്വരന്മാർ ഉൾപ്പെടെ എല്ലാവർക്കും വിനാശകരമായിരിക്കും. നമ്മൾ പ്രവർത്തിക്കേണ്ട സമയമാണിത്.
ജീവകാരുണ്യ പ്രവർത്തനങ്ങൾ (Philanthropy) ഒരിക്കലും ഗവൺമെന്റ് നിക്ഷേപങ്ങൾക്ക് പകരമാവില്ലെന്ന് വിവേകമുള്ള എല്ലാവർക്കും അറിയാം. നമ്മുടെ സമൂഹത്തിന് ആവശ്യമായ കാര്യങ്ങളിൽ നിക്ഷേപം ഉറപ്പാക്കാനുള്ള ഏറ്റവും നല്ലതും ഉചിതവുമായ മാർഗം നികുതികളാണ്. ഈ സത്യത്തെ നിരാകരിക്കുന്ന വ്യക്തികൾ കാലാവസ്ഥയ്ക്കും ജനാധിപത്യത്തിനും ഒരുപോലെ ഭീഷണിയാണ്. കാരണം, നികുതി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നവർ തന്നെയാണ് പലപ്പോഴും സ്വന്തം ലാഭത്തിനായി സർക്കാരുകളെയും ജനാധിപത്യ പ്രക്രിയകളെയും സ്വാധീനിക്കുന്നത്. കഴിഞ്ഞ ദശകങ്ങളിൽ ആഗോളതലത്തിൽ അതിസമ്പന്നരിൽ നിന്നും കോർപറേറ്റുകളിൽ നിന്നുമുള്ള നികുതി വരുമാനം കുത്തനെ കുറഞ്ഞു. ചില രാജ്യങ്ങളിൽ, ധനികർ സാധാരണക്കാരേക്കാൾ കുറഞ്ഞ നികുതി നിരക്കാണ് നൽകുന്നത്.
ലോകത്തിലെ പല വലിയ കോർപറേറ്റുകളും ‘ടാക്സ് ഹെവനുകൾ’ (നികുതി കുറഞ്ഞ രാജ്യങ്ങൾ) എന്നറിയപ്പെടുന്ന രാജ്യങ്ങളിലേക്ക് ബിസിനസുകൾ മാറ്റുന്നു, ചിലർ നികുതിയേ നൽകുന്നില്ല. അന്താരാഷ്ട്ര തലത്തിൽ നികുതി വെട്ടിപ്പ് ഒരു പകർച്ചവ്യാധി പോലെ പടർന്നിരിക്കുകയാണ്. കണക്കുകൾ പ്രകാരം കുറഞ്ഞത് എട്ട് ട്രില്യൺ ഡോളർ — അതായത് ലോക ജിഡിപിയുടെ ഏകദേശം 10% ടാക്സ് ഹെവൻ രാജ്യങ്ങളിൽ ഒളിപ്പിച്ചിരിക്കുകയാണ്. ഐഎംഎഫിന്റെ സമീപകാല പഠനമനുസരിച്ച്, വിദേശ നിക്ഷേപത്തിന്റെ 40% (ഏകദേശം 15 ട്രില്യൺ ഡോളർ) യഥാർത്ഥ ബിസിനസ് പ്രവർത്തനങ്ങളില്ലാത്ത വെറും കടലാസ് കമ്പനികളിലൂടെയാണ് (എംപ്റ്റി കോര്‍പറേറ്റ് ഷെല്‍സ്) കടന്നുപോകുന്നത്. വ്യക്തമായി പറഞ്ഞാൽ, ഈ ആഗോള പ്രതിസന്ധി പരിഹരിക്കാൻ ഞങ്ങളെപ്പോലുള്ള കോടീശ്വരന്മാർക്ക് (ടാക്സ് റിച്ച് ആന്റ് ദ സൂപ്പര്‍ റിച്ച്) മേൽ ഉയർന്ന നികുതി ഏർപ്പെടുത്തേണ്ടതുണ്ട്.
ഒന്നുകിൽ ഈ ലളിതമായ സത്യം അംഗീകരിച്ച് തകർന്നുകൊണ്ടിരിക്കുന്ന ലോകത്തെ ശരിയാക്കാൻ ഞങ്ങളോടൊപ്പം ചേരാം, അല്ലെങ്കിൽ പരിഹാരത്തിന്റെ ഭാഗമാകാൻ വിസമ്മതിച്ച് ഭാവിയിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാം. ഈ അനിവാര്യമായ പോരാട്ടത്തിൽ ദയവായി ഞങ്ങളോടൊപ്പം ചേരുക. വിശ്വസ്തതയോടെ, നിങ്ങളുടെ സഹ കോടീശ്വരന്മാർ.” കോടീശ്വരന്മാരുടെയും ശതകോടീശ്വരന്മാരുടെയും സാധാരണക്കാരുടെയും മേൽ സർക്കാർ സാധാരണ നികുതി ചുമത്തുന്നത് അവരുടെ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. വമ്പൻ ബിസിനസുകാരും കോർപറേറ്റുകളും ബിസിനസ് നഷ്ടത്തിലാണ്, അല്ലെങ്കിൽ ലാഭം നികുതിക്ക് വിധേയമായ തുകയിലും വളരെ കുറവാണ് എന്ന രീതിയിലാണ് അക്കൗണ്ടുകൾ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത്. നഷ്ടത്തിലാണെങ്കിൽ വരുമാനമില്ല.
അതുകൊണ്ട് നികുതിയുടെ പ്രശ്നവും ഉദിക്കുന്നില്ല. കുറച്ചുനാളുകൾക്കു മുൻപ് വായിച്ച ഒരു പത്രവാർത്തയിൽ കണ്ടത് ഇന്ത്യയിലെ ഒരു പ്രമുഖ കോർപറേറ്റ് മേധാവിയുടെ ശമ്പളം 15 കോടിയിലധികം എന്നാണ്. നികുതിയിൽ നിന്നും മനഃപൂർവം ഒഴിവാകുന്ന കോടീശ്വരന്മാർക്കും ശതകോടീശ്വരന്മാർക്കും കൂടി നികുതി അടയ്ക്കേണ്ടിവരുന്ന വിധത്തിൽ ആഗോള സ്വത്ത് നികുതി ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഉച്ചകോടിയിൽ ചർച്ച നടക്കുകയുണ്ടായി. ഇന്ത്യയിൽ സ്വത്തു നികുതി മുമ്പുണ്ടായിരുന്നു. അത് പിന്നീട് ഒഴിവാക്കുകയാണ് ചെയ്തത്. കാലം മാറി. കോടികൾ ശമ്പളവും മറ്റു ചെലവുകളും കാണിച്ച് കമ്പനിയുടെ ആദായം കുറച്ചു കാണിച്ച് ആദായ നികുതിയിൽ നിന്ന് തന്ത്രപൂർവം ഒഴിയുകയാണ് കോർപറേറ്റുകൾ ഇപ്പോൾ ചെയ്യുന്നത്. അതുകൊണ്ടുതന്നെ കോടീശ്വരന്മാർക്കും ശതകോടീശ്വരന്മാർക്കും കോർപറേറ്റ് കോടീശ്വരന്മാർക്കും ആഗോള സ്വത്ത് നികുതി അടിയന്തരമായും ഏർപ്പെടുത്തുകതന്നെ വേണം. ലോക കോടീശ്വരന്മാരും ശതകോടീശ്വരന്മാരും കോർപറേറ്റുകളും തങ്ങളുടെ മേൽ ‘അധിക നികുതി ചുമത്തൂ’ എന്നാവശ്യപ്പെട്ടുകൊണ്ട് വ്യാപകമായി ഒപ്പ് ശേഖരണം നടത്തി സാമ്പത്തിക ഉച്ചകോടിയിൽ അവതരിപ്പിച്ചുവെങ്കിലും ഇന്ത്യയിലെ ഇത്തരം കോടീശ്വരന്മാരുടെ മേൽ ഒരു രൂപയുടെ പോലും അധിക നികുതി ചുമത്താൻ ഈ ഫെബ്രുവരി ഒന്ന് ഞായറാഴ്ച ഇന്ത്യൻ പാർലമെന്റിൽ ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ യാതൊരു നിർദേശവും മുന്നോട്ടുവയ്ക്കുകയുണ്ടായില്ല. ഇത് വളരെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു.
എല്ലാ മനുഷ്യരുടെയും അടിസ്ഥാന ആവശ്യങ്ങളും അതിനുവേണ്ടി വരുന്ന ചെലവുകളും ഏകദേശം സമാനമാണ്. ആഹാരം, വസ്ത്രം, പാർപ്പിടം, ചികിത്സ, യാത്ര തുടങ്ങിയവയാണല്ലോ അടിസ്ഥാന ആവശ്യങ്ങൾ. സമ്പന്നർ സമ്പത്ത് കൂടുന്നതിനനുസരിച്ച് സഞ്ചാരം പൊതു യാത്രാവിമാനങ്ങളിൽ നിന്നും സ്വന്തം വിമാനത്തിലും താമസം അത്യാഡംബര നക്ഷത്ര ഹോട്ടലുകളിലും ആക്കുകയും തങ്ങൾ ആഗ്രഹിക്കുന്ന മറ്റെല്ലാ സുഖസൗകര്യങ്ങൾക്കും ചെലവഴിച്ചിട്ടും ഈ ‘സൂപ്പർ റിച്ച്’ കോടീശ്വരന്മാരുടെ പണം മിച്ചമാകുന്നു. അതിസമ്പന്നർക്ക് ഈ മിച്ചം പണത്തിന് യാതൊരു മൂല്യവും ഇല്ലാത്ത അവസ്ഥയിലെത്തിയിരിക്കുന്നു എന്നുവേണം അവരുടെ തന്നെ ‘ഞങ്ങളെ നികുതി ചുമത്തൂ’ എന്ന ആവശ്യത്തെ കാണേണ്ടിയിരിക്കുന്നത്. സാധാരണ ജനങ്ങൾ അവർക്കെതിരെ തിരിയാൻ സാധ്യതയുണ്ടെന്ന പേടിയും അവരുടെ കത്തിൽ നിന്നും വ്യക്തമാണ്. ധൂർത്തിന്റെ രണ്ടുദാഹരണങ്ങൾ കൂടി കാണുക. ആമസോണിന്റെ മുതലാളി 67 കാരനായ ജഫ് ബസോസ് കാമുകി ലോറൻസ് സ്നാച്ചസുമായുള്ള വിവാഹത്തിന് ചെലവഴിച്ചത് 56 മില്യൺ ഡോളർ (ഏകദേശം 500 കോടി രൂപയിൽ അധികം) എന്നാണ് വാർത്തകളിൽ വായിച്ചത്. വെനീസിൽ വച്ച് നടന്ന ഈ വിവാഹത്തെ മാധ്യമങ്ങൾ ‘അൾട്രാ ലക്ഷൂറി’ എന്നാണ് വിശേഷിപ്പിച്ചത്. രണ്ടാമത്തേത് മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ ആഡംബര വിവാഹമാണ്.
അതിന് നൂറുകണക്കിന് കോടി രൂപയാണ് ചെലവഴിച്ചതെന്ന് വാർത്തകളിൽ കണ്ടു. ഇതും ഇതുപോലെയുളള ഇത്തരം അത്യാഡംബര ധൂർത്തുകൾക്ക് മേൽ 50 ശതമാനം നികുതി ചുമത്തിയാൽ അത് സമൂഹത്തിന് നേട്ടമല്ലാതെ കോട്ടം ഒന്നും ഉണ്ടാക്കുകയില്ല. ഈ പശ്ചാത്തലത്തിൽ വേണം കോടീശ്വരന്മാരുടെ “ഞങ്ങൾക്കു മേൽ ടാക്സ് ചുമത്തൂ” എന്ന ആവശ്യത്തെ കാണാൻ. ചുവരെഴുത്തുകൾ വ്യക്തമാണ്. നടപടികൾ സ്വീകരിക്കേണ്ടത് ഇനി ബന്ധപ്പെട്ട സർക്കാരുകളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.