
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ പിടിക്കുന്നതും കലുങ്കിനടിയിലേക്ക് വലിച്ചിഴയ്ക്കുന്നതും ബലാത്സംഗശ്രമമായി കണക്കാക്കാനാവില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ വിധി സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതിയുടെ ഉത്തരവ് ക്രിമിനൽ നിയമതത്വങ്ങളുടെ തെറ്റായ പ്രയോഗമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. 2025 മാർച്ചിലായിരുന്നു അലഹബാദ് ഹൈക്കോടതി ഈ വിവാദ വിധി പുറപ്പെടുവിച്ചത്.
പ്രതി ബലാത്സംഗത്തിന് തയ്യാറെടുപ്പ് മാത്രമേ നടത്തിയിട്ടുള്ളൂ എന്നും ‘ശ്രമം’ എന്ന ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ വാദം. എന്നാൽ, ക്രിമിനൽ മനസ്സ് പ്രവൃത്തിയായി നടപ്പിലാക്കി തുടങ്ങുന്നിടത്ത് ‘തയ്യാറെടുപ്പ്’ അവസാനിക്കുകയും ‘ശ്രമം’ ആരംഭിക്കുകയും ചെയ്യുന്നുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പെൺകുട്ടിയെ ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ഉപദ്രവിക്കാൻ തുടങ്ങിയത് ബലാത്സംഗശ്രമം തന്നെയാണെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ ഐ പി സി 376, പോക്സോ നിയമത്തിലെ സെക്ഷൻ 18 എന്നിവ പ്രകാരമുള്ള കുറ്റാരോപണങ്ങൾ കോടതി പുനഃസ്ഥാപിച്ചു.
ലൈംഗികാതിക്രമ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ കോടതികൾ കാണിക്കേണ്ട സംവേദനക്ഷമതയുടെയും സഹാനുഭൂതിയുടെയും അഭാവത്തിൽ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി. ഇത്തരം കേസുകളിൽ ജഡ്ജിമാർ പാലിക്കേണ്ട സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിനായി ഭോപ്പാലിലെ നാഷണൽ ജുഡീഷ്യൽ അക്കാദമിയോട് സുപ്രീം കോടതി നിർദ്ദേശിച്ചു. മുൻ സുപ്രീം കോടതി ജഡ്ജി അനിരുദ്ധ ബോസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വിദേശ ഭാഷാ പ്രയോഗങ്ങളോ സങ്കീർണ്ണമായ സാങ്കേതിക പദങ്ങളോ ഇല്ലാതെ സാധാരണക്കാർക്കും ഇരകൾക്കും മനസ്സിലാകുന്ന ലളിതമായ ഭാഷയിലായിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് പ്രത്യേകം നിർദ്ദേശിച്ചു. 2023ൽ പുറത്തിറക്കിയ ‘ജെൻഡർ സ്റ്റീരിയോടൈപ്പ് ഹാൻഡ്‌ബുക്ക്’ ലളിതമല്ലെന്ന വിമർശനത്തിന് പിന്നാലെയാണിത്. ഇരകളോട് കൂടുതൽ കരുണയും നീതിയും പുലർത്തുന്ന ഒരു ജുഡീഷ്യൽ അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.