18 February 2026, Wednesday

വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലെ 5% മുസ്ലിം സംവരണം മഹാരാഷ്ട്ര സർക്കാർ റദ്ദാക്കി

Janayugom Webdesk
മുംബൈ
February 18, 2026 3:00 pm

മഹാരാഷ്ട്രയിൽ മുസ്ലിം വിഭാഗത്തിന് അനുവദിച്ചിരുന്ന 5 ശതമാനം സംവരണം ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ ഔദ്യോഗികമായി റദ്ദാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സർക്കാർ‑അർദ്ധ സർക്കാർ ജോലികൾക്കും ബാധകമായിരുന്ന ഈ സംവരണമാണ് ചൊവ്വാഴ്ച രാത്രി പുറത്തിറക്കിയ സർക്കാർ ഉത്തരവിലൂടെ റദ്ദാക്കിയത്. പ്രത്യേക പിന്നാക്ക വിഭാഗം (SBC‑A) എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്തി നൽകിയിരുന്ന ഈ ആനുകൂല്യമാണ് ഇപ്പോൾ ഇല്ലാതായത്.

2014ൽ കോൺഗ്രസ്-എൻസിപി സർക്കാർ അധികാരത്തിലിരുന്നപ്പോഴാണ് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന മുസ്ലിം വിഭാഗങ്ങൾക്ക് സംവരണം അനുവദിച്ചത്. എന്നാൽ ഇത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ ബോംബെ ഹൈക്കോടതി സ്റ്റേ നൽകി. നിശ്ചിത സമയത്തിനകം ഇത് നിയമസഭയിൽ പാസാക്കി നിയമമാക്കാത്തതിനാൽ ഓർഡിനൻസ് അസാധുവാകുകയായിരുന്നു. പിന്നീട് സുപ്രീം കോടതിയും സംവരണം റദ്ദാക്കി. 12 വർഷങ്ങൾക്ക് ശേഷമാണ് മുൻ ഉത്തരവുകളും സർക്കുലറുകളും ഔദ്യോഗികമായി പിൻവലിച്ച് ഫഡ്‌നാവിസ് സർക്കാർ ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്.

സർക്കാർ തീരുമാനം അത്യന്തം നിർഭാഗ്യകരമാണെന്ന് മുംബൈ കോൺഗ്രസ് അധ്യക്ഷ വർഷ ഗെയ്‌ക്‌വാദ് പ്രതികരിച്ചു. മുസ്ലിം സമുദായത്തിന് ലഭ്യമായിരുന്ന സംവരണാവകാശം ഇല്ലാതാക്കുന്ന നടപടിയാണിതെന്ന് അവർ പറഞ്ഞു. ബിജെപിക്കൊപ്പം നിൽക്കുന്ന മുസ്ലിം നേതാക്കൾക്കും അവരുടെ സഖ്യകക്ഷികൾക്കും സ്വന്തം സമുദായത്തിന് നീതി നേടിക്കൊടുക്കാൻ കെൽപ്പില്ലെന്നാണ് ഈ തീരുമാനം വ്യക്തമാക്കുന്നതെന്ന് എൻസിപി (ശരദ് പവാർ വിഭാഗം) വക്താവ് ക്ലൈഡ് ക്രാസ്റ്റോ പരിഹസിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.