19 February 2026, Thursday

Related news

February 19, 2026
February 13, 2026
January 10, 2026
January 9, 2026
January 9, 2026
November 19, 2025
November 17, 2025
August 7, 2025
July 28, 2025
June 29, 2025

ആര്‍സിബിയും രാജസ്ഥാന്‍ റോയല്‍സും കെകെആര്‍ ചൊല്‍പ്പടിയിലേക്ക്

ജയ്സണ്‍ ജോസഫ്
February 19, 2026 10:22 pm

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎല്‍) 2026 പതിപ്പിന് ആഴ്ചകൾ മാത്രമാണ് അകലം. ഫ്രാഞ്ചൈസികളുടെ ബ്രാൻഡ് മൂല്യം ഉച്ചകോടിയിലുമാണ്. ഐപിഎൽ ആരംഭിച്ചിട്ട് 18 വർഷങ്ങൾ തികയുമ്പോൾ, 2025‑ലെ കണക്കുകൾ പ്രകാരം ലീഗിന്റെ ബ്രാൻഡ് മൂല്യം 18.5 ബില്യൺ ഡോളറി (1.67 ലക്ഷം കോടി രൂപ)ലേയ്ക്ക് വളർന്നിരിക്കുന്നു. അവിശ്വസനീയമാണ് ഈ വളർച്ച. നിലവിലെ ഉടമകൾ തങ്ങളുടെ ടീമുകളെ വിൽക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആര്‍സിബി), രാജസ്ഥാൻ റോയൽസ് എന്നീ രണ്ട് ഫ്രാഞ്ചൈസികൾ പുതിയ നിക്ഷേപകരെ തേടുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ലഭ്യതയും ഇടപാടിന്റെ പ്രായോഗികതയും പരിഗണിച്ച് ആര്‍സിബിയിലോ രാജസ്ഥാനിലോ വലിയൊരു പങ്ക് ഓഹരികൾ വാങ്ങാൻ ബിസിനസ് ലോകത്തെ വമ്പന്മാരായ കെകെആർ (കോല്‍ബര്‍ഗ് ക്രാവിസ് റോബര്‍ട്സ് ആന്റ് കമ്പനി) താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആഗോള പ്രൈവറ്റ് ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ഥാപനമാണ് ന്യൂയോര്‍ക്ക് ആസ്ഥാ­നമാക്കിയുള്ള കെകെആർ. ബ്ലാക്ക്സ്റ്റോൺ ഇൻകോർപ്പറേറ്റഡും കൂടെയുണ്ട്. റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ ലാഭകരമായ ക്രിക്കറ്റ് വിപണിക്ക് മുൻഗണന നൽകിക്കൊണ്ട് വലിയ നിക്ഷേപങ്ങൾ നടത്താൻ അവർ ലക്ഷ്യമിടുന്നു. അവരുടെ പദ്ധതികളുടെ മുൻനിരയിൽ ഐപിഎൽ തന്നെയാണ്. 

ആര്‍സിബി അല്ലെങ്കിൽ രാജസ്ഥാന്‍ എന്നിവയിൽ ഒന്ന് ഏറ്റെടുക്കാൻ കെകെആറിന് ശക്തമായ താല്പര്യമുണ്ടെന്ന് രണ്ട് ബാങ്കിങ് സ്രോതസുകൾ സ്ഥിരീകരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കെകെആറിന് പുറമെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും ഇതേ ലക്ഷ്യവുമായി കളത്തിലുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സഹ ഉടമയായ അവ്റാം ഗ്ലേസറും ഇതിൽ ഉൾപ്പെടുന്നു. ഗ്ലേസറിന്റെ നിക്ഷേപ സ്ഥാപനമായ ലാൻസർ ക്യാപിറ്റൽ 1.8 ബില്യൺ ഡോളറിന്റെ (ഏകദേശം 16,321 കോടി രൂപ) റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനു വേണ്ടി ബിഡ് ചെയ്തതായി റിപ്പോർട്ടുണ്ട്. യുഎഇ ആസ്ഥാനമായുള്ള ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ഡെസേർട്ട് വൈപ്പേഴ്സ് ഫ്രാഞ്ചൈസി ഗ്ലേസറിന്റെ ഉടമസ്ഥതയിലാണ്. 

കെകെആറിന്റെയും ബ്ലാക്ക്സ്റ്റോണിന്റെയും പദ്ധതികളും ചർച്ചകളും നിലവിൽ പ്രാരംഭ ഘട്ടത്തിൽ മാത്രമാണെന്ന് കരുതപ്പെടുന്നു. ഈ വിഷയത്തിൽ ഔദ്യോഗികമായ പ്രതികരണങ്ങളോ സ്ഥിരീകരണമോ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് റോയിട്ടേഴ്സ് വെളിപ്പെടുത്തി. സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസമായ മാർച്ച് 31ഓടെ ഇതിൽ കൂടുതൽ വ്യക്തത വരാനിടയുണ്ട്. ഔദ്യോഗിക നിയമനടപടികൾ പൂർത്തിയാകാൻ സമയമെടുത്തേക്കാമെങ്കിലും, വരുംകാല ഉടമയെ അതിനുമുമ്പ് തന്നെ തിരിച്ചറിയാനാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.