21 February 2026, Saturday

Related news

February 21, 2026
February 21, 2026
February 21, 2026
February 21, 2026
February 16, 2026
February 15, 2026
February 15, 2026
February 14, 2026
February 13, 2026
February 11, 2026

കലൂരില്‍ ബ്ലാസ്റ്റേഴ്സിറങ്ങും

നിഖിൽ എസ് ബാലകൃഷ്ണൻ 
കൊച്ചി
February 21, 2026 10:10 pm

ന്ത്യൻ സൂപ്പർലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടാമത്തെ മത്സരത്തിനിറങ്ങും. മുംബൈ സിറ്റി എഫ്‌സിയാണ് എതിരാളികൾ. സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജിസിഡിഎയുമായി ഉടലെടുത്ത തർക്കത്തിൽ താല്‍ക്കാലിക പരിഹാരം കണ്ടെത്താൻ സാധിച്ചത് ആശ്വാസമാണ്. ഇന്നലെ പകൽ മുഴവൻ നിറഞ്ഞുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ അവസാനനിമിഷമാണ് കാര്യങ്ങൾ അനുകൂലമായത്.

ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നൽകാനുള്ള കുടിശിക ഒരാഴ്ചയ്ക്കുള്ളിൽ നൽകാമെന്ന് ടീം അറിയിച്ചു. ഇതോടെയാണ് ഇന്ന് കൊച്ചിയിൽ പന്ത് ഉരുളുമെന്ന പ്രഖ്യാപനമുണ്ടായത്. ആദ്യ മത്സരത്തിൽ മോഹൻബഗാനോട് തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയം അനിവാര്യമാണ്. അടിമുടി മാറ്റങ്ങളുമായിട്ടാണ് ബ്ലാസ്റ്റേഴ്സ് പുതിയ സീസണിൽ ഇറങ്ങിയത്. സാമ്പത്തിക ബാധ്യതകളെ തുടർന്ന് ഐഎസ്എൽ നടക്കുമോ എന്ന ആശങ്കയുണ്ടായിരുന്നുവെങ്കിലും അവസാനനിമിഷം കാര്യങ്ങൾ അനുകൂലമാവുകയായിരുന്നു. കാര്യമായ പ്രീ സീസൺ തയ്യാറെടുപ്പുകൾ നടത്താൻ സാധിക്കാത്തത് ടീമിനെ സംബന്ധിച്ച് കുറവ് തന്നെയാണ്. മൈതാനമധ്യത്ത് ഒരുടീമായി സെറ്റാകാൻ കഴിഞ്ഞ കളിയിൽ ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നില്ല. പുതിയതായി എത്തിയ കളിക്കാർ ടീമുമായി ഒത്തിണങ്ങി വരുന്നതേയുള്ളു. സ്വന്തം മൈതാനത്ത് മുംബൈയുമായി കൊമ്പുകോർക്കുമ്പോൾ സാഹചര്യവുമായി ഇണങ്ങാൻ സാധിക്കാത്തത് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

ഗോൾ ബാറിന് കീഴിൽ സച്ചിൻ സുരേഷ് തന്നെ ഇന്നും ഇറങ്ങിയേക്കും. പ്രതിരോധനിരയിൽ വിദേശ താരം ഉമർ ബാഹിന്റെ അനുഭവസമ്പത്തും ഇന്ത്യയുടെ അണ്ടർ 23 ക്യാപ്റ്റൻ ബികാഷ് യുംനാമിന്റെ നേതൃപാടവവും ടീമിന് ആത്മവിശ്വാസം നൽകുന്നു. മധ്യനിരയിൽ കളി നിയന്ത്രിക്കാനും ടീമിനെ ഒത്തിണക്കത്തോടെ മുന്നോട്ട് കൊണ്ടുപോകാനും മർലോൺ റൂസ്, വിബിൻ മോഹനൻ എന്നിവർക്ക് പ്രധാന ചുമതലയുണ്ട്.

കഴിഞ്ഞ കളിയിൽ അധ്വാനിച്ച് കളിച്ച നിഹാൽ സുരേഷും ഡാനിഷ് ഫറാഖും ഫോമിലാണെന്നത് ടീമിന് പ്രതീക്ഷ നൽകുന്നുണ്ട്. ഏറെക്കാലം അഡ്രിയാൻ ലൂണ നയിച്ച മധ്യനിരയിൽ ഒരു മികച്ച വിദേശതാരത്തിന്റെ അഭാവം ടീമിനെ വലയ്ക്കുന്നുണ്ട്. മുന്നേറ്റനിരയിൽ വിക്ടർ ബെർട്ടോമിയുവും കെവിൻ യോക്കും താളം കണ്ടെത്തിയാൽ ബ്ലാസ്റ്റേഴ്സിന് രക്ഷയാകും. മോഹൻ ബഗാനെതിരെ പകരക്കാരനായി എത്തിയ കെവിൻ യോക്ക് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതുകൊണ്ട് തന്നെ ഇന്ന് ആദ്യ ഇലവനിൽ തന്നെ യോക്കിന് കോച്ച് ഡേവിഡ് കറ്റാല അവസരം നൽകിയേക്കും. കൊറൗ സിങ്, ലാൽതൻമാവിയ റെന്ത്‌ലി, മുഹമ്മദ് അജ്സൽ, ശ്രീകുട്ടൻ എം എസ് എന്നീ ഇന്ത്യൻ താരങ്ങളും മുന്നേറ്റ നിരയിൽ ബ്ലാസ്റ്റേഴ്സിനായി പന്ത് തട്ടും.

ആദ്യ കളിയിൽ ചെന്നൈയ്ക്കെതിരെ ജയിക്കാൻ സാധിച്ചിതിന്റെ ആത്മവിശ്വാസമാണ് മുംബൈയുടെ കൈമുതൽ. കഴിഞ്ഞ സീസണുകളിൽ മുംബൈയ്ക്കായി ഇറങ്ങിയ സ്ഥിരം മുഖങ്ങൾ ഇക്കുറിയും ടീമിലുണ്ട്. പരസ്പരം അറിയാവുന്ന കളിക്കാരുടെ ഒത്തൊരുമ്മ തന്നെയാണ് മുംബൈയെ ബ്ലാസ്റ്റേഴ്സിൽ നിന്ന് വേറിട്ട് നിർത്തുന്ന ഘടകം. മുന്നേറ്റനിരയിൽ കളിക്കുന്ന അർജന്റീനിയൻ സ്ട്രൈക്കർ പെരേര ഡയസ് പരിചയ സമ്പന്നനാണ്. കഴിഞ്ഞ നാല് സീസണുകളിലായി താരം ഐഎസ്­എൽ കളിക്കുന്നുണ്ട്.

ഇന്ത്യൻ ഇന്റർനാഷ്ണൽ താരം ലാലൻസുവാല ചാങ്തേയും മുംബൈയ്ക്ക് കരുത്ത് പകരുന്ന താരമാണ്. ചെന്നൈയ്ക്കെതിരെ അവർ വഴങ്ങിയ സെൽഫ് ഗോളിലാണ് മുംബൈ വിജയം പിടിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ മൈതാനത്ത് ആധികാരികമായി ജയം പിടിക്കാനാണ് മുംബൈയുടെ പ്രാഥാമിക ലക്ഷ്യം. തർക്കങ്ങൾ പരിഹരിച്ച് ഈ സീസണിൽ പൂർണമായും മത്സരങ്ങൾ നടക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മഞ്ഞപ്പടയും. മികച്ച കളി കാഴ്ച്ചവച്ച വീണ്ടും കലൂർ സ്റ്റേഡിയം മഞ്ഞകടലാക്കുക എന്ന ലക്ഷ്യമാണ് ബ്ലാസ്റ്റേഴ്സിനെ നയിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar