21 February 2026, Saturday

കാർഷിക നവോത്ഥാനത്തിന്റെ പുതിയ അധ്യായമായി വൈഗ

പി പ്രസാദ്
കൃഷിമന്ത്രി
February 22, 2026 4:15 am

കേരളത്തിന്റെ കാർഷിക മേഖല നവോത്ഥാനത്തിന്റെ പാതയിലാണെന്ന വ്യക്തവും കൃത്യവുമായ പ്രഖ്യാപനത്തോടെയാണ് ‘വെെഗ 2026’ന്റെ കൊടിയിറങ്ങിയത്. കൃഷി എന്നത് കേവലം ഉല്പാദന പ്രക്രിയയിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ഒന്നല്ലെന്നും കർഷകർ തങ്ങളുടെ വരുമാന വർധനവിന് കാർഷിക സംരംഭങ്ങളിലേക്ക് ഉയരേണ്ടതുണ്ടെന്നുമുള്ള കേരള സർക്കാരിന്റെ കാഴ്ചപ്പാടാണ്, “മൂല്യവർധിത കൃഷി – വരുമാന വർധനവിന്” എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട വൈഗയിലൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കപ്പെട്ടത്.
കൃഷിവകുപ്പിന്റെ പുതിയ ആസ്ഥാന മന്ദിര നിർമ്മാണം നടക്കുന്ന തിരുവനന്തപുരം ആനയറയിലാണ് ‘വൈഗ’ നടന്നത്. കേരളത്തിലെ മൂല്യവർധിത കാർഷികോല്പന്നങ്ങൾക്ക് ദേശീയ – അന്തർദേശീയ വിപണി ഉറപ്പാക്കുന്നതിനായി രൂപീകരിച്ച ‘കേരള അഗ്രോ ബിസിനസ് കമ്പനി’യുടെ നേതൃത്വത്തിൽ 72 കോടി രൂപ ചെലവിൽ 65,000 ചതുരശ്രയടി വിസ്തൃതിയിലാണ് “കാബ്കോ എക്സ്പോ ആന്റ് അഗ്രി പാർക്ക്” നിർമ്മിക്കുന്നത്. സംസ്ഥാന സർക്കാരിന് 33% ഓഹരി വിഹിതവും ശേഷിക്കുന്ന ഓഹരികൾ കർഷക കൂട്ടായ്മകൾക്കും എഫ്‌പിഒകൾക്കും സഹകരണ സംഘങ്ങൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നൽകി രൂപീകരിച്ച കാബ്കോ, കാർഷിക വിപണന രംഗത്ത് ദീർഘകാല മാറ്റത്തിന് വഴിയൊരുക്കുന്ന പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടിരിക്കുന്നത്. 

365 ദിവസവും ഉല്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിപണനം നടത്താനും കഴിയുംവിധം രൂപപ്പെടുന്ന സ്ഥിരം വേദിയോട് ചേർന്ന് സംഘടിപ്പിച്ച വൈഗ മേളയിൽ 250തിലധികം സ്റ്റാളുകൾ ഒരുക്കിയിരുന്നു. സംസ്ഥാനത്തെ 14 ജില്ലകളുടെ സജീവ പങ്കാളിത്തത്തോടൊപ്പം ഇതര സംസ്ഥാനങ്ങളുടെയും സാന്നിധ്യം വൈഗയെ ദേശീയ ശ്രദ്ധാകേന്ദ്രമാക്കി.
കേരളത്തിലെ കർഷകൻ ഇന്ന് വെറും ഉല്പാദകൻ മാത്രമല്ല സംരംഭകൻ കൂടിയാണ്. വാർഡുതല മൈക്രോ പ്ലാനുകളിലൂടെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ബ്ലോക്ക് തലങ്ങളിലായി ഉല്പാദനവും വിപണനവും ഏകോപിപ്പിക്കുന്ന നവീന മാതൃകയ്ക്കാണ് കൃഷിവകുപ്പ് രൂപം നല്‍കിക്കൊണ്ടിരിക്കുന്നത്. കർഷക കൂട്ടായ്മകളും കാർഷികോല്പാദക സംഘടനകളും ഉല്പാദനത്തോടൊപ്പം മൂല്യവർധന, ബ്രാൻഡിങ്, വിപണനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, വരുമാനം വർധിക്കുകയും ആത്മവിശ്വാസം ശക്തിപ്പെടുകയും ചെയ്യുന്നു. ഇതിനാവശ്യമായ പിന്തുണയാണ് സർക്കാർ സംവിധാനങ്ങൾ ഒരുക്കുന്നത്. 

കേരളത്തിലാദ്യമായി കർഷകരുടെയും കാർഷിക സംരഭകരുടെയും ആവശ്യങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുന്നതിന് ഒരു ‘കർഷക പാർലമെന്റ്’ വൈഗയുടെ ഭാഗമായി നടന്നു. മുൻ കൃഷി മന്ത്രി മുല്ലക്കര രത്നാകരൻ സ്പീക്കറായ പാർലമെന്റിൽ വരുംനാളുകളിലേക്കുള്ള കൃഷിവകുപ്പിന്റെ നയപ്രഖ്യാപനം കൃഷി മന്ത്രി അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചകളും അഭിപ്രായങ്ങളും കേരളത്തിലെ കാർഷികജനാധിപത്യത്തിന്റെ ശക്തമായ പ്രകടനമായി മാറി. കർഷകരുടെ അനുഭവങ്ങളും ശാസ്ത്രീയവും പരമ്പരാഗതവുമായ അറിവുകളും ഭരണ സംവിധാനത്തിന്റെ പ്രവർത്തന ശേഷിയും ഒന്നിക്കുമ്പോഴാണ് ദീർഘകാല കാർഷിക കാഴ്ചപ്പാട് രൂപപ്പെടുക എന്ന സത്യത്തെ പ്രകടമാക്കുന്ന ഒന്നായി ‘കർഷക പാർലമെന്റ്.’ 140 നിയോജകമണ്ഡലങ്ങളിൽ നിന്നും പ്രതിനിധികൾ അവതരിപ്പിച്ച സബ്മിഷനുകളും ശ്രദ്ധക്ഷണിക്കൽ പ്രമേയങ്ങളും അടിയന്തര പ്രമേയവുമെല്ലാം പുതുമയുള്ള അനുഭവമായി മാറി. 

കർഷകന്റെ അധ്വാനം ഗ്രാമത്തിലെ വയലുകളിൽ നിന്ന് അന്താരാഷ്ട്ര വിപണികളിലേക്ക് ഒരു സമഗ്ര സാമ്പത്തിക ശക്തിയായി രൂപാന്തരപ്പെടുന്ന ദൃശ്യം വൈഗയിൽ പ്രത്യക്ഷമായി. മേളയുടെ ഭാഗമായി നടത്തിയ ബിടുബി മീറ്റിൽ 119 ബിസിനസ് കരാറുകൾ വഴി 344.53 കോടി രൂപയുടെ വ്യാപാര മൂല്യം സൃഷ്ടിക്കപ്പെട്ടു. 2023ൽ നടന്ന വൈഗയിൽ ആദ്യമായി ബിടുബി സംഘടിപ്പിച്ചപ്പോൾ 39.76 കോടി രൂപയുടെ ബിസിനസാണ് നടന്നത്. 39.76 കോടിയിൽ നിന്നും 344.53 കോടി രൂപയിലേക്കുള്ള വളർച്ചയിലേക്ക് എത്താൻ കഴിഞ്ഞത് കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി കാർഷിക മൂല്യവർധിത മേഖലയിൽ കൈവരിച്ച നേട്ടത്തിലൂടെയാണ്. “ഒരു കൃഷിഭവൻ – ഒരു മൂല്യവർധിത ഉല്പന്നം” എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കിക്കൊണ്ട് സംസ്ഥാനത്ത് 4000ത്തിലധികം മൂല്യവർധിത ഉല്പന്നങ്ങൾ വികസിപ്പിക്കപ്പെട്ടതും ഇവയിൽ ഏകദേശം ആയിരത്തോളം ഉല്പന്നങ്ങളെ സർക്കാർ മുൻകയ്യിൽ ബ്രാൻഡഡ് ഉല്പന്നങ്ങളാക്കി “കേരളാഗ്രോ” എന്ന പൊതുബ്രാൻഡിലൂടെ വിപണിയിലെത്തിക്കുവാൻ അവസരമൊരുക്കിയതും രാജ്യത്തിന് പുതുമയാണ്. വർഷം മുഴുവൻ വിപണി ഉറപ്പാക്കുന്നതിനായി എല്ലാ ജില്ലകളിലും കേരളാഗ്രോ ബ്രാൻഡഡ് ഷോറൂമുകൾ ആരംഭിച്ചതും ഗുണമേന്മയിലും പാക്കേജിങ്ങിലും അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കാൻ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങിന്റെ സഹകരണത്തോടെ പരിശീലന പരിപാടികൾ സംഘടിപ്പിച്ച് കേരളാഗ്രോ ഉല്പന്നങ്ങൾക്ക് കെട്ടിലും മട്ടിലും പുതുമ നൽകിയതും വിപണിയിൽ കേരളാഗ്രോ ഉല്പന്നങ്ങളുടെ സാന്നിധ്യം ഉറപ്പാക്കി. ഈ ഉല്പന്നങ്ങൾക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള വ്യാപാരികൾ നൽകിയ അംഗീകാരത്തിന്റെ അടയാളമായി ബിടുബി മീറ്റിലൂടെ വൈഗ — 2026 മാറുകയായിരുന്നു.

ദ്വിതീയ കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകിയതിന്റെ ഫലമായി കർഷകർക്ക് 50% വരുമാന വർധനയും 1.5 ലക്ഷം പുതിയ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്. കമ്പനി ആക്ട് പ്രകാരം 47 എഫ്‌പിഒകൾ രൂപീകരിച്ച് സാമ്പത്തിക സ്വയംപര്യാപ്തതയിലേക്ക് നയിച്ചത് കർഷക കൂട്ടായ്മകളുടെ പ്രസക്തി വിളിച്ചോതുന്നു. ഹിമാചൽ പ്രദേശിലെ ഡയറക്ടറേറ്റ് ഓഫ് മഷ്റൂം റിസര്‍ച്ചിന്റെ സഹകരണത്തോടെ പരിശീലന സംവിധാനം ശക്തിപ്പെടുത്തി, സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ നേതൃത്വത്തിൽ ‘കൂൺഗ്രാമം’ പദ്ധതി 100 തദ്ദേശഭരണ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്നതും ‘കേരഗ്രാമം’ പദ്ധതി വഴി നാളികേരോല്പാദനവും ഉല്പാദനക്ഷമതയും വർധിപ്പിച്ച് മൂല്യവർധനയ്ക്ക് കൂടുതൽ വാതിലുകൾ തുറക്കുന്നതും കാർഷിക സംരഭകർക്ക് കൂടുതൽ അവസരങ്ങൾ പ്രദാനം ചെയ്യുന്നു. ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ‘കേര’ (കേരള ക്ലെെമറ്റ് റിസെെലന്റ് അഗ്രി — വാല്യു ചെയിന്‍) പദ്ധതി 2365.5 കോടിയുടെ സമഗ്ര നവീകരണ ശ്രമമാണ്. ഏകദേശം നാല് ലക്ഷം കർഷകർക്ക് നേരിട്ടും 10 ലക്ഷം പേർക്ക് പരോക്ഷമായും പ്രയോജനം ലഭിക്കും. സംരംഭകത്വ വികസനം, അഗ്രി-ഫുഡ് എസ്എംഇകൾ, സ്റ്റാർട്ടപ്പുകൾ, ഫുഡ് പാർക്കുകൾ എന്നിവയ്ക്ക് പദ്ധതി പിന്തുണ നൽകുന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ അനുയോജ്യമായ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുകയും കാപ്പി, റബ്ബർ, നാളികേരം തുടങ്ങിയ വിളകളുടെ പുനരുജ്ജീവനവും അവയിൽ നിന്നുള്ള മൂല്യവർധന സംരംഭങ്ങളുടെ വാണിജ്യവൽക്കരണവും ഉറപ്പാക്കുന്നത് മേഖലയിലെ സർക്കാർ ഇടപെടലുകൾക്ക് ശക്തി പകരും. 

ആനയറ, മരട്, വെങ്ങേരി നഗര മൊത്തവ്യാപാര വിപണികളിലും കാർഷിക സർവകലാശാലയുടെ അമ്പലവയൽ, കുമരകം, പിലിക്കോട് കാമ്പസുകളിലുമായി 86 കോടി രൂപ ചെലവിൽ ആറ് അഗ്രി എക്സ്പോ-വിജ്ഞാന കേന്ദ്രങ്ങൾ ആരംഭിക്കുന്നതും നാളികേരം, മാങ്ങ, വാഴപ്പഴം, തേൻ എന്നിവയെ ആസ്പദമാക്കി മലമ്പുഴ, മുതലമട, കണ്ണാറ എന്നിവിടങ്ങളിൽ 22.95 കോടി ചെലവിൽ മൂല്യവർധിത സംസ്കരണ യൂണിറ്റുകൾ തുടങ്ങുന്നതും ദേശീയ–അന്തർദേശീയ വിപണികളിലേക്ക് കർഷകരെ നയിക്കുന്ന ശക്തമായ ചുവടുവയ്പായി മാറുമെന്നതിന് സംശയമില്ല.
മാറുന്ന ലോകത്തിനനുസരിച്ച് കേരളത്തിലെ കാർഷിക മേഖലയിലും മാറ്റങ്ങൾ ഉണ്ടാകണം. നവീന കൃഷി രീതികൾ, ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയ കൃഷി, കൃത്രിമ ബുദ്ധിയുടെ ഉപയോഗം, യന്ത്രവൽക്കരണം തുടങ്ങിയവ കൃഷിയുടെ ഭാഗമാകേണ്ടതുണ്ട്. ഇക്കാര്യങ്ങളിൽ കർഷകരെ ബോധവാന്മാരാക്കുവാൻ വൈഗയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറുകൾ പ്രയോജനപ്പെട്ടു. കേരള കാർഷിക സർവകലാശാല വിദഗ്ധർ, സിടിസിആര്‍ഐ, എന്‍ആര്‍സി, സിപിസിആര്‍ഐ, ഡിഎംആര്‍-സൊലാന്‍, ഐഐഎച്ച്ആര്‍, സി
എഫ്‌ടിആര്‍ഐ, എന്‍ഐഐഎസ്‌ടി തുടങ്ങി നിരവധി സ്ഥാപനങ്ങളിലെ വിദഗ്ധർ സെമിനാറുകളിൽ അറിവും അനുഭവവും ചേർത്ത് കർഷകർക്ക് നൽകി. കർഷകർ ആഹ്ലാദത്തിന്റെ ആരവങ്ങൾ മുഴക്കിയ കലാ — സാംസ്കാരിക സന്ധ്യകളും നടന്നു. വൈഗ 2026 കേവലം ഒരു മേള മാത്രമായിരുന്നില്ല; ഉല്പാദനം മുതൽ വിപണി വരെ സമഗ്രമായ മൂല്യ ശൃംഖല സൃഷ്ടിക്കുന്ന പ്രായോഗിക മാതൃകയായിരുന്നു. കൃഷി ഇന്ന് ജീവനോപാധി മാത്രമല്ല, സംരംഭകത്വവും സാങ്കേതികതയും ബ്രാൻഡിങ്ങും കയറ്റുമതിയും സംഗമിക്കുന്ന നവയുഗ വ്യവസായമാണത്. കേരളത്തിന്റെ കാർഷിക മേഖല കൂടുതൽ മത്സരാധിഷ്ഠിതവും സാങ്കേതികപരവും വിപണിയധിഷ്ഠിതവുമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വൈഗ അവസാനിക്കുന്നത് ഒരു പരിപാടിയായാണ്. എന്നാൽ ഇവിടെ ആരംഭിക്കുന്നത് കേരളത്തിന്റെ കാർഷിക നവോത്ഥാനത്തിന്റെ പുതിയ അധ്യായമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar