
ഉത്തർപ്രദേശിലെ ബനാറസ് ഹിന്ദു സർവകലാശാല (ബിഎച്ച്യു) കാമ്പസിനുള്ളിൽ വിദ്യാർത്ഥിക്ക് നേരെ വെടിവയ്പ്പ്. ശനിയാഴ്ച രാത്രി 9.30-ഓടെ ‘ബിർള എ’ ഹോസ്റ്റൽ ഗേറ്റിന് സമീപമാണ് സംഭവം. സർവകലാശാലയിലെ മൂന്നാം വർഷ ബിഎ വിദ്യാർത്ഥിയായ റോഷൻ മിശ്രയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വെടിയേൽക്കാതെ റോഷൻ മിശ്രയും സുഹൃത്തും അത്ഭുതകരമായി രക്ഷപ്പെട്ടു.
ഹോസ്റ്റൽ ഗേറ്റിന് പുറത്ത് സുഹൃത്തിനൊപ്പം നിൽക്കുകയായിരുന്ന റോഷൻ മിശ്രയ്ക്ക് നേരെ ബൈക്കിലെത്തിയ മൂന്നംഗ സംഘം നാല് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. അക്രമികൾ വെടിവയ്ക്കാൻ തുടങ്ങിയതോടെ റോഷനും സുഹൃത്തും ഹോസ്റ്റലിനുള്ളിലേക്ക് ഓടിക്കയറി. ഒരു വെടിയുണ്ട തലയ്ക്ക് തൊട്ടടുത്ത് കൂടി പോയെങ്കിലും റോഷന് രക്ഷപെട്ടു. കാമ്പസിലെ വിദ്യാർത്ഥി ഗ്രൂപ്പുകൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
സംഭവസ്ഥലത്തുനിന്ന് നാല് ഒഴിഞ്ഞ വെടിയുണ്ട കാട്രിഡ്ജുകള്‍ പൊലീസ് കണ്ടെടുത്തു. പിയൂഷ് കുമാർ തിവാരി, ഋഷഭ്, തപസ് എന്നിവരാണ് വെടിവച്ചതെന്ന് പരാതിയിൽ പറയുന്നു. അഞ്ച് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സർവകലാശാലയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ വിദ്യാർത്ഥികളായ ക്ഷിതിജ് ഉപാധ്യായ, അഭിഷേക് ഉപാധ്യായ എന്നിവരുടെ നിർദ്ദേശപ്രകാരമാണ് ആക്രമണം നടന്നതെന്നും ആരോപണമുണ്ട്. തനിക്ക് നേരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് 20 ദിവസം മുൻപ് തന്നെ സർവകലാശാല അധികൃതരെ അറിയിച്ചിരുന്നതായും റോഷൻ മിശ്ര പറഞ്ഞു.
കാമ്പസിനുള്ളിലെ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ച് നൂറുകണക്കിന് വിദ്യാർത്ഥികൾ ബിർള ചൗരാഹയിൽ റോഡ് ഉപരോധിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് കാമ്പസിലും പരിസരത്തും കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.