
വയനാട് ടൗൺഷിപ്പ് താക്കോൽദാന ചടങ്ങിലേക്ക് രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നവരെയും പുനരധിവാസത്തിനായി അകമഴിഞ്ഞു സഹായങ്ങൾ നൽകിയവരേയും ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ ക്ഷണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
നാടിനെയാകെ നടുക്കിയതും വേദനയുടെ നിഴലിലാഴ്ത്തിയതുമായ സംഭവമായിരുന്നു 2024 ജൂലൈ 30 ന് മുണ്ടക്കൈ-ചൂരൽമല പ്രദേശത്തുണ്ടായ ഉരുൾപൊട്ടൽ ദുരന്തം. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ ഒരു നാട് തന്നെ മണ്ണിനടിയിലായ വാർത്ത ഉൾക്കിടിലത്തോടെയാണ് നാം കേട്ടത്. ആ മഹാദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തുപിടിക്കാൻ ഈ നാട് ഒന്നടങ്കം രംഗത്തു വന്നു. മന്ത്രിമാർ, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, സേനാ സംവിധാനങ്ങൾ, സന്നദ്ധസേനാ പ്രവർത്തകർ, സംഘടനാ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ തുടങ്ങി നാനാ മേഖലകളിൽ നിന്നുമുള്ളവർ സമാനതകളില്ലാത്ത വിധം രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നതോടെയാണ് ദുരന്തത്തിന്റെ ആദ്യ നാളുകളെ നാം അതിജീവിച്ചത്. ഇതിന്റെ തുടർച്ചയായി ദുരന്തത്തിൽ കിടപ്പാടവും ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് ലോകോത്തര നിലവാരത്തിൽ പുനരധിവാസം ഉറപ്പാക്കുമെന്ന് അന്ന് എൽഡിഎഫ് സർക്കാർ ഉറപ്പുനൽകിയിരുന്നു. ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് ഫേസ്-1 ന്റെ ഭാഗമായി 178 വീടുകൾ ഫെബ്രുവരി 25‑ന് ഉദ്‌ഘാടനം ചെയ്യുകയാണ്. ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നവരെയും പുനരധിവാസത്തിനായി അകമഴിഞ്ഞു സഹായങ്ങൾ നൽകിയവരേയും ഹൃദയപൂർവ്വം ക്ഷണിക്കുകയാണ്. എല്ലാവരും അന്നേ ദിവസം കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഒറ്റക്കെട്ടായി നാം തീർത്ത അതിജീവനത്തിന്റെ ഈ റിയൽ കേരള സ്റ്റോറി ലോകത്തിന് മുന്നിൽ മഹത്തായ മാതൃകയായി ഉയർന്നുനിൽക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.