22 February 2026, Sunday

Related news

February 22, 2026
February 22, 2026
February 16, 2026
February 14, 2026
February 13, 2026
February 11, 2026
February 9, 2026
February 5, 2026
February 5, 2026
February 5, 2026

തട്ടകത്തിലും തട്ടിവീണു; മുംബൈ സിറ്റിയോട് ബ്ലാസ്റ്റേഴ്സിന് തോല്‍വി

നിഖില്‍ എസ് ബാലകൃഷ്ണന്‍
കൊച്ചി
February 22, 2026 10:43 pm

നിശ്ചിതത്വങ്ങളും ആശങ്കകളും താല്‍ക്കാലികമായി അരങ്ങൊഴിഞ്ഞെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ മൈതാനത്തെ ദുര്‍വിധിക്ക് അന്ത്യമായില്ല. സ്വന്തം മൈതാനമായ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഈ സീസണിലെ കന്നി പോരാട്ടത്തിന് ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈയുമായി ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍വി വഴങ്ങി. രണ്ടാം പകുതിയുടെ 47-ാം മിനിറ്റില്‍ ലാലന്‍സുവാല ചാങ്‌തേ നേടിയ ഏക ഗോളിലാണ് മുംബൈ വിജയതീരമണഞ്ഞത്. തുടര്‍ച്ചയായ രണ്ട് തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളില്‍ 12-ാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചു. തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനവും ഉറപ്പിച്ചു. 4–4‑2 ശൈലിയിലാണ് പരിശീലകന്‍ ഡേവിഡ് കറ്റാല തന്റെ ആദ്യ ഹോം മാച്ചില്‍ ടീമിനെ അവതരിപ്പിച്ചത്. മധ്യനിരയില്‍ നിന്ന് മര്‍ലോണ്‍ റൂസ് ട്രൂജിലോയും വിക്ടര്‍ ബെര്‍ട്ടോമിയും ആക്രമണം നയിച്ചപ്പോള്‍ ഞൗളിന്‍ ബോര്‍ജസാണ് മധ്യനിരയില്‍ ടീമിനെ നയിച്ചത്. ആദ്യ മത്സരത്തില്‍ ടീമില്‍ ഇടംപിടിച്ച മലയാളി ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിനെ പിന്‍വലിച്ച് അര്‍ഷ് ഷെയ്ഖിനും പരിശീലകന്‍ അവസരം നല്‍കി. മറുവശത്ത് ഒരു മുന്നേറ്റനിരതാരത്തെ അണിനിരത്തി 4–2‑3–1 ശൈലിയിലാണ് സന്ദര്‍ശകരായ മുംബൈ സിറ്റി കളത്തിലിറങ്ങിയത്. അര്‍ജന്റീനിയന്‍ പ്ലേമേക്കര്‍ പെരേര ഡയസിന് ഏക സ്‌ട്രൈക്കറുടെ റോള്‍ നല്‍കിയപ്പോള്‍ വിക്രം സിങ്ങിനും ലാലന്‍സുവാല ചാങ്‌തേക്കുമായിരുന്നു വിങ്ങുകളുടെ ചുമതല. 

രണ്ടാം മിനിറ്റില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ആക്രമണം തുടങ്ങി. മധ്യനിരയില്‍ നിന്ന് കോറോ സിങ് ഉയര്‍ത്തി നല്‍കിയ പന്ത് വിക്ടര്‍ ബെര്‍ട്ടോമിക്ക് ലഭിക്കുമ്പോള്‍ മുന്നില്‍ മുംബൈ ഗോളി മാത്രമായിരുന്നു. ബെര്‍ട്ടോമിയുടെ ഷോട്ട് പക്ഷെ മുംബൈ ഗോളി തടഞ്ഞിട്ടു. പിന്നാലെ ലഭിച്ച കോര്‍ണറും മുതലാക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല. തൊട്ടുപിന്നാലെ മുംബൈ തിരിച്ചടിച്ചു. അനുകൂലമായി കിട്ടിയ കോര്‍ണര്‍ കിക്കില്‍ നിന്ന് കൊരുത്തെടുത്ത നീക്കം ബ്ലാസ്റ്റേഴ്‌സ് ഗോള്‍ മുഖത്ത് അപകടം വിതച്ചു. ബോക്‌സിനുള്ളില്‍ നിന്ന് ചാങ്‌തേ തൊടുത്ത ഷോട്ട് മഞ്ഞപ്പടയുടെ ഗോളി അര്‍ഷ് ഷെയ്ഖ് ഏറെ പണിപ്പെട്ടാണ് തടഞ്ഞിട്ടത്. വീണ്ടും കോറോയിലൂടെ ബ്ലാസ്റ്റേഴ്‌സ് അവസരം മെനഞ്ഞു. അളന്ന് മുറിച്ചുള്ള ക്രോസില്‍ തലവച്ച ബെര്‍ട്ടോമിക്ക് പിഴച്ചു. പന്ത് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേയ്ക്ക് തെറിച്ചു. ഇതടക്കം ചില സുന്ദര മുഹുര്‍ത്തങ്ങള്‍ ആദ്യ പത്ത് മിനിട്ടില്‍ തന്നെ തന്നെ ബ്ലാസ്റ്റേഴ്‌സ് മെനഞ്ഞെടുത്തു. മധ്യനിരയില്‍ മലയാളിതാരം നിഹാല്‍ സുരേഷ് അടക്കം അധ്വാനിച്ച് , മുന്നോട്ട് കയറി കളിച്ചതാണ് ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്തത്. 

അതേ സമയം ഇടതുവശം വഴി ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റം നയിച്ചത് പുതിയ 10-ാം നമ്പറുകാരാന്‍ മര്‍ലോണ്‍ റൂസാണ്. ചില കിടിലന്‍ നീക്കങ്ങളില്‍ മുന്‍താരം ലൂണയെ ഓര്‍മിപ്പിച്ചു റൂസോ. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടി സമ്മാനിച്ച നിമിഷമെത്തി. 25-ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ ഡാനിഷ് ഫറുഖ്, പെരേര ഡയസിനെ ഫൗള്‍ ചെയ്തതിന് റഫറി വിധിച്ചത് പെനാല്‍റ്റി. തടിച്ചുകൂടിയ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ തലയില്‍കൈവച്ച നിമിഷം. കിക്കെടുക്കാന്‍ എത്തിയതും പെരേര ഡയസ് തന്നെ. എന്നാല്‍ ഇടതുപാര്‍ശ്വം ലക്ഷ്യമിട്ടുള്ള ഡയസിന്റെ ഷോട്ട് അര്‍ഷ് ഷെയ്ഖ് തടഞ്ഞിട്ടതോടെയാണ് കാണികള്‍ക്ക് ശ്വാസം നേരെ വീണത്. രണ്ടാംപകുതിയുടെ ആദ്യ മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം പൊളിഞ്ഞു. ക്യാപ്റ്റന്‍ ലാലന്‍സുവാലെ ചാങ്‌തേയിലൂടെ ആതിഥേയര്‍ ലീഡ് നേടി. ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ പിഴവില്‍ നിന്നാണ് ആ ഗോളിന്റെ പിറവി. അപകടം തീരെയില്ലാത്ത സാഹചര്യത്തില്‍ നിന്ന് ഒരു നിമിഷത്തേയ്ക്ക് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ കളി മറന്നു. അലക്ഷ്യമായി എത്തിയ പന്ത് ചാങ്‌തേ ഗോള്‍ പോസ്റ്റിലേയ്ക്ക് മറിച്ചുവിടുമ്പോള്‍ പെനാല്‍റ്റി രക്ഷപ്പെടുത്തി ഹീറോയായ അര്‍ഷിനും ഒരുവേള നിസഹായനായി. മുംബൈ ഒരുഗോളിന് മുന്നില്‍. മുന്നിലെത്താന്‍ സാധിച്ചതിന്റെ ആത്മവിശ്വാസം പിന്നീട് മുംബൈയുടെ കളിയെ സ്വാധീനിച്ചു. പകരക്കാരനായെത്തിയ കെവിന്‍ യോക്കിലൂടെയാണ് പിന്നീട് ബ്ലാസ്റ്റേഴ്‌സ് മറുപടി ഗോളിന് ശ്രമിച്ചത്. എന്നാല്‍ മധ്യനിരയില്‍ ബ്ലാസ്റ്റേഴ്‌സിനെ കൃത്യമായി തളച്ചിടാന്‍ മുംബൈയ്ക്ക് സാധിച്ചതോടെ കൊമ്പന്മാര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. പകരക്കാരനായി ഇറങ്ങിയ മലയാളിതാരം അഫ്‌സല്‍ ചില മിന്നല്‍ നീക്കങ്ങള്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ ലോങ് വിസില്‍ മുഴങ്ങുമ്പോള്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി വഴങ്ങി ബ്ലാസ്റ്റേഴ്‌സ് കളമൊഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.