23 February 2026, Monday

Related news

February 23, 2026
February 23, 2026
February 22, 2026
February 21, 2026
February 21, 2026
February 21, 2026
February 20, 2026
February 18, 2026
February 17, 2026
February 17, 2026

സര്‍ക്കാര്‍ ഇടുക്കിയ്ക്കൊപ്പം: എല്‍ഡിഎഫ്

Janayugom Webdesk
ചെറുതോണി
February 23, 2026 10:08 pm

ഇടുക്കി ജില്ലയിലെ പട്ടയവിതരണം തുടരാമെന്നുള്ള ഹൈക്കോടതി വിധി സര്‍ക്കാര്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി നടത്തിയ നിയമപോരാട്ടത്തിന്റെ ഉജ്ജ്വലവിജയമെന്ന് എല്‍ഡിഎഫ് ഇടുക്കി ജില്ലാ കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു. 1964 ലെ ചട്ടമനുസരിച്ചുള്ള പട്ടയവിതരണമാണ് പുനരാരംഭിക്കാന്‍ ഉത്തരവായിട്ടുള്ളത്. വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന പരിസ്ഥിതി സംഘടന 2010 ല്‍ നല്‍കിയ 18/01 കേസില്‍ പട്ടയ വിതരണം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സ്റ്റേ മാറ്റി കിട്ടുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറല്‍ മുഖേന ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജ്ജിയിന്മേലാണ് ഇപ്പോള്‍ വിധി ഉണ്ടായിട്ടുള്ളത്. കോണ്‍ഗ്രസിന്റെ ആശീര്‍വാദത്തോടെ പരസ്ഥിതി സംഘടനകള്‍ ഇടുക്കി ജില്ലയ്ക്കെതിരായി നടത്തിക്കൊണ്ടിരിക്കുന്ന കോടതി വ്യവഹാരങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടത്തിയ നിയമപോരാട്ടമാണ് ഇപ്പോള്‍ വിജയത്തിലെത്തിയിട്ടുള്ളത്. ഹൈക്കോടതി വിധിയുണ്ടായ പശ്ചാത്തലത്തില്‍ 5000 ല്‍ അധികം പട്ടയങ്ങള്‍ വരും ദിവസങ്ങളില്‍ വിതരണം ചെയ്യാന്‍ കഴിയും. 

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ 43000 പട്ടയം ഇതിനോടകം ജില്ലയില്‍ കൊടുത്തു കഴിഞ്ഞിരുന്നു. പട്ടയ വിതരണം സുഗമമായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കവേയാണ് പരിസ്ഥിതി സംഘടനയുടെ കേസിന്മേൽ സ്റ്റേ ഉണ്ടായത്. പരിസ്ഥിതി സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ കമ്മീഷനുകളെ നിയോഗിച്ച് ജില്ലയില്‍ നിന്നും മലയോര ജനതയെ നിര്‍ബന്ധിത കുടിയേറ്റത്തിന് വഴിയൊരുക്കിയത്. പിന്നീട് ബഫര്‍സോണ്‍ 8 കിലോമീറ്റര്‍ ആക്കി മാറ്റണമെന്നും, വനാതിര്‍ത്തിക്ക് 8 കിലോമീറ്ററിനുള്ളില്‍ ആള്‍ക്കാര്‍ താമസിക്കാന്‍ പാടില്ലെന്നും, ഹരിത എം എല്‍ എ മാരുടെ നേതാവായിരുന്ന വി ഡി സതീശന്‍ ആവശ്യപ്പെട്ടു. 

1960 ലെ ഭൂനിയമപ്രകാരം ജില്ലയില്‍ 60 വര്‍ഷത്തിലധികമായി നടന്നു വന്ന വാണിജ്യ നിര്‍മ്മാണങ്ങള്‍ക്ക് തടയിട്ടത് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം വിജിലന്‍സിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ്. പിന്നീട് മാത്യു കുഴല്‍നാടന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഇടുക്കി ജില്ലയിലെ നിര്‍മ്മാണങ്ങള്‍ ആകെ നിരോധിച്ചുകൊണ്ട് കോടതി ഉത്തരവുണ്ടായത്. ഇതേ തുടര്‍ന്ന് 1960 ലെ ഭൂനിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ഈ സാഹചര്യത്തെ സര്‍ക്കാര്‍ മറികടന്നത്. ഇത്തരത്തില്‍ ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ കോടതി വ്യവഹാരങ്ങളില്‍ തളച്ചിട്ട് പട്ടയ വിതരണത്തെ തടസ്സപ്പെടുത്തിയിരുന്ന യുഡിഎഫിനും, കപട പരിസ്ഥിതി സംഘടനകള്‍ക്കും ഏറ്റ കനത്ത തിരിച്ചടിയാണ് തിങ്കളാഴ്ച ഉണ്ടായ ഹൈക്കോടതിവിധി. സര്‍ക്കാര്‍ സംയോജിതമായി നടത്തിയ ഇടപെടലിലൂടെ കോടതി സ്റ്റേ മാറ്റിക്കിട്ടിയ സാഹചര്യത്തില്‍ പട്ടയവിതരണം ദ്രുതഗതിയില്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ കെ സലിംകുമാര്‍, സിപിഐ (എം) ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.