24 February 2026, Tuesday

അഗ്നിച്ചിറകിലേറി ആകാശത്തോളം

ഡാലിയ ജേക്കബ്
February 24, 2026 9:15 am

കാശത്ത് വിമാനങ്ങൾ വരച്ചിടുന്ന വെളുത്ത പുകച്ചുരുളുകൾ നോക്കി അത്ഭുതപ്പെട്ട ആ പഴയ കൊച്ചു പെൺകുട്ടി ഇന്ന് ഇന്ത്യയുടെ പ്രതിരോധ ഭൂപടത്തിൽ സ്വന്തം പേര് സ്വർണലിപികളാൽ എഴുതിച്ചേർത്തിരിക്കുന്നു. ലോകത്തെ വൻശക്തികൾക്കിടയിൽ ഇന്ത്യയെ പ്രതിഷ്ഠിച്ച അഗ്നി മിസൈലുകളുടെ മുഖ്യശില്പി ഡോ. ടെസി തോമസ്, വെറുമൊരു ശാസ്ത്രജ്ഞയല്ല; മറിച്ച് ഇച്ഛാശക്തിയുടെയും കഠിനാധ്വാനത്തിന്റെയും ഉത്തമ ഉദാഹരണമാണ്.

തത്തംപള്ളിയിൽ നിന്ന്
ആലപ്പുഴയിലെ തത്തംപള്ളി എന്ന ഗ്രാമത്തിൽ അക്കൗണ്ടന്റായ ടി ജെ തോമസിന്റെയും കുഞ്ഞമ്മയുടെയും (ത്രേസ്യാമ്മ) മകളായി ജനിച്ച ടെസിക്ക് കണക്കിനോടുള്ള പ്രിയം അപ്പനിൽ നിന്നാണ് ലഭിച്ചത്. സ്കൂൾ കാലഘട്ടത്തിൽ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിലേക്ക് നടത്തിയ ഒരു പഠനയാത്രയാണ് അവളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകിയത്.
കായികരംഗത്തും മികവ് പുലർത്തിയിരുന്ന ടെസി, ഓട്ടമത്സരങ്ങളിൽ കാട്ടിയിരുന്ന അതേ വേഗതയും വാശിയും ജീവിതലക്ഷ്യങ്ങളിലും നിലനിർത്തി. തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളജിൽ ബി ടെക് പഠനത്തിന് ചേരുമ്പോൾ മകളുടെ വിദ്യാഭ്യാസത്തിന് താങ്ങായി നിന്ന അമ്മ പകർന്നു നൽകിയ ആത്മവിശ്വാസമാണ് പിന്നീട് അഗ്നി മിസൈലുകൾക്ക് ഇന്ധനമായത്.

മിസൈൽമാന്റെ പ്രിയ ശിഷ്യ
ഡിആർഡിഒയിൽ ചേർന്ന ടെസിക്ക് തന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെ ഡോ. എ പി ജെ അബ്ദുൽ കലാമിന് കീഴിൽ പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ചു. അദ്ദേഹത്തിന്റെ കീഴിൽ അഞ്ച് വർഷം പ്രവർത്തിച്ച പരിചയം ടെസിയുടെ ശാസ്ത്രീയ കാഴ്ചപ്പാടുകളെ സ്വാധീനിച്ചു. 1988 മുതൽ അഗ്നി പ്രോജക്ടിന്റെ ഭാഗമായ അവർ, അഗ്നി-1 മുതൽ അഗ്നി-5 വരെയുള്ള മിസൈലുകളുടെ വികസനത്തിൽ നിർണായക പങ്കുവഹിച്ചു.

പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട്
അഗ്നി-3 ന്റെ പരാജയം ടെസിയെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയായിരുന്നു. വിക്ഷേപിച്ച് 65 സെക്കൻഡുകൾക്ക് ശേഷം തകർന്നു വീണ ആ മിസൈലിന്റെ പരാജയകാരണം കണ്ടെത്താൻ നിയോഗിച്ച സമിതിയിൽ ടെസി പ്രകടിപ്പിച്ച മികവാണ് അവരെ അഗ്നി-4 ന്റെ പ്രോജക്ട് ഡയറക്ടർ സ്ഥാനത്തേക്ക് എത്തിച്ചത്. പിന്നീട് നടന്നത് ചരിത്രം. ലോകം ഉറ്റുനോക്കിയ അഗ്നി-4 ഉം, 5,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള അഗ്നി-5 ഉം ടെസിയുടെ നേതൃത്വത്തിൽ വിജയകരമായി പരീക്ഷിക്കപ്പെട്ടു.

സാങ്കേതിക മികവിന്റെ ‘അഗ്നിപുത്രി’
മിസൈൽ സാങ്കേതികവിദ്യയിൽ ലോകരാജ്യങ്ങൾ അമ്പരപ്പോടെ നോക്കുന്ന പല മാറ്റങ്ങളും ടെസി കൊണ്ടുവന്നു.
ഖര ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ആണവശേഷിയുള്ള മിസൈലുകളിൽ ഒന്നായി അഗ്നിയെ മാറ്റി.
“ശാസ്ത്രത്തിന് സ്ത്രീ-പുരുഷ വിവേചനമില്ല, ബുദ്ധിയും യുക്തിയും പരിശ്രമശീലവുമുള്ള ആർക്കും ഈ രംഗത്ത് വിജയിക്കാം” എന്ന് ഡോ. ടെസി തോമസ് പറയുമ്പോൾ അത് ലോകമെമ്പാടുമുള്ള പെൺകുട്ടികൾക്ക് വലിയൊരു പ്രചോദനമാണ്.
അംഗീകാരങ്ങളുടെ നിറവിൽ
ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അവാർഡ്, കേരള സർക്കാരിന്റെ വനിതാരത്നം പുരസ്കാരം, കേരള ശാസ്ത്ര പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ ഈ മിസൈൽ വനിതയെ തേടിയെത്തി. ഒമ്പത് സർവകലാശാലകളാണ് അവർക്ക് ഡോക്ടറേറ്റ് നൽകി ആദരിച്ചത്. (ഡിആർഡിഒ എയ്റോ നോട്ടിക്കൽ സിസ്റ്റംസ് മുൻ ഡയറക്ടർ ജനറലായിരുന്നു.) നിലവിൽ നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എജ്യുക്കേഷൻ വൈസ് ചാൻസലറാണ്. ഡോ. ടെസി തോമസ് ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് ഇപ്പോഴും കരുത്തേകിക്കൊണ്ടിരിക്കുകയാണ്.
ആലപ്പുഴയിലെ സാധാരണ സ്കൂളിൽ നിന്ന് പഠിച്ചുവന്ന ഒരു പെൺകുട്ടിക്ക് ലോകം ഭയക്കുന്ന ഒരു മിസൈൽ പദ്ധതിയെ നയിക്കാൻ കഴിയുമെങ്കിൽ, ഏതൊരു സ്വപ്നവും നേടിയെടുക്കാൻ സാധിക്കുമെന്ന് ഡോ ടെസി തോമസിന്റെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.