
കുവൈറ്റിന്റെ ദേശീയ, വിമോചന ദിനാഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്തുടനീളം വിപുലമായ സുരക്ഷാ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദ്ദേശപ്രകാരം, അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൾ വഹാബ് അഹമ്മദ് അൽ‑വുഹൈബ് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് ആഘോഷങ്ങളുടെ അന്തിമ സുരക്ഷാ പദ്ധതികൾക്ക് രൂപം നൽകിയത്. തിങ്കളാഴ്ച നടന്ന യോഗത്തിൽ വിവിധ സുരക്ഷാ വിഭാഗം മേധാവികൾ പങ്കെടുത്തു. ആഘോഷങ്ങൾ സുരക്ഷിതവും സുഗമവുമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയം കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
ആഘോഷങ്ങൾ നടക്കുന്ന എല്ലാ പ്രധാന കേന്ദ്രങ്ങളിലും വിപുലമായ സുരക്ഷാ സന്നാഹം വിന്യസിക്കും. പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന രീതിയിലുള്ള പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും. വാഹനങ്ങൾക്ക് മുകളിൽ വലിയ കൊടികൾ വെച്ച് കാഴ്ച തടസ്സപ്പെടുത്തുന്നതും, അമിത വേഗതയും, മറ്റ് ഗതാഗത തടസ്സങ്ങളും നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ആഘോഷങ്ങൾക്കിടയിൽ പരസ്പരം വെള്ളം ചീറ്റുന്നത് അപകടങ്ങൾക്കും പൊതുമുതൽ നശിപ്പിക്കുന്നതിനും കാരണമാകുന്നത് പരിഗണിച്ച് ഇത്തരക്കാർക്കെതിരെ കർശന നിയമനടപടി ഉണ്ടാകും. സുരക്ഷാ പദ്ധതികൾ നേരിട്ട് നിരീക്ഷിക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥർ ഫീൽഡിൽ സജീവമായിരിക്കും.
ദേശീയ ദിനത്തിന്റെ അന്തസ്സും പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്ന രീതിയിൽ ഉത്തരവാദിത്തത്തോടെ ആഘോഷങ്ങളിൽ പങ്കുചേരാൻ അധികൃതർ അഭ്യർത്ഥിച്ചു. പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ആഘോഷങ്ങളിൽ ആവശ്യമായ സഹായങ്ങൾ നൽകാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരോട് പൂർണ്ണമായും സഹകരിക്കണമെന്നും നിയമങ്ങൾ പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഓർമ്മിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.