24 February 2026, Tuesday

Related news

February 24, 2026
February 19, 2026
February 19, 2026
February 17, 2026
January 28, 2026
January 27, 2026
January 16, 2026
December 24, 2025
December 19, 2025
November 29, 2025

ദക്ഷിണ കൊറിയയിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക; ജാഗ്രതാ നിർദ്ദേശവുമായി ഇന്ത്യൻ എംബസി

Janayugom Webdesk
സിയോൾ
February 24, 2026 7:53 pm

ദക്ഷിണ കൊറിയയിലെ ജെജു ദ്വീപ് സന്ദർശിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി സിയോളിലെ ഇന്ത്യൻ എംബസി. പ്രമുഖ കണ്ടന്റ് ക്രിയേറ്റർ സച്ചിൻ ആവാസ്ഥിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ച എംബസി അഡ്വൈസറി പുറപ്പെടുവിച്ചത്. വിസയില്ലാതെ ജെജു ദ്വീപിലേക്ക് യാത്ര ചെയ്യാമെങ്കിലും ഇത് പ്രവേശനം ഉറപ്പാക്കുന്നില്ലെന്നും ഇമിഗ്രേഷൻ വിഭാഗം കർശനമായ പരിശോധനകൾ നടത്തുമെന്നും എംബസി ഓർമ്മിപ്പിച്ചു.
ജെജു വിസ‑ഫ്രീ സൗകര്യം വിനോദസഞ്ചാരത്തിന് മാത്രമുള്ളതാണെന്നും കൊറിയൻ നിയമമനുസരിച്ച് ഇമിഗ്രേഷൻ അധികൃതർക്ക് പ്രവേശനം നിഷേധിക്കാൻ അധികാരമുണ്ടെന്നും നിർദ്ദേശത്തിൽ പറയുന്നു. മടക്കയാത്രയ്ക്കുള്ള വിമാന ടിക്കറ്റ്, താമസ സൗകര്യത്തിന്റെ വിവരങ്ങൾ, കൃത്യമായ യാത്രാ പദ്ധതി, ചിലവിനുള്ള പണം എന്നിവ യാത്രക്കാരുടെ കൈവശം ഉണ്ടായിരിക്കണം. ചോദ്യം ചെയ്യലുകളിൽ വ്യക്തമായ മറുപടി നൽകാൻ സാധിച്ചില്ലെങ്കിൽ പ്രവേശനം നിഷേധിക്കപ്പെടാനും അടുത്ത വിമാനത്തിൽ തന്നെ തിരിച്ചയക്കപ്പെടാനും സാധ്യതയുണ്ട്. കൂടാതെ, ജെജു ദ്വീപിലെത്തുന്നവർക്ക് കൊറിയയുടെ മറ്റ് ഭാഗങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ അനുവാദമില്ലെന്നും എംബസി വ്യക്തമാക്കി.

കണ്ടന്റ് ക്രിയേറ്ററായ സച്ചിൻ അവസ്ഥിയെയും ഭാര്യയെയും ജെജു വിമാനത്താവളത്തിൽ 38 മണിക്കൂർ തടഞ്ഞുവെച്ചതാണ് ഈ നടപടികളിലേക്ക് നയിച്ചത്. വിസയില്ലാതെ എത്തിയ ഇവർക്ക് പ്രവേശനം നിഷേധിക്കുകയും കുറ്റവാളികളെപ്പോലെ പെരുമാറുകയും ചെയ്തതായി സച്ചിൻ ആരോപിച്ചിരുന്നു. ഉയർന്ന തുക നൽകി മടക്ക ടിക്കറ്റ് എടുപ്പിച്ച ശേഷമാണ് ഇവരെ വിട്ടയച്ചത്. ഈ സാഹചര്യത്തിൽ, ദക്ഷിണ കൊറിയൻ നിയമങ്ങൾ കൃത്യമായി പാലിക്കാനും ഇമിഗ്രേഷൻ ഉദ്യോഗസ്ഥരോട് ശാന്തമായും സത്യസന്ധമായും സംസാരിക്കാനും ഇന്ത്യൻ യാത്രികരോട് എംബസി നിർദ്ദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.