
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരായ നട്ടാല്‍ മുളയ്ക്കാത്ത നുണകളാണ് ഒരുകൂട്ടം പത്രങ്ങളും ദൃശ്യമാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ നയത്തെ തെറ്റായി ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാനുള്ള ശ്രമം എന്തിനാണ്? മാധ്യമ ധര്‍മ്മം വസ്തുതകള്‍ ജനങ്ങളെ അറിയിക്കലാണ്. വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുക, സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യാതിരിക്കുക, തങ്ങള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സ്രോതസിന്റെ താല്പര്യമനുസരിച്ച് വാര്‍ത്തകളെ വളച്ചൊടിക്കുക ഇതൊക്കെയാണ് ഇന്ന് നാം കാണുന്നത്. എല്‍ഡിഎഫിനും എല്‍ഡിഎഫ് സര്‍ക്കാരിനും എതിരായി വാര്‍ത്തകള്‍ സൃഷ്ടിക്കുക എന്നത് ഒരുകൂട്ടം അച്ചടി — ദൃശ്യമാധ്യമങ്ങളുടെ ശീലമായി മാറിയിരിക്കുന്നു. സംഭവങ്ങളെ വക്രീകരിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ചെയ്യലല്ല മാധ്യമ ധര്‍മ്മം. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളായ മലയാള മനോരമയും മാതൃഭൂമിയും വിവിധ ചാനലുകളും ഇടതുപക്ഷത്തോട് കാണിക്കുന്ന ശത്രുത എന്തിന്റെ പേരിലാണ്?
ഇടതുപക്ഷം ഉയര്‍ത്തുന്ന രാഷ്ട്രീയത്തെ വിമര്‍ശിക്കാം, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വൈകല്യങ്ങള്‍ ചൂണ്ടിക്കാണിക്കാം, നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാം; വിയോജിക്കാം. എന്നാല്‍ മാധ്യമ ധര്‍മ്മത്തില്‍ നിന്നും വ്യതിചലിച്ച് മാധ്യമപ്രവര്‍ത്തനം നടത്തുന്നത് എന്തിനുവേണ്ടിയാണ്? സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലുപരിയായി, സംഭവങ്ങള്‍ ഭാവനയില്‍ സൃഷ്ടിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രവണത ജനാധിപത്യ സംവിധാത്തെ അവഹേളിക്കലാണ്. യഥാര്‍ത്ഥ വിവരങ്ങള്‍ അറിയാന്‍ അവകാശമുള്ളവരാണ് പൗരസമൂഹം. അവരെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്നത് മാധ്യമ ധര്‍മ്മമല്ല.
ഇടതുമുന്നണിയോടെന്നപോലെ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കെതിരെയും പ്രത്യേകിച്ച് സിപിഐക്കെതിരെ അസത്യങ്ങള്‍ പ്രചരിപ്പിക്കാനാണ് ഇത്തരം മാധ്യമങ്ങളുടെ വ്യഗ്രത. ഫെബ്രുവരി 21നാണ് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് എക്സിക്യൂട്ടീവ് യോഗങ്ങള്‍ ചേര്‍ന്നത്. യോഗങ്ങളില്‍ ചര്‍ച്ചചെയ്യാത്ത കാര്യങ്ങളാണ് വൈകുന്നേരം മുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. എല്‍ഡിഎഫ് മേഖലാ ജാഥകള്‍ പരാജയമായിരുന്നു, ജാഥാ സ്വീകരണങ്ങളില്‍ ജനങ്ങള്‍ ഇല്ലായിരുന്നു, കസേരകളെല്ലാം ഒഴിഞ്ഞുകിടന്നു, മേഖലാടിസ്ഥാനത്തില്‍ ജാഥകള്‍ എന്തിന് നടത്തി, ഒരു ജാഥ മാത്രം മതിയായിരുന്നു, പല സ്വീകരണ യോഗങ്ങളിലും ജാഥ വൈകിയെത്തി, തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള മുന്നണിയുടെ സംസ്ഥാനതല പരിപാടി എന്ന തരത്തിലുള്ള ശ്രദ്ധലഭിച്ചില്ല, മാധ്യമങ്ങള്‍ വേണ്ടവിധം ഗൗനിച്ചില്ല, സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രസംഗിച്ചത് ഒഴിഞ്ഞ കസേരകള്‍ക്ക് മുമ്പിലായിരുന്നു, എല്‍ഡിഎഫിന് പുറത്തുള്ള വിഭാഗങ്ങള്‍ ജാഥകളെ ശ്രദ്ധിച്ചില്ല എന്നിങ്ങനെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ചകളുണ്ടായി എന്ന് വ്യാജവാര്‍ത്ത സൃഷ്ടിക്കുകയായിരുന്നു.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി എന്നിവര്‍ നേതൃത്വം നല്‍കിയ യാത്രയില്‍ വലിയതോതില്‍ ജനപങ്കാളിത്തം ഉണ്ടായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരായി കേരളത്തിലെ യുഡിഎഫും ബിജെപിയും വിവിധതലത്തിലുള്ള വര്‍ഗീയ ജാതി ശക്തികളും ഒരുകൂട്ടം അച്ചടി — ദൃശ്യമാധ്യമങ്ങളും നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരായ ശക്തമായ ജനമുന്നേറ്റമായിരുന്നു മൂന്ന് ജാഥകളും.
സംസ്ഥാന എക്സിക്യൂട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ജാഥയെക്കുറിച്ച് വിശദീകരിച്ചത് ഇപ്രകാരമാണ്. “വികസന മുന്നേറ്റ ജാഥ – ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തീരുമാനപ്രകാരം സംഘടിപ്പിച്ച മൂന്ന് വികസന മുന്നേറ്റ ജാഥകളും വിജയപ്രദമായി. ജാഥ വിജയിപ്പിക്കുന്നതിനായി അടിത്തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. എല്‍ഡിഎഫ് ഘടകകക്ഷികളുടെ യോജിച്ച പ്രവര്‍ത്തനത്തിന് ജാഥ സഹായകരമായി. സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും ജാഥയ്ക്ക് ജനശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിഞ്ഞു. എല്‍ഡിഎഫിന്റെ ജനപിന്തുണ വിളിച്ചറിയിക്കുന്നതിനും ജനങ്ങളില്‍ ആത്മവിശ്വാസം ഉണ്ടാക്കുന്നതിനും ജാഥക്ക് കഴിഞ്ഞിട്ടുണ്ട്. നമ്മുടെ പാര്‍ട്ടിയും ബഹുജന മുന്നണികളും ജാഥയുടെ രാഷ്ട്രീയ പ്രാധാന്യം മനസിലാക്കി രംഗത്തുവന്നിരുന്നു.” എക്സിക്യൂട്ടീവ് യോഗത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാ സഖാക്കളും ജാഥയുടെ ജനപങ്കാളിത്തം, സംഘാടനം എന്നിവ സംബന്ധമായി കൂടുതലായി വിശദീകരിച്ചു. തെറ്റായ പ്രചരണങ്ങളെ അതിജീവിച്ചുകൊണ്ടാണ് സിപിഐയും ഇടതുപക്ഷവും കേരളത്തില്‍ ശക്തിപ്പെട്ടതും മുന്നോട്ടുപോകുന്നതും. കള്ള വാര്‍ത്തകളുടെ ആയുസ് വെള്ളത്തിലെ കുമിളകള്‍ പോലെയാണ്. കേരളത്തിലെ ജനങ്ങളെ വ്യാജവാര്‍ത്തകളിലൂടെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുകയില്ല എന്ന് മനസിലാക്കാത്തവരെ കാലം പുറന്തള്ളും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.