25 February 2026, Wednesday

Related news

February 25, 2026
February 23, 2026
February 23, 2026
February 13, 2026
February 11, 2026
February 5, 2026
January 26, 2026
January 15, 2026
January 8, 2026
December 29, 2025

സമരങ്ങളുടെയും ത്യാഗങ്ങളുടെയും ഒരു നൂറ്റാണ്ട്; മറഞ്ഞത് കനലായ നല്ലകണ്ണ്

Janayugom Webdesk
February 25, 2026 6:30 pm

മരങ്ങളുടെയും ത്യാഗങ്ങളുടെയും ഒരു നൂറ്റാണ്ട് പൂർത്തിയാക്കി സിപിഐ നേതാവ് നല്ലകണ്ണ് മറഞ്ഞപ്പോൾ ജനമനസുകളിൽ ഓടിയെത്തുന്നത് ഓർമ്മകളുടെ ഇരമ്പം. രാഷ്ട്രീയം എന്നത് അദ്ദേഹത്തിന് അധികാരമോഹമായിരുന്നില്ല, മറിച്ച് പീഡിതരായ ജനങ്ങളെ സംഘടിപ്പിക്കാനും അനീതികൾക്കെതിരെ പോരാടാനുമുള്ള മാർഗമായിരുന്നു. 1925ൽ തൂത്തുക്കുടി ജില്ലയിലെ പെരുമ്പത്ത് ജനിച്ച അദ്ദേഹം ചെറുപ്പത്തിൽ തന്നെ ദാരിദ്ര്യവും ചൂഷണവും നേരിട്ട് കണ്ടറിഞ്ഞു. മാർക്സിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം 1946‑ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു.പാർട്ടിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് കൂടത്തിനെതിരെ ശക്തമായ സമരങ്ങൾ നടക്കുന്ന കാലം. അതിന്റെ എല്ലാം മുന്നിൽ നല്ലകണ്ണും ഉണ്ടായിരുന്നു.

1948ലെ ‘നെല്ലൈ ഗൂഢാലോചന കേസിൽ’ ഏഴ് വർഷം ജയിൽവാസം അനുഭവിച്ചു. അവിടെ വെച്ച് ക്രൂരമായ പൊലീസ് മർദ്ദനത്തിന് അദ്ദേഹം ഇരയായി. ഒരു പൊലീസ് ഉദ്യോഗസ്ഥൻ സിഗരറ്റ് ഉപയോഗിച്ച് അദ്ദേഹത്തിന്റെ മീശ കരിച്ചു കളഞ്ഞു. ഈ സംഭവത്തിന് ശേഷം നല്ലകണ്ണ് ഒരിക്കലും മീശ വളർത്തിയിട്ടില്ല. കർഷകർക്കും കർഷകത്തൊഴിലാളികൾക്കും വേണ്ടിയായിരുന്നു അദ്ദേഹം അക്ഷീണം പോരാടിയത്. തമിഴ്‌നാട്ടിലെ പുഴയോരങ്ങളിൽ നടക്കുന്ന നിയമവിരുദ്ധമായ മണൽ ഖനനത്തിനെതിരെ നടന്ന സമരങ്ങളെ നല്ലകണ്ണ് മുന്നിൽ നിന്നും നയിചു.

 

സാധാരണക്കാരെ ബാധിക്കുന്ന ഓരോ പ്രശ്നവും അദ്ദേഹം ഏറ്റെടുത്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ ശക്തനായ വക്താവായിരുന്ന അദ്ദേഹം, കൂടംകുളം ആണവനിലയം പോലുള്ള പദ്ധതികൾക്കെതിരെയും ശബ്ദം ഉയർത്തി.13 വർഷം സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം തികച്ചും ലളിതമായ ജീവിതമായിരുന്നു നയിച്ചത്. നല്ലകണ്ണിന്റെ 80-ാം ജന്മദിനത്തിൽ, പാർട്ടി പ്രവർത്തകർ ഒരു കാറും ഒരുകോടി രൂപയും സമ്മാനമായി നൽകി. ഈ സമ്മാനങ്ങൾ തന്റേതല്ലെന്നും ജനങ്ങളുടേതാണെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം അവ വേദിയിൽ വെച്ച് തന്നെ തിരികെ നൽകി.

 

2022ൽ തമിഴ്‌നാട് സർക്കാർ അദ്ദേഹത്തെ ‘തഗൈസാൽ തമിഴർ’ പുരസ്കാരം നൽകി ആദരിച്ചപ്പോൾ, അവാർഡ് തുകയായ 15 ലക്ഷം രൂപ അദ്ദേഹം സർക്കാരിന് തന്നെ തിരികെ നൽകി. എന്ന് മാത്രമല്ല, ആ തുകയോടൊപ്പം സ്വന്തം കൈയിൽ നിന്ന് 5,000 രൂപ കൂടി ചേർത്ത് അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ജനങ്ങൾ സ്നേഹത്തോടെ സഖാവ് ആർഎൻകെ എന്ന് വിളിച്ചിരുന്ന നല്ലകണ്ണ് എട്ടു പതിറ്റാണ്ടോളം നീണ്ട തന്റെ രാഷ്ട്രീയ ജീവിതത്തിൽ ആദർശശുദ്ധിയുടെയും നിസ്വാർത്ഥ സേവനത്തിന്റെയും പ്രതീകമായി നിലകൊണ്ടു. സിപിഐക്ക് തമിഴ്‌നാട്ടിൽ ശക്തമായ വേരുണ്ടാകുന്നതിൽ നിർണായകമായ പങ്ക് വഹിച്ച നേതാവ് കൂടിയായിരുന്നു നല്ലകണ്ണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.