25 February 2026, Wednesday

Related news

February 25, 2026
February 24, 2026
February 24, 2026
February 24, 2026
February 23, 2026
February 23, 2026
February 20, 2026
February 19, 2026
February 19, 2026
February 18, 2026

കേരള സ്റ്റോറി 2: വാദം പൂര്‍ത്തിയാകുന്നതുവരെ ചിത്രത്തിൻറെ റിലീസ് തടഞ്ഞ് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
February 25, 2026 7:03 pm

വിവാദ സിനിമയായ ‘ദ കേരള സ്റ്റോറി 2: ഗോ ബിയോണ്ട്’ എന്ന ചിത്രത്തിന്റെ റിലീസ്, ഹർജിയിൽ വാദം പൂർത്തിയാകുന്നത് വരെ ഹൈക്കോടതി തടഞ്ഞു. നാളെ രാവിലെ ഹർജിയിൽ വാദം തുടരും. സിനിമയുടെ പ്രദർശനാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്. വെള്ളിയാഴ്ച സിനിമ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന സാഹചര്യത്തിൽ അതിന് മുൻപ് ചിത്രം കാണാൻ കോടതി താല്പര്യം പ്രകടിപ്പിച്ചെങ്കിലും, ഹർജിയുടെ നിലനിൽപ്പിനെതിരെ വാദിക്കാനുണ്ടെന്ന് നിർമ്മാതാക്കൾ അറിയിച്ചതോടെയാണ് കോടതി വിശദമായ വാദത്തിലേക്ക് കടന്നത്.

വിവിധ സംസ്ഥാനങ്ങളിലെ യുവതികളെ നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കും ഇരയാക്കുന്നതാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് സൂചന. എന്നാൽ ‘കേരള സ്റ്റോറി 2’ എന്ന പേര് ബോധപൂർവ്വം നൽകിയതാണെന്നും ഇത് സമൂഹത്തിൽ ചേരിതിരിവുണ്ടാക്കുമെന്നും ഹർജിക്കാർ ആരോപിക്കുന്നു. സിനിമയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് എറണാകുളം നെട്ടൂർ സ്വദേശി ഫ്രെഡിയും കോടതിയെ സമീപിച്ചിട്ടുണ്ട്. നിലവിൽ മൂന്ന് ഹർജികളാണ് സിനിമയ്‌ക്കെതിരെ ഹൈക്കോടതിയിലുള്ളത്. കാമാഖ്യ നാരായൺ സിംഗ് സംവിധാനം ചെയ്ത ചിത്രത്തിൽ ഉൽക്ക ഗുപ്ത, ഐശ്വര്യ ഓജ, അദിതി ഭാട്ടിയ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ഫെബ്രുവരി 27ന് സിനിമ റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കോടതിയുടെ ഈ ഇടപെടലോടെ സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.