26 February 2026, Thursday

വിമോചനത്തിന്റെ മൂന്നര പതിറ്റാണ്ട്: കുവൈറ്റിൽ അതിജീവനത്തിന്റെയും പ്രവാസി കരുത്തിന്റെയും സ്മരണ പുതുക്കി ഫെബ്രുവരി 26

Janayugom Webdesk
കുവൈറ്റ് സിറ്റി
February 26, 2026 5:52 pm

അധിനിവേശത്തിന്റെ കറുത്ത നിഴലിൽ നിന്നും കുവൈറ്റ് എന്ന രാജ്യം സർവ്വതന്ത്ര സ്വതന്ത്രമായതിന്റെ മുപ്പത്തിയഞ്ചാം വാർഷികമാണ് 2026 ഫെബ്രുവരി 26‑ന് കുവൈറ്റിലെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹം ആഘോഷിക്കുന്നത്. 1991 ഫെബ്രുവരി 26‑ന് സദ്ദാം ഹുസൈന്റെ ഇറാഖി സൈന്യം കുവൈറ്റ് വിട്ടുപോയതോടെയാണ് ഏഴുമാസം നീണ്ടുനിന്ന ക്രൂരമായ അധിനിവേശത്തിന് അറുതിയായത്. ചരിത്രത്തിലെ ഈ സുദിനം കുവൈറ്റ് ജനതയ്ക്ക് മാതൃഭൂമി തിരിച്ചുപിടിച്ചതിന്റെ ആവേശമാണെങ്കിൽ, പ്രവാസി മലയാളികൾക്ക് അത് ലോകം കണ്ട ഏറ്റവും വലിയ അതിജീവനത്തിന്റെയും പലായനത്തിന്റെയും ഓർമ്മപ്പെടുത്തൽ കൂടിയാണ്.

1990 ഓഗസ്റ്റിൽ അധിനിവേശം തുടങ്ങിയ നാളുകളിൽ കുവൈറ്റിൽ കുടുങ്ങിപ്പോയ ഒന്നര ലക്ഷത്തിലധികം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസിയും സന്നദ്ധ സംഘടനകളും നടത്തിയ നീക്കങ്ങൾ സമാനതകളില്ലാത്തതാണ്. യുദ്ധഭൂമിയിൽ ആശയവിനിമയ സംവിധാനങ്ങൾ തകർന്നപ്പോൾ, ജോർദാൻ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഇന്ത്യൻ എംബസി നൽകിയ പിന്തുണ ചരിത്രപരമാണ്. ഈ ദുർഘട സന്ധിയിൽ പ്രവാസികൾക്ക് തണലായി നിന്നത് ‘ടൊയോട്ട സണ്ണി’ എന്നറിയപ്പെട്ട മാത്തുണ്ണി മാത്യൂസിനെപ്പോലെയുള്ള മലയാളി കരുത്തന്മാരായിരുന്നു. ആയിരക്കണക്കിന് പ്രവാസികളെ ഏകോപിപ്പിക്കാനും അവർക്ക് ഭക്ഷണവും സുരക്ഷയും ഒരുക്കാനും അദ്ദേഹം കാണിച്ച ധീരത ഇന്നും ഓരോ മലയാളിയും അഭിമാനത്തോടെ ഓർക്കുന്നു.യുദ്ധം കൊടുമ്പിരിക്കൊണ്ട സമയത്തും കുവൈറ്റിലെ ആശുപത്രികളിൽ സേവനമനുഷ്ഠിച്ച മലയാളി നഴ്സുമാരുടെ ധീരത കുവൈറ്റ് ഭരണകൂടം പലപ്പോഴും എടുത്തുപറഞ്ഞിട്ടുമുണ്ട്.

ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എയർ ലിഫ്റ്റിനാണ് അന്ന് കുവൈറ്റ് സാക്ഷ്യം വഹിച്ചത്. 59 ദിവസങ്ങൾക്കുള്ളിൽ 488 വിമാന സർവീസുകളിലൂടെ 1,70,000‑ത്തോളം ഇന്ത്യക്കാരെയാണ് കേന്ദ്ര സർക്കാർ നാട്ടിലെത്തിച്ചത്. അനിശ്ചിതത്വത്തിന്റെ ആ നാളുകളിൽ എയർ ഇന്ത്യ പൈലറ്റുമാരും ഉദ്യോഗസ്ഥരും കാട്ടിയ സമർപ്പണം ഇന്ത്യയുടെ നയതന്ത്ര ചരിത്രത്തിലെ സുവർണ്ണ അധ്യായമാണ്. ഈ പലായനത്തിന്റെ കഥ പിൽക്കാലത്ത് ‘എയർലിഫ്റ്റ്’ എന്ന സിനിമയിലൂടെ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുകയും ചെയ്തു.

വിമോചനത്തിന് ശേഷം തകർന്നടിഞ്ഞ കുവൈറ്റിനെ ഇന്നത്തെ ആധുനിക നിലയിലേക്ക് കെട്ടിപ്പടുക്കുന്നതിലും ഇന്ത്യൻ പ്രവാസി കൂട്ടായ്മ നിർണ്ണായക പങ്കുവഹിച്ചു. എണ്ണക്കിണറുകളിലെ തീ അണയ്ക്കുന്നത് മുതൽ അടിസ്ഥാന സൗകര്യ വികസനം വരെ എല്ലാ മേഖലകളിലും പ്രവാസികളുടെ സാന്നിധ്യം കുവൈറ്റിന് കരുത്തേകി. കുവൈറ്റ് ഭരണകൂടവും ജനതയും ഇന്നും ഇന്ത്യൻ സമൂഹത്തോട് പുലർത്തുന്ന സ്നേഹത്തിനും ആദരവിനും പിന്നിൽ യുദ്ധകാലത്തും അതിനുശേഷവും മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസി സമൂഹം നൽകിയ വിശ്വസ്തമായ സേവനത്തിന്റെ വലിയൊരു പങ്കുണ്ട്. സ്വന്തം ജീവൻ പണയപ്പെടുത്തിയും കുവൈറ്റി പൗരന്മാർക്കും സഹപ്രവർത്തകർക്കും ഭക്ഷണവും ഒളിത്താവളങ്ങളും ഒരുക്കാൻ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളും കച്ചവടക്കാരും ഉൾപ്പെടെയുള്ള വലിയ കൂട്ടായ്മ മുന്നിലുണ്ടായിരുന്നു.

ഇന്ന് (ഫെബ്രുവരി 26) കുവൈറ്റിൽ വിപുലമായ വിമോചന ദിന ആഘോഷങ്ങളാണ് നടക്കുന്നത്. ദേശീയ ദിനമായ ഫെബ്രുവരി 25‑ന് പിന്നാലെ എത്തുന്ന വിമോചന ദിനത്തിൽ വിവിധങ്ങളായ ആഘോഷപരിപാടികളാണ് സംഘടിപ്പിക്കുന്നത് . നാല് ദിവസത്തെ പൊതു അവധി ലഭിച്ചതോടെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ഈ ആഘോഷങ്ങളിൽ പങ്കുചേരാനുള്ള ഒരുക്കത്തിലാണ്. അധിനിവേശ കാലത്തെ കഷ്ടപ്പാടുകൾ അനുഭവിച്ച പഴയ തലമുറയും, ആ വിമോചനത്തിന്റെ തണലിൽ വളരുന്ന പുതിയ തലമുറയും ഒരുപോലെ ഈ ദിനത്തെ നെഞ്ചേറ്റുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar