
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനക്കേസിൽ രണ്ട് പേരെകൂടി ദേശീയ അന്വേഷണ ഏജൻസി പിടികൂടി. അൻസാർ ഗസ്വത്-ഉൽ‑ഹിന്ദ് എന്ന സംഘടനയിലെ പ്രവർത്തകരായ സമീർ അഹമ്മദ് അഹാംഗർ, തുഫൈൽ അഹമ്മദ് ഭട്ട് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ, ചാവേറായ ഉമർ ഉൻ നബി ഉൾപ്പെടെ 12 പ്രതികളുള്ള കേസിൽ 11 പേരും അന്വേഷണ ഏജൻസിയുടെ വലയിലായി. സ്ഫോടനത്തിന്റെ മുഖ്യപ്രതിക്ക് ആയുധങ്ങൾ എത്തിച്ചുനൽകിയത് സമീറും തുഫൈലുമാണെന്ന് എൻ ഐ എ കണ്ടെത്തി. സ്ഫോടനത്തിന് പിന്നിലെ ഗൂഢാലോചനയിൽ ഇവർക്ക് നിർണ്ണായക പങ്കുണ്ട്. കൂടാതെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന മറ്റ് സ്ഫോടന പദ്ധതികളിലും ഇവർക്ക് പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
2025 നവംബർ 10നായിരുന്നു ചെങ്കോട്ടയ്ക്ക് സമീപമുള്ള തിരക്കേറിയ പ്രദേശത്ത് ഹ്യുണ്ടായ് i10 കാർ പൊട്ടിത്തെറിച്ചത്. ചാവേറായ ഉമർ ഉൻ നബിയാണ് വാഹനം ഓടിച്ചിരുന്നത്. പുൽവാമ സ്വദേശിയായ ഇയാൾ ഫരീദാബാദിലെ അൽ-ഫലാ സർവ്വകലാശാലയിൽ ജോലി ചെയ്തുവരികയായിരുന്നു. 15 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. സ്ഫോടനത്തിന് ദിവസങ്ങൾക്ക് മുൻപ് ഫരീദാബാദിൽ നിന്ന് വൻതോതിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയിരുന്നു. ഈ സംഭവത്തിന് ചെങ്കോട്ട സ്ഫോടനവുമായി നേരിട്ട് ബന്ധമുണ്ടെന്നും എൻ ഐ എ സ്ഥിരീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.