28 February 2026, Saturday

Related news

February 28, 2026
February 27, 2026
February 25, 2026
February 22, 2026
February 21, 2026
February 19, 2026
February 18, 2026
February 18, 2026
February 12, 2026
February 11, 2026

വിവാദ പാഠപുസ്തകം ഉടൻ തിരികെ നൽകണമെന്ന് എൻസിഇആർടി

Janayugom Webdesk
ന്യൂഡൽഹി
February 28, 2026 9:07 pm

ജുഡീഷ്യറിക്കെതിരായ പരാമർശങ്ങൾ ഉൾപ്പെട്ട എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകം വിപണിയിൽ നിന്നും സ്കൂളുകളിൽ നിന്നും പൂർണ്ണമായും പിൻവലിക്കാൻ നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻസിഇആർടി) നടപടി തുടങ്ങി. സുപ്രീം കോടതി പുസ്തകത്തിന് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയാണിത്. പുസ്തകം തിരികെ നൽകാനും ഡിജിറ്റൽ രൂപത്തിലുള്ള പ്രചാരണം അവസാനിപ്പിക്കാനും എൻസിഇആർടി പൊതുജനങ്ങളോടും സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.
‘എക്സ്പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിന്റെ രണ്ടാം ഭാഗമാണ് പിൻവലിച്ചത്. ഈ പുസ്തകം കൈവശമുള്ളവർ എത്രയും വേഗം ന്യൂഡൽഹിയിലെ എൻസിഇആർടി ആസ്ഥാനത്തുള്ള പ്രസിദ്ധീകരണ വിഭാഗത്തിനോ സോഷ്യൽ സയൻസ് ഡിപ്പാർട്ട്‌മെന്റ് മേധാവിക്കോ കൈമാറണം. പുസ്തകം എവിടെ നിന്ന് വാങ്ങിയവരായാലും അത് തിരികെ നൽകാൻ കൗൺസിൽ നിര്‍ദേശം നൽകി.
പുസ്തകത്തിലെ വിവാദ ഭാഗങ്ങൾ സോഷ്യൽ മീഡിയയിലോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് എൻസിഇആർടി അറിയിച്ചു. പുസ്തകത്തിലെ ഉള്ളടക്കം പങ്കുവെച്ചവർ അത് ഉടനടി നീക്കം ചെയ്യണം. പുസ്തകം ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തടയാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഐടി മന്ത്രാലയത്തിനും വാർത്താ വിതരണ മന്ത്രാലയത്തിനും കത്തെഴുതി.
“നമ്മുടെ സമൂഹത്തിൽ നീതിന്യായ വ്യവസ്ഥയുടെ പങ്ക്” എന്ന അധ്യായത്തിലെ പരാമർശങ്ങളാണ് വലിയ നിയമപോരാട്ടത്തിന് വഴിവെച്ചത്. ജുഡീഷ്യറിയിൽ അഴിമതിയുണ്ടെന്നും കേസുകൾ കെട്ടിക്കിടക്കുന്നതിൽ ജഡ്ജിമാരുടെ പോരായ്മയുണ്ടെന്നുമുള്ള ഉള്ളടക്കം ജുഡീഷ്യറിയെ അവഹേളിക്കുന്നതാണെന്ന് സുപ്രീം കോടതി വിലയിരുത്തി. കോടതിയുടെ രൂക്ഷവിമർശനത്തെത്തുടർന്ന് എൻസിഇആർടി നിരുപാധികം ക്ഷമാപണം നടത്തുകയും പുസ്തകം മാറ്റിയെഴുതുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
വിദഗ്ധ സമിതിയാണ് പുസ്തകം തയ്യാറാക്കിയതെന്ന് വിദ്യാഭ്യാസ മന്ത്രാലയം വിശദീകരിക്കുന്നുണ്ടെങ്കിലും, ജുഡീഷ്യറിയുമായി ബന്ധപ്പെട്ട അധ്യായങ്ങൾ നിയമവിദഗ്ധർ സ്വതന്ത്രമായി പരിശോധിച്ചിരുന്നില്ല എന്ന് വ്യക്തമായി. ഇത്തരം ഗൗരവകരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നിയമസമൂഹത്തിലെ അംഗങ്ങളുടെ മേൽനോട്ടം നിർബന്ധമാക്കുന്ന നിയമങ്ങൾ നിലവിലില്ലാത്തതാണ് വീഴ്ചയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar