28 February 2026, Saturday

Related news

February 28, 2026
February 27, 2026
February 27, 2026
February 6, 2026
October 28, 2025
September 2, 2025
July 4, 2025
June 12, 2025
May 17, 2025
April 17, 2025

ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ കെജ്‌രിവാള്‍

ആംആദ്മി പാര്‍ട്ടിയുടെ റാലി നാളെ ജന്തര്‍ മന്ദിറില്‍
Janayugom Webdesk
ന്യൂഡല്‍ഹി
February 28, 2026 9:12 pm

മദ്യനയ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതോടെ ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഉറച്ച് അരവിന്ദ് കെജ്‌രിവാള്‍. ആംആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇന്ന് ജന്തര്‍ മന്ദിറില്‍ റാലി. ബിജെപിക്കെതിരെ വന്‍ വെല്ലുവിളി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് എഎപി ഇന്ന് റാലി സംഘടിപ്പിച്ചിരിക്കുന്നത്.

തന്നെ കള്ളക്കേസില്‍ കുടുക്കിയതിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായുമാണെന്ന് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി വളഞ്ഞ വഴികള്‍ സ്വീകരിക്കുന്നതിനെ വിമര്‍ശിച്ച അദ്ദേഹം വീണ്ടുമൊരു ഡല്‍ഹി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി തയ്യാറുണ്ടോ എന്നും വെല്ലുവിളിച്ചു.
ബിജെപിയെ നേരിട്ടാക്രമിക്കുന്ന പുതിയ രാഷ്ട്രീയ തന്ത്രമാണ് എഎപിയുടെ പണിപ്പുരയിലുള്ളത്. അഞ്ച് സംസ്ഥാനങ്ങളില്‍ അസംബ്ലി തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ വന്‍തോതില്‍ വേരോട്ടമില്ലെങ്കിലും ബിജെപി വിരുദ്ധ നിലപാടുകളെ ഊട്ടിയുറപ്പിക്കുന്ന നിലപാടാകും എഎപി സ്വീകരിച്ചേക്കുക.

കെജ്‌രിവാള്‍ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ മൊഹല്ല ക്ലിനിക്കുകള്‍ ബിജെപി നേതൃത്വത്തിലുള്ള രേഖാ ഗുപ്തയുടെ പുതിയ സര്‍ക്കാര്‍ അടച്ചു പൂട്ടി. ഈ ക്ലിനിക്കുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും ഫാര്‍മസിസ്റ്റുകളും ഉള്‍പ്പെടെ ഇന്നത്തെ റാലിയില്‍ യൂണിഫോമില്‍ അണി ചേരുമെന്നാണ് എഎപി വക്താവ് സൗരവ് ഭരദ്വാജ് വ്യക്തമാക്കിയത്. ഇതിനു പുറമെ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസുകളില്‍ നിയോഗിച്ചിരുന്ന മാര്‍ഷല്‍മാരും റാലിയില്‍ പങ്കെടുക്കും.
ജന്തര്‍ മന്ദിറിലെ റാലി ശക്തി പ്രകടനമാക്കാനാണ് എഎപിയുടെ നീക്കം. റാലിക്ക് പൊലീസ് അനുമതി നിഷേധിക്കുന്ന സാഹചര്യമുണ്ടായാല്‍ അതും എഎപിക്ക് രാഷ്ട്രീയ നേട്ടമാകും. എഎപി ദേശീയ കണ്‍വീനര്‍ സ്ഥാനത്ത് കെജ്‌രിവാള്‍ തുടരുമ്പോഴും സജീവ രാഷ്ട്രീയത്തില്‍ നിന്നും മദ്യനയ കേസോടെ പിന്‍വലിഞ്ഞിരുന്നു. കെജ്‌രിവാളിന്റെ അടുത്തവട്ട രാഷ്ട്രീയ പ്രവേശം ലക്ഷ്യമിട്ടാണ് ആപ്പിന്റെ ഇന്നത്തെ റാലി എന്നതും ശ്രദ്ധേയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.