28 February 2026, Saturday

Related news

February 28, 2026
February 25, 2026
February 25, 2026
February 16, 2026
February 10, 2026
February 3, 2026
January 28, 2026
January 26, 2026
January 11, 2026
January 3, 2026

ചീറ്റകളുടെ ഭക്ഷണത്തിന് പ്രതിദിനം 35,000 രൂപ; കുനോയിലെ ചെലവിനെച്ചൊല്ലി മധ്യപ്രദേശിൽ രാഷ്ട്രീയപോര്

Janayugom Webdesk
ഭോപ്പാൽ
February 28, 2026 9:21 pm

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ ചീറ്റകളുടെ ഭക്ഷണച്ചെലവിനെച്ചൊല്ലി ബിജെപിയും കോൺഗ്രസും തമ്മിൽ രാഷ്ട്രീയ വാക്പോര് മുറുകുന്നു. ചീറ്റപ്പുലികൾക്ക് ആട്ടിറച്ചി നൽകുന്നതിനായി പ്രതിദിനം ശരാശരി 34,825 രൂപ (ഏകദേശം 35,000 രൂപ) ചെലവഴിക്കുന്നുണ്ടെന്ന സർക്കാർ കണക്കുകളാണ് വിവാദത്തിന് തിരികൊളുത്തിയത്. കോൺഗ്രസ് എംഎൽഎ മുകേഷ് മൽഹോത്രയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി മോഹൻ യാദവാണ് നിയമസഭയിൽ ഈ കണക്കുകൾ നിരത്തിയത്. ‘പ്രോജക്ട് ചീറ്റ’യുടെ ഭാഗമായി കുനോയിലുള്ള ചീറ്റകൾക്ക് 2024–25 സാമ്പത്തിക വർഷത്തിൽ ആട്ടിറച്ചി വാങ്ങാൻ മാത്രം 1.27 കോടി രൂപ (1,27,10,870 രൂപ) ചെലവഴിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ചീറ്റകളുടെ ഭക്ഷണത്തിനായി പ്രത്യേക ബജറ്റ് വിഹിതം നിലവിലില്ല. പകരം മറ്റ് അനുബന്ധ ഫണ്ടുകളിൽ നിന്ന് വകമാറ്റിയാണ് മാംസം വാങ്ങാനുള്ള തുക കണ്ടെത്തുന്നത്.

എത്ര ആടുകളെ ദിവസേന ഭക്ഷണത്തിനായി നൽകണമെന്നതിന് നിശ്ചിത കണക്കില്ല. വെറ്ററിനറി ഡോക്ടർമാരുടെ നിര്‍ദേശപ്രകാരവും ചീറ്റകളുടെ ആരോഗ്യസ്ഥിതി പരിശോധിച്ചുമാണ് മാംസം നൽകുന്നത്. നിലവിൽ കുനോയിൽ നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിച്ചവരും ഇന്ത്യയിൽ ജനിച്ചവരും ഉൾപ്പെടെ 35 ചീറ്റകളാണുള്ളത്. ചീറ്റകൾക്ക് മതിയായ ഭക്ഷണം ലഭിക്കുന്നില്ലെന്നും സമീപ ഗ്രാമങ്ങളിലെ കന്നുകാലികളെ ഇവ വേട്ടയാടുന്നുണ്ടെന്നും മുകേഷ് മൽഹോത്ര ആരോപിച്ചു. എന്നാൽ സർക്കാർ ഈ ആരോപണം നിഷേധിച്ചു. ചീറ്റകളെ നിരീക്ഷിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സംഘമുണ്ടെന്നും സർക്കാർ പറയുന്നു. 2022 സെപ്റ്റംബർ 17‑നാണ് നമീബിയയിൽ നിന്നുള്ള എട്ട് ചീറ്റകളെ കുനോയിൽ തുറന്നുവിട്ടുകൊണ്ട് പദ്ധതിക്ക് തുടക്കമിട്ടത്. പിന്നീട് ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെ കൂടി എത്തിച്ചു. ബോട്സ്വാനയിൽ നിന്ന് എട്ട് ചീറ്റകളെ കൂടി എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ പടിഞ്ഞാറൻ മധ്യപ്രദേശിലെ ഗാന്ധി സാഗർ വന്യജീവി സങ്കേതം ചീറ്റകളുടെ രണ്ടാമത്തെ ആവാസ കേന്ദ്രമായി മാറിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.