
വിസ്‌മയകരമായ ഒക്ടോബർ വിപ്ലവത്തിന് അടിത്തറ പാകിയ ഫെബ്രുവരി വിപ്ലവത്തിന്റെ 109-ാം വാർഷികമാണ് മാർച്ച് എട്ട്. ഫെബ്രുവരി വിപ്ലവം ഒരു സോഷ്യലിസ്റ്റ് വിപ്ലവമായിരുന്നില്ലെങ്കിലും ലെനിൻ തന്റെ ‘ടു ടാക്ടിക്സ് ഓഫ് സോഷ്യൽ ഡെമോക്രസി‘യിൽ വിവരിച്ചതുപോലെ വിപ്ലവത്തിന്റെ അടിസ്ഥാന തത്വങ്ങളെ അത് പോഷിപ്പിച്ചു. മുതലാളിത്തം സാമ്രാജ്യത്വത്തിലേക്ക് വഴിമാറുന്ന കാലഘട്ടത്തിൽ, ഒരു ബൂർഷ്വാ ഡെമോക്രാറ്റിക് വിപ്ലവം എങ്ങനെ സാധ്യമാക്കാം എന്നതിലേക്കുള്ള ദിശാസൂചികയായിരുന്നു അത്. വൈരുദ്ധ്യാത്മകതയുടെ ഉദാഹരണവുമായിരുന്നു. മുതലാളിത്തത്തിനുള്ളിലെ വൈരുധ്യങ്ങൾ ഒരു വിഭാഗത്തെ സാമ്രാജ്യത്വത്തിലേക്കും ബാക്കിയുള്ളവരെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിലേക്കും നയിച്ചു. കുത്തക ധനമൂലധനവും സാമ്രാജ്യത്വവും എല്ലാറ്റിനെയും വിഴുങ്ങുന്ന തരത്തിലുള്ള ഒരു മുന്നേറ്റം ലാക്കാക്കിയിരുന്നു. ഇവിടെ മാർക്സിസത്തിന്റെ അടിസ്ഥാന രീതിശാസ്ത്രമായ വൈരുദ്ധ്യാത്മകത ഉപയോഗിച്ചാണ് സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്കുള്ള പാത ലെനിൻ തെളിച്ചത്. ഉല്പാദനത്തിന്റെയും മൂലധനത്തിന്റെയും കേന്ദ്രീകരണം വഴി രൂപപ്പെട്ട ധനമൂലധനം പഴയകാല മൂലധനത്തിൽ നിന്നും വ്യത്യസ്തമായിരുന്നു. വ്യവസായവും ബാങ്കിങ്ങും തമ്മിലുള്ള ഈ ലയനത്തെ ലെനിൻ ധനമൂലധനം എന്ന് വിളിക്കുകയും അതിനെ മുതലാളിത്തത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടമായി നിർവചിക്കുകയും ചെയ്തു. പുതിയ കണ്ടെത്തൽ മാർക്സിസത്തിന് നവീന കാഴ്ചപ്പാടുകൾ തുറന്നു. ഉല്പാദന പ്രക്രിയയിൽ വലിയ താല്പര്യമൊന്നുമില്ലെങ്കിലും ധനമൂലധനം പലമടങ്ങ് കൂടുതൽ കരുത്തുള്ളതായിരുന്നു. ചരിത്രത്തിലെ തന്നെ ചില ഭീമൻ ഉല്പാദന യൂണിറ്റുകൾക്ക് അത് ധനസഹായം നൽകി. കുത്തകാധിപത്യത്തിന്റെ ഇത്തരം പുതിയ പ്രവണതയ്ക്ക് സാമ്രാജ്യത്വം എന്ന് പേരിട്ടു. ലെനിൻ അതിനെ പുതിയ ഉല്പാദന രീതി എന്നും വിളിച്ചു. തന്റെ പ്രസിദ്ധമായ “ഇംപീരിയലിസം: മുതലാളിത്തത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടം” എന്ന പുസ്തകത്തിൽ സാമ്രാജ്യത്വത്തെ നിർവചിക്കുകയും ചെയ്തു.
സാമ്രാജ്യത്വം ജനാധിപത്യ വിപ്ലവത്തിന് നിർണായകമായിരുന്നുവെന്ന് ലെനിൻ ചൂണ്ടിക്കാട്ടി. മുതലാളിമാരെയും ചെറുകിട ഇടത്തരം ബൂർഷ്വാസികളെയും സമ്പന്നരും ഇടത്തരക്കാരുമായ കർഷകരെയും സാമ്രാജ്യത്വം ചൂഷണം തുടർന്നു. വിപണിയിൽ നിന്ന് പുറത്താക്കപ്പെട്ടതോ പാർശ്വവൽക്കരിക്കപ്പെട്ടതോ ആയ ഇക്കൂട്ടരാണ് ജനാധിപത്യ വിപ്ലവത്തിൽ ഒടുവിൽ അണിചേർന്ന ശക്തികൾ. ഈ വിഭാഗങ്ങളെല്ലാം അണിനിരന്നതാണ് ബൂർഷ്വാ ഡെമോക്രാറ്റിക് വിപ്ലവം. സാമ്രാജ്യത്വത്തെയും നാടുവാഴിത്തത്തെയും തൂത്തെറിയാൻ സോഷ്യലിസത്തിന് മുമ്പുള്ള ഈ ഇടക്കാല ഘട്ടം അനിവാര്യമാണെന്ന് ലെനിൻ വാദിച്ചു. സാമ്രാജ്യത്വം ജന്മിത്തവുമായി ചേർന്ന് എല്ലാ പ്രധാന വർഗങ്ങളെയും ചൂഷണം ചെയ്യുകയായിരുന്നു. സാമ്രാജ്യത്വത്തിനെതിരെ വലിയ എതിർപ്പ് ഉയർന്നുവന്നു. സോഷ്യലിസത്തിൽ താല്പര്യമില്ലാത്ത സ്വകാര്യസ്വത്തിനുവേണ്ടി നിലകൊണ്ട വർഗങ്ങൾ പോലും സാമ്രാജ്യത്വത്തിനെതിരെ പോരാടാൻ തയ്യാറായി. സമൂഹം സോഷ്യലിസത്തിലേക്ക് കടക്കുന്നതിന് മുമ്പ് ജനാധിപത്യ വിപ്ലവത്തിന്റെ ഒരു ഇടക്കാല ഘട്ടത്തിന്റെ ആവശ്യകത ഇതിലൂടെ സാക്ഷാത്കരിക്കപ്പെട്ടു. എന്നാൽ ലെനിൻ ബൂർഷ്വാ ജനാധിപത്യ വിപ്ലവത്തിൽ ഉറച്ചുനിന്നപ്പോൾ, മെൻഷെവിക്കുകൾ പുതിയ വികസനം ഉൾക്കൊള്ളാൻ വിസമ്മതിച്ചു. ഒന്നാം ലോകമഹായുദ്ധം (1914–18) അതിന്റെ അവസാനത്തോടടുക്കുന്ന സമയമായിരുന്നു അത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുതലാളിത്തം അതിന്റെ പരമോന്നത ഘട്ടമായ സാമ്രാജ്യത്വത്തിലേക്ക് പ്രവേശിച്ചു എന്ന് ലെനിൻ നിരീക്ഷിച്ചു. ഉല്പാദന മേഖലയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന മൂലധനം, ബാങ്കിങ് മേഖലയുമായി കൈകോർത്ത് ധനമൂലധനമായി മാറി. ഈ ഭീമൻ മൂലധന ശക്തികൾ ലോകത്തെ വിഭജിച്ചെടുക്കാൻ മത്സരിച്ചതിന്റെ ഫലമായിരുന്നു ഒന്നാം ലോകമഹായുദ്ധം.
റഷ്യ ഈ സാമ്രാജ്യത്വ ശൃംഖലയിലെ ഏറ്റവും ദുർബലമായ കണ്ണിയായിരുന്നു. യുദ്ധം റഷ്യൻ സമ്പദ്‌വ്യവസ്ഥയെ തകർക്കുകയും ദശലക്ഷക്കണക്കിന് സാധാരണക്കാരെ പട്ടിണിയിലേക്ക് തള്ളിയിടുകയും ചെയ്തു. ഫ്യൂഡലിസത്തിന്റെയും കുത്തക സാമ്രാജ്യത്വത്തിന്റെയും സംയോജനത്തോടെ, സാറിസ്റ്റ് റഷ്യക്ക് ഒരു ബൂർഷ്വാ ജനാധിപത്യ വിപ്ലവം ആവശ്യമായിരുന്നു. റഷ്യയിൽ നിന്നുള്ള ഒരു കോടിയിലധികം സൈനികർ, കൂടുതലും സാധാരണ കർഷകർ, യുദ്ധമുന്നണികളിൽ പോരാടി. 1916–17 കാലഘട്ടം, പരിഹരിക്കാനാവാത്ത പ്രതിസന്ധി അവരെ വേട്ടയാടി. റഷ്യയിൽ ഒരു വിപ്ലവകരമായ സാഹചര്യം ഉടലെടുത്തു. റഷ്യൻ പട്ടാളക്കാർ വർധിച്ച തോതിൽ യുദ്ധമുന്നണികൾ ഉപേക്ഷിച്ചു. യുദ്ധക്കളം വിടുകയും ‘സോവിയറ്റുകൾ’ രൂപീകരിക്കുകയും ചെയ്തു. സാറിനെ നീക്കം ചെയ്യാനും അട്ടിമറിക്കാനുമുള്ള ആവശ്യം കനത്തു. സോവിയറ്റുകളുടെ നേതൃത്വത്തിൽ തൊഴിലാളികളും കർഷകരും ആവർത്തിച്ചുള്ള കലാപങ്ങളിൽ സജീവമായി. യുദ്ധത്തിൽ പങ്കെടുക്കുന്നത് അവസാനിപ്പിക്കണമെന്ന് ബോൾഷെവിക്കുകൾ ആവശ്യപ്പെട്ടു. ബ്രിട്ടനും ഫ്രാൻസും മറ്റ് ചില സഖ്യകക്ഷികളും സാറിനുള്ള പിന്തുണ പിൻവലിച്ചു. അവരുടെ യുദ്ധ പദ്ധതികൾക്ക് സാറിസ്റ്റ് ഭരണകൂടം ഫലപ്രദമല്ലെന്ന് കണ്ടെത്തി. സാറിസ്റ്റ് ഭരണകൂടത്തിന് പിന്തുണയില്ലാതെയായി. 1916–17ൽ തലസ്ഥാനമായ പെട്രോഗ്രാഡിൽ തൊഴിലാളികൾ കലാപത്തിൽ പങ്കെടുത്തു. വനിതാ തൊഴിലാളികൾ നയിച്ച പണിമുടക്ക് മാർച്ച് എട്ടോടെ ഒരു ബഹുജന പ്രക്ഷോഭമായി മാറി. അന്താരാഷ്ട്ര വനിതാ ദിനത്തിൽ, മുഴുവൻ വനിതാ തൊഴിലാളികളും എല്ലാ തൊഴിലാളികളും അനിശ്ചിതകാലത്തേക്ക് ജോലി നിർത്തിവച്ചു. സ്വയമേവയുള്ള പ്രക്ഷോഭത്തിൽ, സോവിയറ്റുകൾ എല്ലാ പ്രധാന കേന്ദ്രങ്ങളും പിടിച്ചെടുക്കുകയും സാറിനെ പലായനം ചെയ്യാൻ നിർബന്ധിതനാക്കുകയും ചെയ്തു. താൽക്കാലിക സർക്കാർ നിലവിൽ വന്നു. ജോർജി എൽവോവിനെ പ്രധാനമന്ത്രിയാക്കി. കെറൻസ്കി നീതിന്യായ മന്ത്രിയായിരുന്നു. കാഡറ്റ് പാർട്ടി, മെൻഷെവിക്കുകൾ, സോഷ്യലിസ്റ്റ് റെവല്യൂഷണറി പാർട്ടി, ഒക്ടോബ്രിസ്റ്റുകൾ എന്നിവർ സർക്കാരിൽ ചേർന്നു. ബോൾഷെവിക്കുകൾ ചേരാൻ വിസമ്മതിച്ചു.
1905ലെ റഷ്യൻ വിപ്ലവകാലത്ത് തൊഴിലാളികളുടെയും കർഷകരുടെയും ബഹുജന സംഘടനകളായും അനൗദ്യോഗിക ‘പാർലമെന്റ്’ നിലവിൽ വന്നു. ഒന്നാം ലോകമഹായുദ്ധസമയത്ത് അവർ തൊഴിലാളികളുടെയും കർഷകരുടെയും സൈനികരുടെയും സോവിയറ്റുകളായി മാറി. പെട്രോഗ്രാഡിൽ സാറിസ്റ്റ് വിരുദ്ധ കലാപത്തിന് നേതൃത്വം നൽകിയത് അവരായിരുന്നു, താൽക്കാലിക ഗവൺമെന്റിന്റെ പ്രധാന ശക്തിയും. എന്നാല്‍ സ്വന്തം സർക്കാർ രൂപീകരിക്കാൻ അവർ ബോധവാന്മാരായിരുന്നില്ല. അങ്ങനെ, അധികാരം രണ്ടായി വിഭജിക്കപ്പെട്ട പ്രത്യേക സാഹചര്യം ഉടലെടുത്തു. ബൂർഷ്വാ താൽക്കാലിക സര്‍ക്കാരിന്റെ അധികാരവും സോവിയറ്റുകളുടെ അധികാരവും പരസ്പരം ഇഴചേർന്നിരുന്നു. ചരിത്രത്തിലെ ഒരു അപൂർവ സാഹചര്യം. ലെനിൻ അതിനെ ‘ഇരട്ട ശക്തി’ എന്ന് വിശേഷിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.