
പുരോഗനാത്മകമായ കേരള സമൂഹത്തെ ശിഥിലീകരിക്കാൻ കച്ച കെട്ടിയിറങ്ങിയ ഇരുട്ടിന്റെ ശക്തികളെ ചെറുക്കാൻ നമുക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു സമീപം നിർമ്മിക്കുന്ന അയ്യാ വൈകുണ്ഠസ്വാമി സ്മാരകത്തിന്റെ കല്ലിടൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനും മനുഷ്യനുമിടയിൽ ഒരു വേർതിരിവുമില്ലാതെ സമഭാവനയുടെ സംസ്കാരം തെളിയുന്ന കാലം ഉൗട്ടിയുറപ്പിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിരവധി സമരങ്ങളിലൂടെയാണ് ഇന്നു കാണുന്ന കേരളം രൂപപ്പെട്ടത്. അയ്യാ വൈകുണ്ഠസ്വാമിയെ പോലുള്ളവർ പണിത അടിത്തറയിലാണ് കേരളത്തിന്റെ നവോത്ഥാനം ശക്തി പ്രാപിച്ചത്. എന്തുകൊണ്ടാണ് ഇൗ വർത്തമാന കാലത്ത് ഇങ്ങനെയൊരു സ്മാരകം എന്ന ചോദ്യം ഉയരാം.
വ്യാജ ചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനെതിരെയുള്ള പ്രതിരോധം എന്ന നിലയിലാണ് ഇൗ സ്മാരകം ശ്രദ്ധേയമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓരോ കാലഘട്ടത്തിലും ഓരോ സമൂഹത്തിൽ നിന്നും ആശയങ്ങളും വ്യക്തികളും ഉയർന്നു വരാറുണ്ട്. അതില്‍ അപൂർവം ആശയങ്ങൾ മാത്രമേ കാലത്തെ അതിജീവിച്ചിട്ടുള്ളൂ. എന്നാല്‍ അയ്യാ വൈകുണ്ഠസ്വാമിയുടെ ആശയങ്ങൾ അദ്ദേഹം ജീവിച്ചിരുന്ന കാലത്തേയും നൂറ്റാണ്ടിനെയും കടന്ന് ഇന്നും പ്രസക്തമായി തുടരുകയാണ്. കിഫ്ബി സഹായത്തോടെ 3.16 കോടി രൂപ ചെലവിലാണ് സ്മാരകം നിർമ്മിക്കുന്നത്.
മന്ത്രി സജി ചെറിയാൻ അധ്യക്ഷനായ ചടങ്ങിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വി ശിവൻകുട്ടി, അയ്യാ വൈകുണ്ഠസ്വാമി മഠാധിപതി ബാലപ്രജാപതി അടിഗളാർ, എംഎൽഎമാരായ വി ജോയി, കെ ആൻസലൻ, വി കെ പ്രശാന്ത്, ജി സ്റ്റീഫൻ, എം വിൻസന്റ്, കേരള നവോത്ഥാന സമതി ജനറൽ സെക്രട്ടറി പി രാമഭദ്രൻ, ഡോ. രാജൻ എൻ ഖോബ്രഗഡെ, സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ് അയ്യർ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.