
ഇസ്രയേൽ‑അമേരിക്ക സൈനിക നീക്കത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടുവെന്ന വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. ഖമനെയിയുടെ മകളും മരുമകനും പേരക്കുട്ടിയും വ്യോമക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നു എന്ന വാർത്തകളും പുറത്തുവന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേലും പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുശേഷമാണ് ഖമനേയിയുടെ മരണം ഇറാൻ സ്ഥിരീകരിക്കുന്നത്.
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ രാഷ്ട്രത്തലവനാണ് പരമോന്നത നേതാവ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മത‑രാഷ്ട്രീയ അധികാരസ്ഥാനമാണിത്. പ്രസിഡന്റിനു മുകളിലാണ് ഇറാനില്‍ പരമോന്നത നേതാവിന്റെ സ്ഥാനം. ഇറാന്റെ ഭരണഘടന അനുസരിച്ച്, ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ‘പൊതുനയങ്ങള്‍’ തീരുമാനിക്കുന്നത് പരമോന്നത നേതാവാണ്. അതുമാത്രമല്ല രാജ്യത്തെ സംബന്ധിച്ചും വിദേശനയങ്ങള്‍ സംബന്ധിച്ചുമെല്ലാമുള്ള അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് പരമോന്നത നേതാവ് തന്നെ. സായുധസേനയുടെ കമാന്‍ഡര്‍-ഇന്‍-ചീഫ് പദവിയും പരമോന്നത നേതാവിന് സ്വന്തം. രാജ്യത്തിന്റെ രഹസ്യാന്വേഷണ‑സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണങ്ങള്‍, ജുഡീഷ്യല്‍ സംവിധാനം, ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങള്‍ എന്നിവയെല്ലാം പരമോന്നത നേതാവിന് കീഴിലാണ്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറിന്റെ കമാന്‍ഡറെ നിയമിക്കാനും പിരിച്ചുവിടാനും പരമോന്നത നേതാവിന് അധികാരമുണ്ട്. രാജ്യത്തിന്റെ അധികാരം നിയന്ത്രിക്കുന്ന ഗാര്ഡിയന് കൗണ്‍സില്‍ ഉള്‍പ്പെടെ പ്രധാന സര്‍ക്കാര്‍ സംവിധാനങ്ങളും പരമോന്നത നേതാവിനു കീഴില്‍ തന്നെ.
40 വർഷത്തിലേറെയായി ഇറാന്റെ ആത്മീയ, രാഷ്ട്രീയ ജീവിതത്തിലെ ഒരു പ്രധാന വ്യക്തിയാണ് ആയത്തുല്ല അലി ഖാംനഈ. 1939 ഏപ്രിൽ 19 ന് ജനിച്ച അദ്ദേഹം ഇറാനിലെ മഷ്ഹദിലും ഇറാഖിലെ നജാഫിലും മത പരിശീലനം നേടി. ഇറാനിലേക്ക് മടങ്ങിയ അദ്ദേഹം ഒടുവിൽ കോമിൽ സ്ഥിരതാമസമാക്കി. അവിടെ അയത്തുല്ല ഹൊസൈൻ ബോറുജെർഡി, പിൽക്കാലത്ത് പരമോന്നത നേതാവായി മാറിയ ആയത്തുള്ള റുഹുല്ല ഖുമൈനി തുടങ്ങിയ വ്യക്തികളുടെ കീഴിൽ പഠനം തുടർന്നു. 1960 കളിലും 1970 കളിലും റെസ പഹ്ലവിക്കെതിരായ രഹസ്യ പ്രവർത്തനങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ ഇറാന്റെ രഹസ്യ പോലീസായ സവാക്ക് അദ്ദേഹത്തെ പലതവണ അറസ്റ്റ് ചെയ്യുകയും തടവറയിൽ മർദ്ദനത്തിന് ഇരയാക്കുകയും ചെയ്തു.
ഇറാനെ അനുകൂലിക്കുന്ന സംഘടനകളെ ഒപ്പം നിര്‍ത്തിക്കൊണ്ട് പ്രാദേശിക ശൃംഖല കെട്ടിപ്പടുത്തതിനു പിന്നില്‍ ഖമീനിക്ക് ശക്തമായ പങ്കുണ്ട്. ലെബനനിലെ ഹിസ്ബുള്ളയ്ക്കും യെമനിലെ ഹൂത്തിക്കും ഇറാഖിലെയും സിറിയയിലെയും വിവിധ സായുധസംഘങ്ങള്‍ക്കും സാമ്പത്തികസഹായവും ആയുധവും നല്‍കുന്നതിന്റെ പേരില്‍ ഇറാനും ഖമീനിയും ചിലരാല്‍ സ്വീകാര്യരാവുകയും മറ്റുചിലരാല്‍ അനഭിമതരാവുകയും ചെയ്തിട്ടുണ്ട്. ഇസ്രയേലിനെതിരെ നടത്തുന്ന ഈ നിഴല്‍യുദ്ധങ്ങള്‍ ഇതുവരെയും നേരിട്ടുള്ള പോരാട്ടത്തിലേക്ക് എത്തിയിരുന്നില്ല. പക്ഷെ ഇസ്രയേലിനെയും അമേരിക്കയെയും സൗദി അറേബ്യയെയും വെല്ലുവിളിക്കുന്ന തലത്തിലേക്കെത്തിയിരുന്നു. സായുധസംഘങ്ങളെ ഉപയോഗിച്ചുള്ള ഇത്തരം ആക്രമണങ്ങള്‍ക്കൊപ്പം ഇറാന്റെ ആണവപരിപാടികള്‍, സുരക്ഷാഭീഷണി തുടങ്ങിയ കാരണങ്ങളാലുമാണ് ഇപ്പോള്‍ ഇറാന് ഇസ്രയേലിന്റെ ആക്രമണത്തിനിരയായത്.
ആരാലും ചോദ്യം ചെയ്യപ്പെടാത്ത തരത്തിലാണ് പരമോന്നത നേതാവ് എന്ന പദവി ഖമീനി കയ്യാളിയത്. പ്രസിഡന്റുമാരെയും സൈന്യത്തെയും നിയമസംവിധാനങ്ങളെപ്പോലും ഖമീനി അടക്കിഭരിച്ചു. ആണവ സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്തതോടെ അത് ചുറ്റുമുള്ള രാഷ്ട്രങ്ങളെ അസ്വസ്ഥരാക്കി. ഇതാണ് ഇസ്രയേലും അമേരിക്കയും ഇറാനെതിരെ യുദ്ധം ചെയ്യുവാനുള്ള പ്രധാന കാരണമായി ലോക നേതാക്കൾ കാണുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.